മലയാളത്തിന്റെ 'കില്‍'; സൗഹൃദവും, പ്രണയവും, ചതിയും, പ്രതികാരവുമായി ഒരു വല്ലാത്ത ആക്ഷന്‍ ഡ്രാമ; ഇതുവരെ സ്‌ക്രീനില്‍ കണ്ടിട്ടില്ലാത്ത നാല് കൊച്ചുപിള്ളേര്‍ പൊളിക്കുന്നു; 'കപ്പേളയിലെ' പേര് കാത്ത് സംവിധായകന്‍ മുസ്തഫ; ഇത് ചോരക്കളിയുടെ 'മുറ'

ഇത് ചോരക്കളിയുടെ 'മുറ'

Update: 2024-11-12 12:03 GMT

റോ വയലന്‍സ് എന്നൊരു സാധനമുണ്ടല്ലോ. ആ ഴോണര്‍ ഇഷ്ടമില്ലാത്തവര്‍ക്ക് അത് പിടിക്കില്ല. തമിഴില്‍ പരുത്തിവീരന്‍ തൊട്ട് സുബ്രമണ്യപുരം വരെയുള്ള ഒരുപാട് പടങ്ങളില്‍ കണ്ട സാധനം. ജോജു ജോര്‍ജിന്റെ 'പണി'യിലൊക്കെ കണ്ട അതേ സാധനം. മലയാളത്തില്‍ അത്രക്ക് അങ്ങോട്ട് വന്നിട്ടില്ലാത്ത ആ റോ വയലന്റ് ഴോണറിലാണ്, മുഹമ്മദ്് മുസ്തഫ തന്റെ പുതിയ ചിത്രമായ മുറ ഒരിക്കിയിരിക്കുന്നത്. സൗഹൃദവും, പ്രണയവും, ചതിയും, പ്രതികാരവുമായി ഒരു വല്ലാത്ത ആക്ഷന്‍ ഡ്രാമ. ഇതുവരെ സ്‌ക്രീനില്‍ കണ്ടിട്ടില്ലാത്ത നാല് കൊച്ചുപിള്ളേര്‍ അങ്ങോട്ട് അടിച്ചു പൊളിക്കയാണ്. ഈയിടെ ഹിന്ദിയില്‍ ഹിറ്റായ, വയലന്‍സിന്റെ അതിപ്രസരം മൂലം ഏറെ വിമര്‍ശനവും വിളിച്ചുവരുത്തിയ കില്‍ എന്ന ചിത്രത്തെയാണ്, മുറയുടെ രണ്ടാം പകുതി ഓര്‍മ്മിപ്പിച്ചത്.

'കപ്പേള' എന്ന ഒറ്റ സിനിമകൊണ്ട് ഹൃദയത്തില്‍ കുടിയേറിയ സംവിധായകനാണ് നടന്‍ കൂടിയാണ് മുസ്തഫ. 2015-ല്‍ ഐന്‍ എന്ന സിനിമയ്ക്ക് അഭിനയത്തിന് സ്പെഷ്യല്‍ ജൂറി നാഷണല്‍ അവാര്‍ഡ് കിട്ടിയപ്പോള്‍ ആണ് മുസ്തഫ എന്ന നടനെ ആദ്യമായി ശ്രദ്ധിക്കുന്നത്. തീയേറ്ററില്‍ ആദ്യം അത്രയൊന്നും ശ്രദ്ധിക്കപെടാതെപോയ കപ്പേള, പ്രശസ്ത ബോളിവുഡ് സംവിധായകന്റെ അനുരാഗ് കാശ്യപിന്റെ ഒരു പോസറ്റീവ് ട്വീറ്റിലുടെയാണ് പ്രശസ്തമാവുന്നത്. കപ്പേളയില്‍ തനിക്ക് കിട്ടിയ പേര് രണ്ടാം ചിത്രത്തിലും മുസ്തഫ കാത്തിട്ടുണ്ട്.




കഥയൊക്കെ നന്നായി ബില്‍ഡ് ചെയ്തുകൊണ്ട് വന്ന അവസാനം നിമിഷം കലമുടയ്ക്കുന്ന രീതിയിലായിരുന്നു, ഈ വര്‍ഷം കണ്ട മിക്ക സിനിമകളുടെയും സ്‌ക്രിപ്റ്റ്. പക്ഷേ മുറയുടെ രചന നിര്‍വഹിക്കുന്നത് ഉപ്പും മുളകും ഫെയിം സുരേഷ് ബാബു അതിന് ഇടകൊടുത്തിട്ടില്ല. ഭാവിയുള്ള ഒരു തിരക്കഥാകൃത്താണ് അദ്ദേഹം.

ആദ്യത്തെ 20 മനിട്ട് കാണുമ്പോള്‍ വെറുമൊരു സാദാ ഗുണ്ടാപ്പടം എന്ന ഫീലാണ് തോന്നിയിരുന്നത്. ആവേശത്തിലെ രംഗണ്ണന്റെ മിനിയച്ചേറായ സുരാജ് വെഞ്ഞാറമൂടിന്റെ അനിയും, തിരുവനന്തപുരത്തെ കുറച്ച് 'അഴുക്ക പിള്ളേര്‍' അയാളുടെ സംഘത്തിലെത്തുന്നതുമായി ഒരു ടിപ്പിക്കല്‍ കഥ. പ്രായത്തിന്റെ തിളപ്പും, കുടുബത്തിലെ പ്രശ്നങ്ങളും സാഹചര്യവും മൂലം എങ്ങനെയെങ്കിലും പണം ഉണ്ടാക്കണം എന്ന ആഗ്രഹക്കാരാണ് ഈ പയ്യന്‍മാര്‍. തലസ്ഥാന നഗരിയിലെ പ്രധാന ഗുണ്ടാ സംഘത്തിന്റെ നേതാവാണ് അനിയങ്കിലും അയാളുടെ ബോസ്, രമ ചേച്ചി എന്ന ബിസിനസുകാരിയാണ് ( മാലാ പാര്‍വതി). ഗോഡ് മദര്‍ പോലെ ഒരു കഥാപാത്രം. ഈ ഒരു ഫീമെയില്‍ വില്ലന്‍ റോളുകള്‍ മലയാളത്തില്‍ അധികം വന്നിട്ടില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് അനി ഒരുപാട് കാശ് കിട്ടാന്‍ സാധ്യതയുള്ള ഒരു റിസ്‌ക്കുള്ള പണി ഈ പിള്ളേരെ എല്‍പ്പിക്കുന്നത്. അതോടെ സിനിമ വേറെ ലെവല്‍ ആവുകയാണ്.





ഈ സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ് എന്ന് പറയുന്നത് അതിന്റെ ഛായാഗ്രഹണവും പശ്ചാത്തല സംഗീതവുമാണ്. അതുപോലെ അടുത്തകാലത്ത് കണ്ട ഏറ്റവും നല്ല സ്റ്റണ്ട് കോറിയോഗ്രഫിയാണ് മുറയില്‍. പ്രഭു മാസ്റ്റര്‍ നല്ല അഭിനന്ദനം അര്‍ഹിക്കുന്നു. അവസാന ഘട്ടത്തിലൊക്കെ എത്തുമ്പോള്‍ ചിത്രത്തില്‍ ചോരക്കളി കയറിവരുന്നു. അത് കഥ ആവശ്യപ്പെടുന്നത് തന്നെയാണ്. അയ്യോ, ഞങ്ങള്‍ ഇത്തരം സിനിമ കാണില്ലേ, എന്ന് പറയുന്ന നന്‍മമരങ്ങള്‍ ഇവിടം വിട്ടുപിടിക്കുന്നതാണ് നല്ലത്. വെറും വയലന്‍സ് മാത്രമല്ല, പ്രണയവും, സൗഹൃദവും, ചിരിയും, നൊമ്പരവുമൊക്കെയുള്ളതാണ് ഈ ചിത്രം.

ഹൃദു ഹാരൂണ്‍, അനുജിത്ത് കണ്ണന്‍, യദു കൃഷ്ണന്‍, ജോബിന്‍ ദാസ് എന്നീ പുതുമുഖങ്ങള്‍ ഗംഭീരമായി പെര്‍ഫോം ചെയ്തിട്ടുണ്ട്. പക്ഷേ സുരാജ് വെഞ്ഞാറമൂടിനും, മാലപാര്‍വതിക്കും വല്ലാതെ ഒന്നും ഉയരാന്‍ കഴിഞ്ഞിട്ടില്ല. സുരാജിന്റെ പ്രകടനത്തില്‍ ആ അനായാസത തോന്നില്ല. ഒരു മസിലുപിടുത്തം പ്രകടം. സിന്ദൂരക്കുറിയണിഞ്ഞ് മുണ്ടും ഷര്‍ട്ടുമിട്ടുവരുന്ന ആ കഥാപാത്രത്തിന് പക്ഷേ അടുത്തകാലത്തെ സുരാജ് കഥാപാത്രങ്ങളെ വെച്ചുനോക്കുമ്പോള്‍ ഒരു വ്യത്യസ്തയുണ്ട്.

അതുപോലെ ഇത്രയും ഡെപ്തുള്ള ഒരു കഥാപാത്രത്തെ മാലാ പാര്‍വതിക്ക് പുര്‍ണ്ണമായും ഉള്‍ക്കൊള്ളാനായോ എന്നും സംശയമുണ്ട്. അല്ലെങ്കിലും കവിയൂര്‍ പൊന്നമ്മ മോഡല്‍ 'പൂമുഖ വാതില്‍ക്കലെ പൂന്തിങ്കളാവുന്ന' ഭാര്യ- അമ്മ കഥാപാത്രങ്ങളല്ലാതെ, ഒരു ഗോഡ് മദര്‍ ടൈപ്പ് റോളൊന്നും ചെയ്യാന്‍ പറ്റിയവര്‍ ഇന്ന് മലയാള മഡില്‍ ഏജ്ഡ് നടിമാര്‍ക്കിടയില്‍ ഇല്ല. വാണി വിശ്വനാഥ്, ബിന്ദുപണിക്കര്‍ എന്നിവരൊക്കെയാണ് ഇത്തരം നെഗറ്റീവ് ഷേഡുകളില്‍ പിടിച്ചുനിന്നുട്ടുള്ളവര്‍. ഇതേ കുഴപ്പം കനി കുസൃതിയുടെ നഴ്സ് കഥാപാത്രത്തിനുമുണ്ട്. ഒരു ഊര്‍ജക്കുറവ് പ്രകടം. ആ കഥാപാത്രവും അങ്ങനെതന്നെയാണെന്ന് മറന്നുകൊണ്ടല്ല ഇത് എഴുതുന്നത്.




എന്തായാലും ഒരുകാര്യം ഉറപ്പാണ്. കഴിവുള്ള സംവിധായകനാണ് മുസ്തഫ. നല്ല സ്‌ക്രിപ്റ്റ് കിട്ടിയാല്‍ ലിജോ ജോസ് പെല്ലിശ്ശേരി പോലെയൊക്കെ കള്‍ട്ടായി വളരാന്‍ കാലിബറുള്ള ഒരു ഡയറക്ടര്‍. മുറ അത് തെളിയിക്കുന്നു.

വാല്‍ക്കഷ്ണം: 'പണി'ക്കുപിന്നാലെ മുറയും ഇറങ്ങിയതോടെ, സോഷ്യല്‍ മീഡിയയില്‍ ചിലരുടെ നിലവിളി മലയാള സിനിമ വയലന്‍സിലേക്ക് പോവുന്നേ എന്നാണ്. സിനിമ സോദ്ദേശ സാഹിത്യമല്ല. പസോളിനി തൊട്ട് കിംകിഡുക്ക് വരെയുള്ളവരുടെ ചിത്രങ്ങളിലെ വയലന്‍സിന് മുന്നില്‍ ഇതൊന്നും ഒന്നുമല്ല. സിനിമയില്‍ വയലന്‍സ് ഉള്ളതുകൊണ്ട് യുവാക്കള്‍ വഴിതെറ്റിപോവുമെന്നതൊക്കെ തെറ്റിദ്ധാരണ മാത്രമാണ

Tags:    

Similar News