പൊലീസാണോ, മാവോയിസ്റ്റുകളാണോ ശരി? വീണ്ടും വിമോചന രാഷ്ട്രീയവുമായി വെട്രിമാരന്‍; വിജയ് സേതുപതിക്കൊപ്പം തിളങ്ങി മഞ്ജുവാര്യരും; ഇളയരാജയുടെ ശക്തമായ തിരിച്ചുവരവ്; വിടുതലൈ-2 ഒരു അസാധാരണ ചിത്രം

വിടുതലൈ-2 ഒരു അസാധാരണ ചിത്രം

Update: 2024-12-28 15:55 GMT

വെട്രിമാരന്‍! സമകാലീന ഇന്ത്യന്‍ ചലച്ചിത്രകാരന്‍മ്മാരില്‍ ഇത്രയേറെ കാമ്പുള്ള ചിത്രങ്ങള്‍ എടുത്ത സംവിധായകന്‍ വേറെയില്ല. അര്‍ത്ഥശൂന്യമായ കൊണ്ടാട്ടങ്ങളും, ഡപ്പാക്കൂത്തുകളുമല്ല, വെട്രിമാരന്‍ സിനിമകള്‍. അടിച്ചമര്‍ത്തപ്പെട്ടവന്റെ കൃത്യമായ രാഷ്ട്രീയമാണ് അത് പറയുന്നത്. ആ 2007-ല്‍ ധനുഷിനെ കേന്ദ്ര കഥാപാത്രമാക്കിയ ആദ്യ ചിത്രമായ 'പൊല്ലാതവന്‍' തൊട്ട് , തമിഴകത്തെ ഈ പൊളിറ്റിക്കല്‍ ഡയറക്ടര്‍ പിടിച്ചുകുലുക്കയാണ്. 2011-ല്‍ പുറത്തിരങ്ങിയ ആടുകളമാണ് വെട്രി സംവിധാനം ചെയ്ത രണ്ടാമത്തെ ചലച്ചിത്രം. ഇതിന് ആറ് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളാണ് ലഭിച്ചത്. 2016-ല്‍ പുറത്തിറങ്ങിയ വിസാരണൈ എന്ന ചലച്ചിത്രം ആ വര്‍ഷം ഇന്ത്യയില്‍ നിന്ന് അക്കാദമി പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടു. തുടര്‍ന്ന് വന്ന ധുനുഷിന്റെ അസുരനും വെട്രിയുടെ കീര്‍ത്തി ഉയര്‍ത്തി. അതിനുശേഷമാണ് വിടുതലൈ ഒന്ന് എത്തുന്നത്. അതും കലാപരമായും കച്ചവടപരമായും ഒരുപോലെ വിജയിച്ചിരുന്നു.

ഇന്ന് രാജ്യത്ത് തന്നെ അടിസ്ഥാന വര്‍ഗത്തിന്റെയും, ജാതിയുടെയും, രാഷ്ട്രീയം വരുന്ന സിനിമയെടുക്കുന്ന അപൂര്‍വം സംവിധായകരിലൊരാളാണ് വെട്രിമാരന്‍. വിടുതലൈ ഒന്നില്‍ നമ്മെ ഞെട്ടിച്ച, അതേ പൊളിറ്റിക്സ് തന്നെയാണ് അദ്ദേഹം വിടുതലൈ 2-ല്‍ പറയുന്നത്. ഒന്നാം ഭാഗത്തില്‍ സൂരിയുടെ കുമരേശന്‍ എന്ന പാവം പൊലീസ് ഡ്രൈവറായിരുന്നു മുഖ്യകഥാപാത്രമെങ്കില്‍, രണ്ടാം ഭാഗത്തില്‍ അത് വിജയ് സേതുപതിയുടെ പെരുമാള്‍ എന്ന നക്സല്‍ നേതാവാണ് കളം നിറഞ്ഞാടുന്നത്. നല്ല സിനിമയെ സ്നേഹിക്കുന്നവര്‍, നിര്‍ബന്ധമായും കാണേണ്ട പടമാണ് വിടുതലൈ. വെറുമൊരു അവാര്‍ഡ് പടമോ, ബുദ്ധിജീവി പടമോ അല്ല ഈ ചിത്രം. ഒരു സെക്കന്‍ഡുപോലും ബോറടിപ്പിക്കാതെ, പടത്തെ ക്രമേണെ ഉയര്‍ത്തി ഉയര്‍ത്തിക്കൊണ്ടുപോയി, ക്ലൈമാക്സില്‍ ശരിക്കും ഒരു വെടിക്കട്ടു തന്നെ നല്‍കുന്നുണ്ട് സംവിധായകന്‍.

പ്രശസ്ത എഴുത്തുകാരന്‍, ബി ജയമോഹന്റെ 'തുണൈവന്‍' എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. 80-കളില്‍ തമിഴ്നാട്ടിലെ ഒരു ഉള്‍ഗ്രാമത്തില്‍ നടക്കുന്ന അടിച്ചമര്‍ത്തലുകളുടെയും ചെറുത്തുനില്‍പ്പുകളുടെ കഥയാണ് വിടുതലൈ ഒന്നാം ഭാഗം പറയുന്നത്. സൂരി എന്ന നടന്റെ കരിയര്‍ ബെസ്റ്റായിരുന്നു ഈ ചിത്രം. ഒന്നാംഭാഗം അവസാനിക്കുന്നത് മാവോയിസ്റ്റ് നേതാവായിരുന്നു പെരുമാള്‍ എന്ന വിജയ് സേതുപതിയുടെ കഥാപാത്രം പിടിയിലാവുന്നതോടെയാണ്. എന്നാല്‍ എങ്ങനെയാണ്, നക്സലുകള്‍ ഉണ്ടാവുന്നത് എന്ന കഥയാണ് രണ്ടാം ഭാഗം പറയുന്നത്. അവിടെ സൂരിയുടെ കുമരേശന്‍ എന്ന പൊലീസുകാരന് ക്ലൈമാക്സിലല്ലാതെ കാര്യമായ റോളില്ല.


 



മൂന്ന് ഭാഗങ്ങളായി എഡിറ്റ് ചെയ്ത് കയറ്റിയാണ് കഥ മുന്നോട്ടുപോവുന്നത്. ഇടക്കിടെ ഈ മൂന്നിടത്തേക്കുമുള്ള കുഴമറിച്ചിലാണ് ചിത്രത്തിന്റെ ബ്യൂട്ടി.

ഒന്ന് പെരുമാളിന്റെ ഫ്ളാഷ് ബാക്ക്. രണ്ട് കാട്ടിലൂടെ പെരുമാളിനെയും കൊണ്ട് പോവുന്ന പൊലീസ് സംഘത്തിന്റെ അവസ്ഥ. മൂന്ന് ഇതിനൊക്കെ നിയന്ത്രിക്കുന്ന ചീഫ് സെക്രട്ടറിയുടെയും ഉയര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള ഉയര്‍ന്ന ഔദ്യോഗിക കേന്ദ്രത്തിന്റെ റിയാക്ഷന്‍. പെരുമാളിനെ അറസ്റ്റ്ചെയ്ത്, രാത്രി സത്യമംഗലം കാട്ടിലുടെ നടന്നുപോവുന്ന പൊലീസ് സംഘത്തിന് വഴിതെറ്റുകയാണ്. അതോടെ രക്ഷപ്പെടാനായി പൊലീസിന് ആശ്രയിക്കേണ്ടി വരുന്നത്, കാടിനെ കൈവെള്ളപോലെ അറിയാവുന്ന പെരുമാളിനെയാണ്.

യാത്രക്കിടെ അയാള്‍ തന്റെ കഥ പൊലീസുകാരോട് പറയുന്നു. ഒരുഘട്ടത്തില്‍ വിക്രം വേദപോലെ ചിത്രം മാറുന്നുണ്ട്. നടന്നുപോവുന്നതിനിടെ പൊലീസുകാരോട് വിജയ് സേതുപതിയുടെ പെരുമാള്‍ തമിഴില്‍ ചോദിക്കയാണ്. -''നിങ്ങള്‍ ഒരു റോഡിലുടെ വണ്ടിയോടിക്കുന്നുവെക്കുക. പെട്ടെന്ന് വണ്ടിക്ക് ബ്രേക്ക് പോകുന്നു. വലതുഭാഗത്തേക്ക് വണ്ടി തിരിച്ചാല്‍ അഞ്ചുപേര്‍ കൊല്ലപ്പെടും. ഇടതുഭാഗത്തേക്ക് തിരിച്ചാല്‍ ഒരാള്‍ മരിക്കും. അപ്പോള്‍ നിങ്ങള്‍ എന്തുചെയ്യും.''- പൊലീസുകാര്‍ ഇടതുഭാഗം എന്ന് നിസ്സംശയം പറയുമ്പോള്‍, പെരുമാള്‍ പറയുന്നത്. അതുതന്നെയാണ് ഞങ്ങളും ചെയ്യുന്നത് എന്നാണ്. ഇതുപോലെ കുറിയ്ക്ക്കൊള്ളുന്ന ഡയലോഗുകള്‍ ചിത്രത്തില്‍ ഒരുപാടുണ്ട്.

വിജയ്സേതുപതിയുടെ ഭാര്യയായിട്ടാണ് മഞ്ജുവാര്യര്‍ എത്തുന്നത്. ചെറിയ ചെറിയ സംഭാഷണത്തിലുടെയും നോട്ടത്തിലുടെയുമുള്ള അവരുടെ പ്രണയം, വെട്രി മനോഹരമായി എടുത്തിട്ടുണ്ട്. നേരത്തെ 'വേട്ടയ്യനില്‍' സാക്ഷാല്‍ രജനികാന്തിന്റെ പത്നിയായിരുന്നു മഞ്ജു. മലയാളത്തിന്റെ പഴയ ലേഡിസൂപ്പര്‍സ്റ്റാറിന് തമിഴകത്തും തിരക്കേറുകയാണ്. അനുരാഗ് കശ്യപ്, കിഷോര്‍, ഗൗതം വാസുദേവ് മേനോന്‍, രാജീവ് മേനോന്‍, ചേതന്‍ എന്നിങ്ങനെ മറ്റ് പ്രധാനവേഷങ്ങളില്‍ വേഷമിട്ട എല്ലാവരും തിളങ്ങിയിട്ടുണ്ട്. വിജയ് സേതുപതി ഒരു ചിത്രത്തില്‍ നന്നായോ, എന്ന് ചോദിക്കുന്നത് സത്യത്തില്‍ ആ നടനെ അപമാനിക്കുന്നതിന് തുല്യമാണ്. ഏകപക്ഷീയമായി നായകനെ ഗ്ലോറിഫൈ ചെയ്യുന്ന പടമല്ല ഇത്.


 



വെട്ടിക്കൊലയും, വെടിവെപ്പുമൊക്കെയായി, ചോര ഒരുപാട് വീഴുന്ന സിനിമയാണിത്. ഇവിടെ ഭീകരരംഗങ്ങള്‍ എല്ലാം ബ്ലര്‍ ചെയ്താണ് കാണിക്കുന്നത്. മലയാള സിനിമക്ക് അടക്കം മാതൃകയാക്കാവുന്ന ഒന്നാണിത്. അതുപോലെ ചെങ്കൊടികാണിക്കുമ്പോള്‍ ചിഹ്നമൊക്കെ ബ്ലര്‍ ചെയ്യുന്നുണ്ട്. ചിത്രത്തില്‍ ഏറ്റവും എടുത്തുപറയേണ്ടത്, ഇളയരാജയുടെ മ്യൂസിക്കാണ്. പഴയ പ്രതാപകാലത്തെ ഓര്‍മ്മിക്കുന്ന, നൊസ്റ്റാള്‍ജിക്കായ തന്റെ റോ റൂറല്‍ ശബ്ദത്തില്‍ ഒരുപാട്ടും 'ഇസൈജ്ഞാനി' പാടിയിട്ടുണ്ട്. റഹ്‌മാന്‍- അനിരുദ്ധ് തരംഗത്തില്‍ താഴോട്ടുപോയ ഇളയരാജയുടെ അതിശക്തമായ തിരിച്ചുവരവാണ് ചിത്രം.

ക്ലൈമാക്സിലാണ് ചിത്രം വേറെ ലെവലിലേക്ക് ഉയരുന്നത്. 20 മിനുട്ടിലേറെ നീണ്ടുനില്‍ക്കുന്ന ആ രംഗം കണ്ടുകഴിഞ്ഞാല്‍, നമുക്ക് തോന്നിപ്പോവും. ആരുടെ ഭാഗത്താണ് ശരി, നക്സലുകളോ പൊലീസോ? പക്ഷേ ഇതൊരിക്കലും നക്സലിസത്തെ വെള്ളപുശുന്ന പ്രൊപ്പഗന്‍ഡാ മൂവിയായി നമുക്ക് തോന്നുകയുമില്ല. അതാണ് സംവിധായകന്റെ മിടുക്ക്.

വാല്‍ക്കഷ്ണം: ഇന്ത്യയില്‍ നിലനില്‍ക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് സെന്‍സര്‍ കട്ടില്ലാതെ ഈ ചിത്രം വെളിച്ചത്ത് എത്തിയത്. നമ്മുടെ രാഷ്ട്രീയ നേതൃത്വവും, പൊലീസും ചേര്‍ന്ന് നടത്തുന്ന ഭരണകൂട ഭീകരത 'വിടുതലൈ' വെളിച്ചത്ത് കൊണ്ടുവരുന്നുണ്ട്.

Tags:    

Similar News