പി പി അജേഷായി ബേസിലിന്റെ അര്‍മാദം; മരിയാനോ എന്ന ഭീകരനായി അവേശത്തിലെ അമ്പാന്റെ വേഷപ്പകര്‍ച്ച; സ്റ്റെഫി ഗ്രാഫായി തിളങ്ങി ലിജോ മോളും; ലത്തീന്‍ കടല്‍ ജീവിതങ്ങളുടെ നഗ്നമായ ആവിഷ്ക്കാരം; ജി ആര് ഇന്ദുഗോപന്റെ കിടിലന്‍ കഥക്ക് ഒത്ത സംവിധാനം; തനി തങ്കമായി ഈ പൊന്മാന്!
ഒറ്റയിരുപ്പിന് വായിച്ചു തീര്‍ത്ത് നോവലാണ് ജി ആര് ഇന്ദുഗോപന്റെ 'നാലഞ്ച് ചെറുപ്പക്കാര്‍'. വായിച്ച് കുറേക്കാലം കഴിഞ്ഞിട്ടും അജീഷും, മരിയാനോയും, ബ്രൂണോയും ഒക്കെ ചേര്‍ന്ന ഒരു കൂട്ടം ചെറുപ്പക്കാരും, തലവെട്ടിച്ചിറ എന്ന ഗ്രാമവുമൊക്കെ മനസ്സില്‍ നിറഞ്ഞു നിന്നു. പക്ഷേ ആ വായനാനുഭവത്തെ അതിനേക്കാള്‍ ഗുമ്മാക്കി സിനിമയാക്കിയിരിക്കയാണ് പൊന്മാന് എന്ന ചിത്രത്തിലൂടെ നവാഗതനായ ജ്യോതിഷ് ശങ്കര്‍. രണ്ട് സറ്റേറ്റ് ആവാര്‍ഡുകള്‍ വാങ്ങിയ ഈ ആര്‍ട്ട് ഡയര്ക്ടര് സംവിധാനത്തിലേക്ക് തിരിഞ്ഞത് വെറുതെ ആയില്ല. ആദ്യ ചിത്രം കിടുവാണ്.
മലയാള സിനിമയുടെ ഏറ്റവും വലിയ പ്രശ്നം, നല്ല ക്യാമറാന്മ്മാരോ, എഡിറ്റര്‍മാര്‍,ഡയറക്ടേഴ്സോ, മ്യൂസീഷന്സോ ഇല്ലാത്തതതല്ല. കാമ്പുള്ള ജീവനുള്ള കഥകള്‍ ഇല്ലാത്തതാണ്. അവിടെയാണ് ഇന്ദുഗോപനെപ്പോലുള്ള സാഹിത്യകാരന്മ്മാരുടെ പ്രസക്തി. നേരത്തെ, ഇന്ദുഗോപന്റെ 'തെക്കന്‍ തല്ലുകേസ്' അടക്കമുള്ള സിനിമകള്‍ ആവറേജില്‍ ഒതുങ്ങിപ്പോവുകയായിരുന്നു. പക്ഷേ പെന്മാന് ഇന്ദുവിനും മലയാള ചലച്ചിത്രലോകത്തേക്കുള്ള ബ്രേക്കാവും.
കൊല്ലം കടപ്പുറത്തേയും മണ്‍റോ തുരുത്തിലേയും ലത്തീന്‍ ജീവിതങ്ങളായതുകൊണ്ടുതന്നെ പി പി അജേഷിനൊഴികെ കഥാപാത്രങ്ങളില്‍ പലതിനും മലയാളം തൊടാത്ത പേരുകളുണ്ട്. മരിയാനോയും സ്റ്റെഫിഗ്രാഫും മാത്രമല്ല ടെറന്‍സ് ബ്രൂണോയും ലൂസിയമ്മ അതില്‍പെടും. അതിന്റെ കൂടെ നാടകങ്ങളില്‍ കര്‍ത്താവിന്റെ വേഷം കെട്ടാന്‍ മാര്‍ക്കണ്ഡേയ ശര്‍മയും! അങ്ങനെ അതി രസകരമായാണ് ചിത്രം മുന്നോട്ട് പോവുന്നത്.
കട്ട ലോക്കല്‍ കടലോര ജീവിതങ്ങള്‍
കൊല്ലത്തും മണ്‍റോ തുരുത്തിലുമുള്ള കട്ട ലോക്കല്‍ ലാറ്റിന്‍ ജീവിതങ്ങളിലൂടെയാണ് ചിത്രം കടന്നുപോവുന്നത്. കൊല്ലമാണ് കഥാ പരിസരമെങ്കിലും പൊന്ന് ഇടപെട്ടിട്ടുള്ള കല്യാണങ്ങള്‍ നടത്തിയ എല്ലാവര്ക്കും കഥ പിടികിട്ടും. കൊല്ലം നഗരവും ചുറ്റുപാടുകളും കാണിച്ച്, സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന് വര്‍ഗ്ഗീസ് സംഗീതം നല്‍കിയാണ് ചിത്രത്തുടക്കം. ഒരു പണിയുമല്ലാതെ പാര്‍ട്ടിക്കുവേണ്ടി തല്ലാനും കൊല്ലാനും നടക്കുന്ന, ബ്രൂണോയിലൂടെയാണ് ( ചിത്രത്തില്‍ ആനന്ദ് മന്മഥന്) കഥ തുടങ്ങുന്നത്. പള്ളിയുടെ മതിലില്‍ ഒട്ടിച്ച പാര്‍ട്ടിയുടെ പോസ്റ്റര്‍ കീറിയ കപ്യാരെ ബ്രൂണോ തല്ലിയത് വലിയ പ്രശ്നമാവുന്നു. പള്ളിക്കാര് ചര്‍ച്ചക്ക് വിളിച്ചിട്ടും, പാര്‍ട്ടിക്കാരുടെ പതിവ് ധാര്‍ഷ്ട്യമാണ് ബ്രൂണോയെ നയിക്കുന്നത്. അയാള്‍ മാപ്പുപറയാതെ എല്ലാം പാര്‍ട്ടി നോക്കിക്കോളും എന്ന ലൈന്‍ എടുക്കുന്നു.
പക്ഷേ മതപ്പണിയാണെല്ലോ ഇപ്പോള്‍ പാര്‍ട്ടിപ്പണി. വോട്ടുപോവുമെന്ന് ഭയന്ന് പാര്‍ട്ടി ബ്രൂണോയെ സസ്പെന്‍ഡ് ചെയ്യുന്നു. ഇതിനിടയിലാണ് ബ്രൂണോയുടെ സഹോദരി സ്റ്റെഫിഗ്രാഫിന്റെ ( ചിത്രത്തില്‍ ലിജോമോള്‍) വിവാഹം വരുന്നത്് 25 പവന് കൊടുക്കാമെന്നാണ് പറഞ്ഞിരിക്കുന്നതെങ്കിലും കൈയില്‍ പത്തുപൈസയില്ല. പക്ഷേ മരിച്ചുപോയ അപ്പന് ധാരാളം കൊടുത്തിരിക്കുന്നതിനാല്‍, കല്യാണ പാര്‍ട്ടി കഴിഞ്ഞാല്‍ പണം കൊടുക്കാമെന്ന് ആത്മവിശ്വാസം ആ കുടുംബത്തിനുണ്ട്.
പക്ഷേ തലേന്ന് വധുവിന് അണിഞ്ഞ് ഒരുങ്ങിനില്‍ക്കാന്‍ സ്വര്‍ണ്ണം നേരത്തെ കിട്ടണം. അത് എങ്ങനെ സംഘടിപ്പിക്കും. അപ്പോഴാണ് നമ്മുടെ ബേസിലിന്റെ പൊന്മാന് എന്ന കനക മനുഷ്യന്റെ രംഗപ്രവേശം. ഇത്തരം കല്യാണ വീടുകളിലേക്ക് സ്വര്‍ണ്ണം കൊടുത്ത്, രാത്രി പാര്‍ട്ടി കഴിഞ്ഞ് ആ പണവുമായി പോവുന്ന, ഒരു മൊബൈല്‍ ജ്വല്ലറിയാണ് ആ കഥാപാത്രം. പക്ഷേ അവര്‍ പ്രതീക്ഷിക്കുന്നതുപോലെയൊന്നുമല്ല കാര്യങ്ങള്‍ നീങ്ങുന്നത്. സെക്കന്റ് ഹാഫില്‍ സിനിമയുടെ ടെമ്പര്‍ മാറുന്നു. കാര്യങ്ങള്‍ എരിപൊരിയാവുകയാണ്. ഒരിടത്തും ലാഗില്ലാതെയാണ് സംവിധായകന് ജ്യോതിഷ് ശങ്കര്‍ ചിത്രം മുന്നോട്ട് കൊണ്ടുപോവുന്നത്. മണ്‍റോ തുരുത്തിലെ ഒരു കല്യാണ വീട്ടില്‍ എത്തിപ്പെട്ട അതേ ഫീല്‍ ആണ് ചിത്രത്തില്‍ ഉടനീളം.
ബേസിലും അമ്പാനും പൊളിക്കുമ്പോള്‍
ഇപ്പോള്‍ മലയാളത്തില്‍ പൊന്നും വിലയുള്ള താരമായി മാറുകയാണ് ബേസില്‍ ജോസഫ് എന്ന യുവ സംവിധായകന്. അടുത്തകാലത്തായി പുള്ളി ടൈപ്പായി മാറുന്ന എന്ന വലിയ പരാതിയുണ്ടായിരുന്നു. പ്രാവില്കൂട് ഷാപ്പ് എന്ന ഈ വര്‍ഷത്തെ ആദ്യ സിനിമയില്‍ അടക്കം ആ പഴി ബേസില്‍ കേട്ടു. മാത്രമല്ല ഓവര്‍ ആക്റ്റിങ്ങിന്റെ പേരിലും ബേസില്‍ വിമര്‍ശിക്കപ്പെട്ടു. എന്നാല്‍ പൊന്മാനില് ഒറ്റയടിക്ക് ഈ ആരോപണങ്ങളെയെല്ലാം തേച്ച് മാച്ച് കളയാല്‍ ബേസിലിന്റെ പി പി അജേഷിനായി.
കാരണവന്മ്മരായി പത്തുപൈസ ഉണ്ടാക്കിയിട്ടില്ലെങ്കിലും കിട്ടാവുന്ന ഓരോ നിമിഷവും അടിച്ച് പൊളിക്കുന്ന അല്ലാത്തപ്പോള്‍ ഫൈറ്റ് ചെയ്യുന്ന, തനിക്ക് കിട്ടാനുള്ള പൊന്നിനായി നിര്‍ഭയനായി ഏത് ഭീകരന്റെ താവളത്തിലും പോയി നിവര്‍ന്ന് നിന്ന് കാര്യം പറയുന്ന, വയറിന് കുത്തേറ്റ് ചോര ചാലുപോലെ പുറത്തേക്കൊഴുകുമ്പോഴും കുത്തിയവനെ നോക്കി 'നീ ഇത്രക്കേ ഉള്ളുവെടാ' എന്ന് വിളിച്ചു പറയുന്ന, ഇടക്കിടെ വലതുകൈ ഇട നെഞ്ചിലിടിച്ച് 'പി പി അജേഷാടാ ഞാന്‍ അജേഷ്്' എന്ന് പറയുന്ന ആ പൊന്മാന് കഥാപാത്രം നാളിതുവരെയുള്ള ബേസില്‍ നായകരില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്. അല്‍പ്പം എക്സെന്‍ട്രിക്കായ കഥാപാത്രങ്ങളെയാണ് ബേസിലിന് പലപ്പോഴും കിട്ടാറുള്ളത്. പക്ഷേ ഈ പി പി അജേഷിന്റെ അരവട്ടുകള് അയാളുടെ ജീവിതവുമായി അടുത്ത ബന്ധമുള്ളതാണ്. അയാളുടെ ധൈര്യത്തിനും നിര്‍ഭയത്വത്തിനും, കമ്പനികൂടുമ്പോള്‍ ബോധംപോവുന്നതുവരെയുള്ള അമിത മദ്യപാനത്തിനുമൊക്കെ കൃത്യമായ കാരണവുമുണ്ട്. ഒരേ സമയം ചിരിപ്പിക്കാനും, കണ്ണു നിറപ്പിക്കാനും പി പി അജേഷിന് ആവുന്നുണ്ട്.
അതുപോലെ തകര്‍ത്ത കഥാപാത്രമാണ് ആവേശത്തിലെ അമ്പാനായി വന്ന സജിന്‍ ഗോപുവിന്റെ മരിയാനോ. ലുക്കില്‍ തന്നെ കൃത്യമായ ഭീകരതകൊണ്ടുവരാന് മരിയാനോക്ക് കഴിഞ്ഞു. ആവേശത്തില്‍ നമ്മെ ചിരിപ്പിച്ച അമ്പാന്റെ കഥാപാത്രവും, ഇതിലെ ചെമ്മീന്‍ കെട്ടുകാരനായ മരിയാനോയെയും ഒന്നും താരതമ്യം ചെയ്താല്‍ അറിയാം സജിന്‍ ഗോപുവിന്റെ റേഞ്ച്. ടൈപ്പാവാതെ കഥാപാത്രങ്ങളെ ശ്രദ്ധിച്ച് തെരഞ്ഞെടുത്താല്‍, കലാഭവന്‍ മണിയുടെയും മനോജ് കെ ജയന്റെയുമൊക്കെ റേഞ്ചിലേക്ക് ഉയരാവുന്ന നടനാണ്, സജിന്‍ ഗോപു.
ചിത്രത്തില്‍ സ്റ്റെഫി ഗ്രാഫ് എന്ന പേരുള്ള നായികയെ ലിജോമോള്‍ വളരെ ഭംഗിയായാണ് അവതരിപ്പിക്കുന്നത്. പുരുഷന്മാരുടെ ലോകത്ത് എങ്ങനെയാണ് സ്ത്രീ പണയവസ്തുവായി മാറുന്നത് എന്ന് അവള് കൃത്യമായി അഭിനയിച്ച് ഫലിപ്പിക്കുന്നുണ്ട്. സ്റ്റെഫിയുടെ അമ്മയായി വരുന്ന ധന്യാരാജേന്ദ്രനടക്കമുള്ളവര്ക്കുമുണ്ട് ഇതേ കൈയടക്കം. ചിലപ്പോള്‍ ഈ അമ്മ കഥാപാത്രം കണ്ണുനിറയ്ക്കും, ചിലപ്പോള്‍ അവര്‍ പറ്റിക്കയാണെന്ന് തോന്നിപ്പോവും. ആനന്ദ് മന്മഥന് എന്ന യുവ നടനും ബ്രേക്കാവും ഈ ചിത്രത്തിലെ ബ്രൂണോ. നമുക്ക് പരിചിതമായ കഥാപാത്രമാണ്. ദീപക് പറമ്പോല്‍, രാജേഷ് ശര്‍മ്മ, സന്ധ്യ രാജേന്ദ്രന്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു തുടങ്ങിയവരുടെ അഭിനയവും പ്രശംസ അര്‍ഹിക്കുന്നതാണ്. ഇത്തരം സിനിമകളില്‍ മിസ് ചെയ്യുന്ന ഒരാളാണ് തട്ടില്‍ വിനോദ്. അതുപോലെ ജോണി ആന്റണിയും. ഇവര്‍ രണ്ടുപേര്‍ കൂടിയുണ്ടെങ്കില്‍ ക്വാറം തികഞ്ഞേനെ!
പെണ്ണായാല്‍ പൊന്ന് വേണോ?
ഇതോടൊപ്പം ഒരു വലിയ സാമൂഹിക പ്രശ്നത്തെയും ചിത്രം അഭിസംബോധന ചെയ്യുന്നുണ്ട്. അതാണ് സ്ത്രീധനം നിരോധിച്ചിട്ടും സ്വര്‍ണ്ണത്തിന്റെ പേരില്‍ കുടുംബം അനുഭവിക്കുന്ന പ്രശ്നങ്ങള്‍. കുറേ ഏറെ മാറിയെങ്കിലും, നമ്മുടെ ഗ്രാമങ്ങളില്‍ ഇന്നും പൊന്നിന്റെ അടിസ്ഥാനത്തിലാണ് വിവാഹ മാര്‍ക്കറ്റ് നീങ്ങുന്നത്. ആ വൃത്തികെട്ട സിസ്റ്റത്തിന്റെ ഇരകളാണ് പൊന്മാന് സിനിമയിലെ എല്ലാവരും. മരിയാനോ 25 പവന് കണക്ക് പറഞ്ഞ് വാങ്ങുന്നത്, അളിയനുള്ള കുടിശ്ശിക കൊടുക്കാനും അവശേഷിക്കുന്ന പെങ്ങളെ കെട്ടിക്കാനുമാണ്. മറ്റൊരു രീതിയില്‍ സിസ്റ്റത്തിന്റെ ഇരയാണ് അയാളും. അതേ സിസ്റ്റം പകര്‍ന്നു നല്കിയ ടോക്സിക്ക് മസ്കുലിനിറ്റി അയാള്‍ക്ക് ആവോളമുണ്ട്.
അന്തസിന്റെയും ആഭിജാത്യത്തിന്റെയും പേരിലാണ് ഈ പരിപാടി കൊഴുക്കുന്നത്. കല്യണ സമ്മാനമായി 500 കിട്ടായാല്‍ തിരിച്ച് അറുനൂറ് കൊടുക്കുന്നതാണ് അന്തസ് എന്നാണ് കൊല്ലത്തെ കല്യാണത്തെക്കുറിച്ച് പി പി അജേഷ് പറയുന്നത്. അയാളുടെ റിങ്ങ് ടോണ്‍ തന്നെ പെണ്ണായാല്‍ പൊന്നുവേണം എന്നാണ്. എന്നിട്ട്ക ഥാന്ത്യത്തില് ഈ കഥാപാത്രങ്ങള്‍ക്ക് സംഭവിക്കുന്ന പരിണാമത്തിലാണ് ചിത്രത്തിന്റെ മൂല്യം കിടക്കുന്നത്.
പക്ഷേ ഈ കഥയിലെ സാമൂഹ്യസാഹചര്യം അല്‍പ്പം പഴഞ്ചനായിപ്പോയോ എന്ന ആശങ്കയുണ്ട്. പെണ്ണിനെ കിട്ടാന്‍ ക്ഷാമമില്ല, പൊന്ന് കിട്ടാനാണ് പ്രയാസം എന്ന ്മട്ടിലുള്ള ഒരു ഡയലോഗ് ചിത്രത്തില്‍ മരിയാനോ പറയുന്നുണ്ട്. പക്ഷേ കേരളത്തിലെ കാര്യങ്ങള്‍ നേരെ തിരിച്ചല്ലേ? ഇപ്പോള്‍ മിഡില്‍ക്ലാസ് ഫാമിലികളില്‍ അടക്കം പുരുഷന്മ്മാര്ക്ക് പെണ്ണുകിട്ടാനില്ല. പലരും അന്യസംസ്ഥാനങ്ങളില്‍പോയി വിവാഹം കഴിക്കുന്നു. ആര്‍ക്കും സ്ത്രീധനമോ പണമോ ഒന്നും വേണ്ട എന്ന്് മാത്രമല്ല, അവര്‍ അങ്ങോട്ട് പണം കൊടുക്കാന്‍ തയ്യാറാണു താനും. എന്നിട്ടും ചെക്കന്മ്മാര്ക്ക് പെണ്ണുകിട്ടാത്ത കാലമാണിത്. ആ നിലക്ക് നോക്കുമ്പോള്‍, 90-കളിലെ കേരളത്തിലെ സാമൂഹിക സാഹചര്യമാണ് ചിത്രം പ്രതിഫലിപ്പിക്കുന്നത് എന്ന് തോനുന്നു. ഇങ്ങനെയുള്ള ചിലകാര്യങ്ങളല്ലാതെ, ചൂഴ്ന്നുനോക്കിയാലും ഒരുപാട് കുറ്റങ്ങളൊന്നും ഈ പൊന്മാനില് നിങ്ങള്‍ക്ക് കണ്ടുപിടിക്കാന്‍ കഴിയില്ല.
വാല്‍ക്കഷ്ണം: മലയാളി സിനിമാപ്രേക്ഷകര്‍ക്ക് എന്നും പ്രിയപ്പെട്ടതാണ് 'നെക്സ്റ്റ് ഡോര്‍ ബോയ്' എന്ന ഇമേജ്. ഒരുകാലത്ത് അത് ജയറാമിനും ദിലീപിനുമായിരുന്നു. ഇപ്പോള്‍ അത് ബേസിലില്‍ എത്തി നില്ക്കുന്നു. ഇന്നത്തെ 'അടുത്ത വീട്ടിലെ പയ്യനാണ്' നാളത്തെ സൂപ്പര്‍- മെഗാ താരം. ബേസിലിന്റെ കാര്യത്തിലും ചരിത്രം ആവര്‍ത്തിക്കുമോ?