ബേസിലും സൗബിനും ആവര്‍ത്തന വിരസതയുണ്ടാക്കുന്നു; ക്യാമറയും സൗണ്ടും എഡിറ്റിങ്ങും ഹോളിവുഡ് ലെവലില്‍; സ്‌ക്രിപിറ്റില്‍ പിഴച്ചു; ഡാര്‍ക്ക് ഹ്യൂമറും പാളി; ഒരേ ജോണര്‍ ഒരേ പാറ്റേണ്‍; ഇത് വീര്യം കുറഞ്ഞ ഷാപ്പ്!
ചില കള്ളുഷാപ്പുകളില്‍ ഒരു തരികിട പരിപാടിയുണ്ട്. ആദ്യത്തെ ഒന്ന് രണ്ട് കുപ്പി നല്ല കള്ളായിരിക്കും. അതുകഴിഞ്ഞ്, 'ഉപഭോക്താവ്' അല്‍പ്പം പൂസായി എന്ന് തോന്നിയാല്‍, പിന്നെ കള്ളിന്റെ നിലവാരം മാറും. പിന്നെ വ്യാജനിറങ്ങുകയായി. നവാഗതനായ ശ്രീരാജ് ശ്രീനിവാസന്‍, അന്‍വര്‍ റഷീദിന്റെ നിര്‍മ്മാണത്തില്‍, ബേസില്‍ ജോസഫിനെയും സൗബിന്‍ ഷാഹിറിനെയും നായകരാക്കിയെടുത്ത പ്രാവിന്‍കൂട് ഷാപ്പ് എന്ന ചിത്രത്തിന്റെയും അവസ്ഥ അതുതന്നെയാണ്. ആദ്യപകുതി കാണുമ്പോള്‍, നാം ഞെട്ടിപ്പോകും. അതിഗംഭീരമായ വര്‍ക്ക് എന്ന് കരുതിയിരിക്കുമ്പോഴാണ്, രണ്ടാം പകുതിയില്‍ വെടി തീരുന്നത്. അതുവരെ സിനിമയില്‍നിന്ന് കിട്ടിയ ഡോപ്പുമിന്‍ ബോംബിങ്ങ് എല്ലാം തീര്‍ന്ന്, കിക്കിറങ്ങി നാം 'പച്ച'യായിപ്പോവും!
'ആകെ മൊത്തം ടോട്ടലായി' പറയുമ്പോള്‍ ശരാശരിക്ക് അല്‍പ്പം മുകളില്‍മാത്രം നില്‍ക്കുന്ന ചിത്രമാണിത്. പക്ഷേ ഈ ചിത്രത്തിന്റെ മേക്കിങ്ങ് സമ്മതിക്കണം. എഡിറ്റിങ്ങും, ഛായാഗ്രഹണവും, ശബ്ദവിന്യാസവുമൊക്കെ ഹോളിവുഡ് ലെവലാണ്. പക്ഷേ തിരക്കഥയുടെ കാര്യത്തിലാണ്, ചിത്രം പിറകോട്ട് പോവുന്നത്. ഇതും മലയാളത്തിലെ ഒരു പതിവ് പരിപാടിയാണ്.
ഒരേ ഴോണര്‍ ഒരേ പാറ്റേണ്‍
ഒരുകാലത്ത് ഒരേ പാറ്റേണിലുള്ള 'പ്രകൃതിപ്പടങ്ങള്‍' കൊണ്ടാണ് മലയാള സിനിമ ബുദ്ധിമുട്ടിയിരുന്നെങ്കില്‍, ഇപ്പോള്‍ അത് മിസ്റ്ററി ത്രില്ലര്‍ എന്ന ചര്‍വിത ചര്‍വണ ഴോണറിലേക്ക് മാറിയിരിക്കയാണ്. ഇത് എത്രാമത്തെ ചിത്രമാണ്, ഈ അടുത്തകാലത്ത് ഇതേ പാറ്റേണില്‍ ഉണ്ടായിരിക്കുന്നുവെന്നത് അറിയുന്നില്ല. ബേസില്‍ ജോസഫിനെപ്പോലെ കത്തിക്കയറി വരുന്ന ഒരു നടനൊക്കെ ഇത് തിരിച്ചറിയണം. വല്ലാതെ ആവര്‍ത്തന വിരസമാവുന്നുണ്ട് ബേസിലിന്റെ ചിത്രങ്ങള്‍. സൗബിനും അങ്ങനെ തന്നെ. റിപ്പീറ്റ് ക്ലീഷെ.
ട്രെയിലറില്‍നിന്ന് കൃത്യമായി മനസ്സിലാവുന്നതുപോലെ, ഒരു കള്ള് ഷാപ്പും അതിനുള്ളില്‍ നടക്കുന്ന ഒരു കൊലപാതകവും, അതിനെ ചുറ്റിപറ്റി നടക്കുന്ന അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം. കഥയുടെ വണ്‍ലൈന്‍ ബ്രില്ല്യന്റാണ്. പ്രാവിന്‍കൂട് ഷാപ്പിനുള്ളില്‍ അതിന്റെ നടത്തിപ്പുകാരനും, നാടുവിറപ്പിക്കുന്ന റൗഡിയുമായി കൊമ്പന്‍ ബാബു എന്ന ബാബുവേട്ടന്‍ കൊല്ലപ്പെടുകയാണ്. കളളുകുടിച്ച് കസേരയില്‍ മയങ്ങിയിരിക്കുന്ന അയാളെ, ആരോ മുകളില്‍നിന്ന് കയര്‍ കുരുക്കി വലിച്ച് തൂക്കിക്കൊല്ലുകയാണ്. രാത്രി, ഷാപ്പുപൂട്ടിയശേഷം ഡോര്‍ അടച്ചിട്ട് ചീട്ടുകളിയിലാണ് അവിടുത്തെ സ്ഥിരം പറ്റുകാര്‍. കഴിഞ്ഞ രണ്ടുമണിക്കൂറിനുള്ളില്‍ അവിടേക്ക് ആരും വന്നിട്ടുമില്ല, പോയിട്ടുമില്ല. പിന്നെ ആരാണ് ബാബുവിനെ കൊന്നത്!
ഇതിന്റെ കുരുക്കഴിക്കാനെത്തുന്ന കഥാപാത്രമാണ് ബേസില്‍ ജോസഫിന്റെ, എസ്ഐ സന്തോഷ്. അന്വേഷണം ഒരു പസില്‍ ഗെയിം പോലെ മുന്നേറുകയാണ്. ചിലപ്പോള്‍ ഷാപ്പിലെ എടുത്തുകൊടുപ്പുകാരനായ കണ്ണന്‍ എന്ന സൗബിന്‍ ഷാഹിറാണ് പ്രതിയെന്ന് തോന്നും, ചിലപ്പോള്‍ അത് ചെമ്പന്‍ വിനോദിന്റ സുനില്‍ എന്ന കഥാപാത്രത്തിലേക്ക് നീങ്ങും. ഒരുവേള ബേസിലിന്റെ പൊലീസുകാരന്‍ തന്നെയാണ് പ്രതിയെന്ന് സംശയം തോന്നും. ഹോളിവുഡിലൊക്കെ ഒരുപാട് തവണ കണ്ട ഈ മിസ്ട്രി പസിലിനെ, കേരളത്തിലേക്കും എത്തിക്കയാണ്, ശീരാജ് ശ്രീനിവാസന്‍. പക്ഷേ ആദ്യപകുതിയിലെ ഈ ബ്രില്ല്യന്‍സൊക്കെ രണ്ടാം പകുതിയില്‍ ആവിയാവുകയാണ്. കഥയുടെ കുരുക്കഴിക്കുമ്പോള്‍ ഇത്ര ലളിതമോ എന്ന് തോന്നിപ്പോവും. പലതും യുക്തിപരമായി ബന്ധിപ്പിക്കാന്‍ കഴിയുന്നില്ല. മേക്കിങ്ങിലെ ബ്രില്ല്യന്‍സ്, സ്‌ക്രിപ്റ്റിങ്ങില്‍ കാണിച്ചിരുന്നുവെങ്കില്‍, സൂപ്പര്‍ ഹിറ്റാവേണ്ടിയിരുന്ന സിനിമയാണിത്.
പാളിയ ഡാര്‍ക്ക് ഹ്യൂമര്‍
ഡാര്‍ക്ക് ഹ്യൂമറും ത്രില്ലറും കൂട്ടിയോജിപ്പിച്ചാണ് ശ്രീരാജ് ശ്രീനിവാസന്‍ ചിത്രമൊരുക്കിയിരിക്കുന്നത്. നിര്‍മ്മാതാവ്, അന്‍വര്‍ റഷീദ് ആയതുകൊണ്ടുതന്നെ, ഏറ്റവും മികച്ച ടെക്ക്നിക്കല്‍ ടീമാണ് ചിത്രത്തിനായി ഒന്നിച്ചിരിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സിനിമോട്ടാഗ്രാഫറാണ് താനെന്ന് ഷൈജു ഖാലിദ് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കയാണ്. പ്രാവീന്‍കൂട് ഷാപ്പിന് പുറത്ത് മഴ പെയ്യുന്ന സീനില്‍, തീയാളുന്നിടത്ത്, സ്‌കുള്‍ബസും സ്‌കൂട്ടറുമായുള്ള ചേസിലൊക്കെ കാണാം ആ ക്യാമറാ വര്‍ക്കിന്റെ കരുത്ത്. അതുപോലെ കട്ടക്ക് നില്‍ക്കയാണ്, വിഷ്ണു വിജയ്യുടെ സംഗീതവും, ഷഫീഖ് മുഹമ്മദിന്റെ എഡിറ്റിങ്ങും. ഇവര്‍ മൂന്നുപേരുമാണ് ഈ ചിത്രത്തിലെ ഹീറോകള്‍. പക്ഷേ എന്തുചെയ്യാന്‍ കഴിയും, കറികളും ആമ്പിയന്‍സുമൊക്കെ നന്നായാലും, കള്ള് പുളിച്ചുപോയാല്‍ ഷാപ്പ് മോശമാവില്ലേ.
സ്‌ക്രിപ്റ്റ് കഴിഞ്ഞാല്‍ പിന്നെ ചിത്രത്തിന്റെ മറ്റൊരു മൈനസ് പോയിന്റ്, ചീറ്റിപ്പോയ ഡാര്‍ക്ക് ഹ്യൂമറാണ്. ഇപ്പോള്‍ ഇതും മലയാളത്തില്‍ പതിവായിരിക്കയാണ്. മരിക്കാന്‍ പോവുന്നവന്‍ പോലും കോമഡി പറയുക, അതും ഡാര്‍ക്ക് ഹ്യൂമറാണത്രേ. മാത്രമല്ല സൗണ്ട് ഓവര്‍ലാപ്പിങ്ങ് മൂലം ചില ഡയലോഗുകള്‍ വ്യക്തമാവുന്നില്ല. ആളുകള്‍ക്ക് കൃത്യമായി കേള്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെന്തിനാണ് ഡയലോഗ്. പക്ഷേ ഇതും ആധുനിക മലയാള സിനിമയില്‍ ഒരു ഫാഷനാവുകയാണ്.
മറ്റൊരു ക്ലീഷെ ചിത്രത്തിലെ സംഘട്ടനരംഗങ്ങളാണ്. അടിക്കുവേണ്ടി അടിയുണ്ടാക്കാനായി സെറ്റിട്ട ഷാപ്പും മതിലുമാണെന്ന് കൃത്യമായി മനസ്സിലാവും. ശിവജിത് അവതരിപ്പിച്ച ബാബു എന്ന വില്ലന്‍ കഥാപാത്രത്തെ ബില്‍ഡ് ചെയ്യാന്‍ സംവിധായകന് ആയിട്ടില്ല. കല്‍ക്കി വില്ലന്‍ പിടിച്ചു നില്‍ക്കുന്നത് ഫിസിക്കുകൊണ്ട് മാത്രമാണ്. അതുകൊണ്ടുതന്നെ അയാളുടെ മരണവും, തുടര്‍ന്നുള്ള സംഭവങ്ങളുമായി പ്രക്ഷകന് ഒരു ഇമോഷണല്‍ കണക്ഷന്‍ കിട്ടുന്നില്ല. 10 മണിക്കൂറു കൊണ്ടും 10 മിനിറ്റ് കൊണ്ടുമൊക്കെ ശാസ്ത്രീയമായി കേസുകള്‍ തെളിയിക്കുന്ന എക്സെന്‍ട്രിക്കായ ഒരു പൊലീസുകാരനെ ബേസില്‍ അനായാസം ചെയ്തിട്ടുണ്ട്്. പക്ഷേ അദ്ദേഹം അറിയാതെ ടൈപ്പായി കൊണ്ടിരിക്കയാണ്. വൈവിധ്യങ്ങള്‍ ഇല്ലെങ്കില്‍ എത് നടനും ജനത്തിന് മടുക്കുമെന്നത് ഓര്‍മ്മവേണം. അല്ലെങ്കില്‍ ജഗതി ശ്രീകുമാറിനെപ്പോലെ, നൂറ്റാണ്ടിലൊന്ന് എന്ന രീതിയിലുള്ള അത്യപൂര്‍വ ജന്‍മങ്ങളാവണം.
സൗബിന്റെ ഭിന്നശേഷിക്കാരനായ കണ്ണന്‍ എന്ന മജീഷ്യനും, ആവര്‍ത്തനം മണക്കുന്നുണ്ട്. മെറിന്‍ഡയായി വന്ന ചാന്ദ്‌നി ശ്രീധരന്‍, ഒപ്പിച്ചു എന്നേ പറയാന്‍ കഴിയു. സത്യത്തില്‍ അപാരമായി ചെയ്യാന്‍ കഴിയുന്ന ഒരു കഥാപാത്രമായിരുന്നു അത്. നിയാസ് ബക്കര്‍ ഉള്‍പ്പെടയുള്ള സഹതാരങ്ങള്‍ ആരും മോശമാക്കിയിട്ടില്ല. പക്ഷേ ചിത്രത്തില്‍ ഈ ലേഖകന് ഏറ്റവും ഇഷ്ടപ്പെട്ടത് എല്ലാ കള്ളുഷാപ്പിലും കാണുന്ന ചില സ്ഥിരം അന്തേവാസികളായ രണ്ട് വയോധിക കഥാപാത്രങ്ങളാണ്. ശരിക്കും പൊളിച്ചു എന്ന് പറയാം. നാട്ടിന്‍ പുറത്തെ കള്ളഷാപ്പുകളില്‍ നാം സ്ഥിരമായി കാണുന്ന കീടം കഥാപാത്രങ്ങള്‍.
ചുരുക്കിപ്പറഞ്ഞാല്‍, ബേസില്‍- സൗബിന്‍ ആരാധകര്‍ പൊക്കിവിടുന്നതുപോലെ, ഒരു അപാരമായ സിനിമയായി ഈ ലേഖകന് ഇതിനെ തോന്നിയിട്ടില്ല. എന്നാല്‍ തീരെ മോശവുമല്ല. മേക്കിങ്ങിന്റെയും ട്രീറ്റ്മെന്റിന്റെയും രീതികള്‍ വെച്ച് വണ്‍ ടൈം വാച്ചബിള്‍ തന്നെയാണ് ചിത്രം.
വാല്‍ക്കഷ്ണം: അതുപോലെ എഡിറ്റിങ്ങിലും ഇപ്പോള്‍ ഒരു ക്ലീഷെ കാണുന്നുണ്ട്. പാസ്റ്റ് ഏതാണ്ട് പ്രസന്റ് ഏതാണ് എന്ന് കണ്‍ഫ്യൂഷനാവുന്ന ഒരുതരം കുഴമറിച്ചില്‍. ഇതും ഡയലോഗ് ഓവര്‍ലാപ്പിങ്ങും കൂടിയാവുമ്പോള്‍, വല്ലാത്തൊരു കല്ലുകടിയാണ് ഫീല്‍ ചെയ്യുന്നത്.