'കോവിഡ് പിടിപെട്ടത് ശബ്ദത്തെ കാര്യമായി ബാധിച്ചു, സംഗീത ലോകത്തു നിന്ന് വിരമിക്കാൻ വരെ ആലോചിച്ചിരുന്നു'; അവസരങ്ങൾ കുറയാൻ കാരണം മറ്റാരുമല്ലെന്ന് ചിത്ര അയ്യർ
കൊച്ചി: ഒരു കാലത്ത് തെന്നിന്ത്യൻ സംഗീത ലോകത്ത് നിറഞ്ഞുനിന്ന ഗായികയാണ് ചിത്ര അയ്യർ. സംഗീത രംഗത്ത് നിന്ന് നീണ്ട ഇടവേളയെടുത്തതിനെക്കുറിച്ചും തിരിച്ചുവരവിനെക്കുറിച്ചും തുറന്ന് പറയുകയാണ് താരമിപ്പോൾ. കരിയറിലുണ്ടായ നഷ്ടങ്ങൾക്ക് കാരണം മറ്റാരുമല്ല, താൻ തന്നെയാണെന്നും ആരോഗ്യപരമായ ബുദ്ധിമുട്ടുകളാണ് പ്രധാനമായും ശബ്ദത്തെ ബാധിച്ചതെന്നും ചിത്ര അയ്യർ പറഞ്ഞു. തന്നെ ആരും സംഗീത രംഗത്ത് നിന്ന് ഒതുക്കാൻ ശ്രമിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
25 വർഷം പിന്നിട്ട സംഗീത ജീവിതത്തിനിടയിൽ, സിനിമ ഗാനരംഗത്ത് നിന്ന് വിട്ടുനിന്നത് അവസരങ്ങൾ ലഭിക്കാത്തതുകൊണ്ടാണെന്ന് ചിത്ര അയ്യർ വിശദീകരിച്ചു. 'ഞാൻ എവിടെയും പോയിട്ടില്ല. ഇത് എന്റെ നാടല്ലേ. സിനിമ ഗാനങ്ങൾ പാടുന്നില്ലെന്നത് സത്യമാണ്. അവസരങ്ങൾ ലഭിക്കണ്ടേ. അതുകൊണ്ടാണ് അഭിനയത്തിലേക്ക് കടന്നത്. ഇപ്പോൾ വീണ്ടും സ്റ്റേജ് ഷോകൾ ചെയ്യാൻ തുടങ്ങി. സ്വന്തമായി ഒരു മ്യൂസിക് ബാൻഡുമുണ്ട്,' ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.
അവസരങ്ങൾ ചോദിച്ചുവാങ്ങുന്നതിൽ വന്ന വീഴ്ചയാണ് തന്റെ കരിയറിലെ പ്രധാന നഷ്ടങ്ങൾക്ക് കാരണമെന്ന് ചിത്ര അയ്യർ തുറന്നു സമ്മതിച്ചു. 'ആരോടും ചാൻസ് ചോദിച്ചില്ല. ചോദിക്കണമായിരുന്നു. എനിക്കുണ്ടായ നഷ്ടങ്ങൾക്ക് കാരണം ഞാൻ തന്നെയാണ്. അല്ലാതെ എന്നെ ഫീൽഡിൽ നിന്ന് പുറത്താക്കാൻ ആരും പിന്നിൽ നിന്ന് പ്രവർത്തിച്ചതല്ല. അമൃത ചാനലിലെ റിയാലിറ്റി ഷോയിൽ ഞാനും ജയചന്ദ്രൻ സാറും വിധികർത്താക്കളായിരുന്നിട്ടും, ഒരിക്കൽ പോലും അദ്ദേഹത്തോട് ഞാൻ ചാൻസ് ചോദിച്ചിട്ടില്ല,' അവർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ വര്‍ഷം അമ്മ മരിച്ചു. അതുവരെ അമ്മയെ പരിചരിക്കുന്നതായിരുന്നു ശ്രദ്ധ. അക്കാരണത്താല്‍ ഷോകള്‍ കുറഞ്ഞു. പതിയെ അവസരങ്ങളും കുറഞ്ഞു. ഇതിനിടയിൽ കോവിഡ് രണ്ട് തവണ പിടിപെട്ടത് ശബ്ദത്തെ കാര്യമായി ബാധിച്ചു. ഇത് ആരോഗ്യപരമായും ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചെന്നും, സംഗീത ലോകത്തു നിന്ന് വിരമിക്കാൻ വരെ ആലോചിച്ചിരുന്നതായും ചിത്ര അയ്യർ പറഞ്ഞു. ഈ സാഹചര്യത്തിലാണ് അഭിനയ രംഗത്തേക്ക് കടന്നതെന്നും അവർ വ്യക്തമാക്കി. സംഗീതവും കുടുംബവും ഉത്തരവാദിത്തങ്ങളും വളർത്തു മൃഗങ്ങളുമെല്ലാം ചേർന്നതാണ് തന്റെ ലോകമെന്ന് ചിത്ര അയ്യർ പറഞ്ഞു. പാചകം ചെയ്യാനും പാടാനും തനിക്കിഷ്ടമാണെന്നും ജീവിതത്തിലെ എല്ലാ വേഷങ്ങളും താൻ ആസ്വദിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.