'അമിതമായ വയലന്‍സ് രംഗങ്ങള്‍ ഭാര്യയ്ക്ക് ഒട്ടും ഉള്‍ക്കൊള്ളാനായില്ല; അവള്‍ ചുമയ്ക്കുന്നുണ്ടായിരുന്നു; തനിക്കും സിനിമ കണ്ടുകൊണ്ടിരിക്കാന്‍ സാധിച്ചില്ല; ചിത്രം മുഴുവാന്‍ കാണാന്‍ നിന്നില്ല ഇറങ്ങിപോയി: നടന്‍ കിരണ്‍ അബ്ബാവരം
ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോ എന്ന ചിത്രത്തിലെ അമിതമായ വയലന്‍സ് ഉയര്‍ത്തിവിട്ട വിവാദങ്ങള്‍ ഇപ്പോഴും തുടരുകയാണ്. സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ചിത്രത്തിനെതിരേ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സിനിമയിലെ വയലന്‍സ് സമൂഹത്തെ ദോഷകരമായി സ്വാധീനിക്കുമെന്നും അല്ലെന്നുമുള്ള വാദങ്ങള്‍ തുടരുകയാണ്. സിബി മലയില്‍, കമല്‍ ഉള്‍പ്പെടെയുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ സിനിമയ്ക്കെതിരേ രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ മാര്‍ക്കോ സിനിമ കണ്ട അനുഭവം ഒട്ടും നല്ലതല്ലെന്ന വെളിപ്പെടുത്തലുമായി രംഗത്തു വന്നിരിക്കുന്നത് തെലുങ്കിലെ യുവനടനായ കിരണ്‍ അബ്ബാവരമാണ്.
ഗര്‍ഭിണിയായ ഭാര്യ രഹസ്യയ്ക്കൊപ്പമാണ് കിരണ്‍ തെന്നിന്ത്യയിലും വലിയ തരംഗം സൃഷ്ടിച്ച മാര്‍ക്കോ കാണാന്‍ പോയത്. സിനിമയിലെ വയലന്‍സ് അല്‍പ്പം കൂടുതലായിരുന്നു. ക്രൂരത കണ്ട് ഭാര്യയ്ക്ക് അസ്വസ്ഥതയുണ്ടായി. തനിക്കും സിനിമ കണ്ടുകൊണ്ടിരിക്കാന്‍ സാധിച്ചില്ല. അതിനാല്‍ സിനിമ പൂര്‍ത്തിയാകും മുന്‍പ് തിയറ്ററില്‍ നിന്ന് ഇറങ്ങിപ്പോരുകയായിരുന്നു. ഒരു തെലുഗു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കിരണിന്റെ വെളിപ്പെടുത്തല്‍.
'അമിതമായ വയലന്‍സ് രംഗങ്ങള്‍ ഭാര്യയ്ക്ക് ഒട്ടും ഉള്‍ക്കൊള്ളാനായില്ല. അവള്‍ ചുമയ്ക്കുന്നുണ്ടായിരുന്നു. ഒട്ടും സഹിക്കാന്‍ പറ്റാതായതോടെ രണ്ടാം പകുതിയില്‍ ഞങ്ങള്‍ പുറത്തേക്ക് പോയി' - കിരണ്‍ പറഞ്ഞു. വയലന്‍സുമായി ബന്ധപ്പെട്ട് മാര്‍ക്കോയ്ക്കും പുഷ്പ 2: ദി റൂളിനും ലഭിച്ച സമീപകാല വിമര്‍ശനങ്ങളെക്കുറിച്ചും കിരണ്‍ പ്രതികരിച്ചു. 'നാം സ്‌ക്രീനില്‍ അവതരിപ്പിക്കുന്ന കഥകളില്‍ ശ്രദ്ധാലുവായിരിക്കണം. സിനിമ പ്രേക്ഷകരെ സ്വാധീനിക്കും. നമ്മള്‍ കാണുന്നതെന്തും മൂന്ന് ദിവസത്തേക്ക് നമ്മളെ വേട്ടയാടും.
എല്ലാവരുടെയും മനോനില ഒരു പോലെയാകില്ല. സിനിമയെ സിനിമയായി തന്നെ കാണുന്നവരുണ്ട്. അത് മനസിലേക്ക് ഏറ്റെടുക്കുന്ന പ്രേക്ഷകരുമുണ്ട്. എന്റെ കൗമാരത്തിന്റെ അവസാനത്തിലും ഇരുപതുകളുടെ തുടക്കത്തിലും താനും സ്വാധീനിക്കപ്പെട്ടിട്ടുണ്ട് - കിരണ്‍ കൂട്ടിച്ചേര്‍ത്തു. ക എന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിലൂടെയാണ് കിരണ്‍ അബ്ബാവരം മലയാളി പ്രേക്ഷരുടെ മനസില്‍ ഇടംപിടിച്ചത്.
ഇന്ത്യയില്‍ നിര്‍മ്മിച്ചതില്‍ ഏറ്റവും വയലന്‍സ് നിറഞ്ഞ സിനിമ എന്നാണ് മാര്‍ക്കോയെ വിശേഷിപ്പിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ ഇരുണ്ട അധ്യായം' എന്നാണ് സംവിധായകന്‍ വിസി അഭിലാഷ് സമൂഹ മാധ്യമത്തില്‍ ചിത്രത്തിനെതിരെ തുറന്നടിച്ചത്. മാര്‍ക്കോയ്ക്ക് ടെലിവിഷന്‍ പ്രദര്‍ശനാനുമതി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ നിഷേധിച്ചിരുന്നു. യു അല്ലെങ്കില്‍ യു/ എ സര്‍ട്ടിഫിക്കറ്റ് വിഭാഗത്തിലേക്ക് മാറ്റാന്‍ പറ്റാത്തത്ര വയലന്‍സ് സിനിമയില്‍ ഉണ്ടെന്നായിരുന്നു വിലയിരുത്തല്‍. ഹനീഫ് അദേനിയാണ് ചിത്രം സംവിധാനം ചെയ്തത്.