പഴയ വട്ടിന് ഇപ്പോൾ പുതിയ വാക്കുകള്‍ കണ്ടുപിടിച്ചിട്ടുണ്ട്..; ഓവര്‍ തിങ്കിങ്, ഭയങ്കര ഡിപ്രഷന്‍ ആണ് മൂഡ് സ്വിങ്സ് എന്നൊക്കെ; ഇതിലൊന്നും ഒരു കാര്യവുമില്ല..!!; സോഷ്യൽ മീഡിയയിൽ കത്തിക്കയറി നടി കൃഷ്ണപ്രഭയുടെ 'വാ'വിട്ട വാക്കുകൾ; മാനസികാരോഗ്യത്തെ കുറിച്ച് പറഞ്ഞ് പൊല്ലാപ്പ്; സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം
കൊച്ചി: നടി കൃഷ്ണപ്രഭയുടെ മാനസികാരോഗ്യത്തെയും വിഷാദരോഗത്തെയും കുറിച്ചുള്ള പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ വിമർശനത്തിന് ഇടയാക്കി. തൊഴിൽ ലഭിക്കാത്തതാണ് വിഷാദരോഗത്തിന് കാരണമെന്നും, ഡിപ്രഷൻ എന്നത് 'പഴയ വട്ട്' തന്നെയാണെന്നും നടി ഒരു അഭിമുഖത്തിൽ പറഞ്ഞതാണ് വിവാദമായത്.
ഒരു അഭിമുഖത്തിൽ സംസാരിക്കവെയാണ് കൃഷ്ണപ്രഭയുടെ വിവാദപരമായ പരാമർശങ്ങൾ പുറത്തുവന്നത്. "പണിയൊന്നുമില്ലാതെ ഇരിക്കുന്നതാണ് ഡിപ്രഷൻ ഉണ്ടാകാൻ കാരണം," എന്ന് പൊട്ടിച്ചിരിച്ചുകൊണ്ട് അവർ പറയുന്നതായി വീഡിയോയിൽ കാണാം. ആളുകൾ ഡിപ്രഷൻ, മൂഡ് സ്വിങ്സ് എന്നിങ്ങനെ പല പേരുകളിൽ ഇപ്പോൾ വിളിക്കുന്ന ഈ അവസ്ഥ യഥാർത്ഥത്തിൽ 'പഴയ വട്ട്' തന്നെയാണ് എന്നും, അതിപ്പോൾ പുതിയ പേര് നൽകി പ്രചരിപ്പിക്കുകയാണെന്നും കൃഷ്ണപ്രഭ കൂട്ടിച്ചേർത്തു.
തന്റെ സിനിമാ ജീവിതത്തിലുണ്ടായ അനുഭവങ്ങളും അവർ പങ്കുവെച്ചു. "കയ്യിലുണ്ടായിരുന്ന സിനിമകളൊക്കെ അവസാന നിമിഷം നഷ്ടപ്പെട്ടപ്പോൾ ആദ്യമൊക്കെ ഞാൻ ഒരാഴ്ചയോളം നിർത്തി നിർത്തി കരഞ്ഞിട്ടുണ്ട്. പിന്നീട് മനസ്സിലായി, വരാനുള്ളത് നമുക്ക് തന്നെ വരുമെന്ന്. ചില സിനിമകളിൽ അഭിനയിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും, എനിക്ക് ഒരു ദിവസം പോയിക്കിട്ടാൻ വലിയ ബുദ്ധിമുട്ടൊന്നും ഇല്ല," കൃഷ്ണപ്രഭ പറഞ്ഞു.
"രാവിലെ എഴുന്നേറ്റ് പാട്ട് പ്രാക്ടീസ് ചെയ്യുക, ഉച്ചവരെ സമയം പോകും. ഉച്ചയ്ക്കു ശേഷം അടുത്ത പാട്ട് പ്രാക്ടീസ് ചെയ്യും. അങ്ങനെ സമയം കണ്ടെത്താം. ഇപ്പോൾ ആളുകളുടെ വലിയ പ്രശ്നമായി കേൾക്കുന്നത് ഓവർ തിങ്കിങ് ആണ്, ഭയങ്കര ഡിപ്രഷൻ ആണ്, പിന്നെ എന്തൊക്കെയോ പുതിയ വാക്കുകൾ വരുന്നുണ്ടല്ലോ, മൂഡ് സ്വിങ്സ് എന്നൊക്കെ. ഞങ്ങൾ തമാശയ്ക്ക് പറയും, പഴയ വട്ട് തന്നെ, ഇപ്പോൾ ഡിപ്രഷൻ. പുതിയ പേര് നൽകിയെന്ന് മാത്രം," അവർ കൂട്ടിച്ചേർത്തു.
എന്നാൽ, നടിയുടെ ഈ പരാമർശങ്ങൾക്കെതിരെ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. മാനസികാരോഗ്യത്തെക്കുറിച്ച് ബോധവൽക്കരണം നടക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരം ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനകൾ വളരെ വേദനാജനകമാണെന്ന് പലരും അഭിപ്രായപ്പെടുന്നു. നടിയും മോഡലുമായ സാനിയ അയ്യപ്പൻ ഉൾപ്പെടെയുള്ളവർ ഇതിനെതിരെ പ്രതികരിച്ചിട്ടുണ്ട്. വിഷാദരോഗം ഒരു യഥാർത്ഥ ആരോഗ്യപ്രശ്നമാണെന്നും, അത് ലഘൂകരിച്ച് കാണുന്നത് തെറ്റാണെന്നും പലരും ചൂണ്ടിക്കാണിക്കുന്നു.