എല്ലാം സേവ് ചെയ്ത് വെക്കാൻ പഠിക്കുക എന്നത് വലിയ കാര്യം തന്നെയാണ്; ഓരോന്നിനും അതിന്റേതായ വിലയുണ്ട്; വിട്ട് കളയരുത്...; തുറന്നുപറഞ്ഞ് മീനാക്ഷി
ടെലിവിഷൻ അവതാരകയും നടിയുമായി അറിയപ്പെടുന്ന മീനാക്ഷി അനൂപ് സാമ്പത്തിക അച്ചടക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. വരുമാനം ചെറുതോ വലുതോ ആകട്ടെ, സ്വന്തമായി കൈകാര്യം ചെയ്യാൻ കഴിയുന്നത് വലിയ കാര്യമാണെന്നും ഓരോ രൂപയ്ക്കും അതിൻ്റേതായ വിലയുണ്ടെന്നും മീനാക്ഷി പറഞ്ഞു.
18 വയസ്സുള്ളപ്പോൾ അച്ഛൻ്റെ ഉപദേശപ്രകാരമാണ് മീനാക്ഷി ചെറിയ തോതിലുള്ള സമ്പാദ്യം തുടങ്ങുന്നത്. "ഓരോ പ്രാവശ്യവും നൂറ് രൂപ വെച്ച് തരാം, അത് നീ സേവ് ചെയ്യൂ. എങ്ങനെ പോകുമെന്ന് നോക്കാം" എന്നായിരുന്നു അച്ഛൻ പറഞ്ഞിരുന്നതെന്ന് മീനാക്ഷി ഓർത്തെടുത്തു. ഇപ്പോൾ സ്വന്തമായി സമ്പാദിക്കാൻ കഴിയുന്നുണ്ടെന്നും, കിട്ടുന്ന അഞ്ചോ പത്തോ രൂപ പോലും ചെലവാക്കാതെ മാറ്റിവെക്കാനുള്ള മാനസികാവസ്ഥ രൂപപ്പെടുന്നത് വലിയ കാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
തൻ്റെ അച്ഛൻ കൊമേഴ്സ് അധ്യാപകനായിരുന്നെന്നും, സാമ്പത്തിക അച്ചടക്കം കൃത്യമായി പഠിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെന്നും മീനാക്ഷി പറഞ്ഞു. സമ്പാദിക്കാൻ തുടങ്ങിയ കാലത്ത് മ്യൂച്വൽ ഫണ്ടുകളിലും ക്രിപ്റ്റോ കറൻസികളിലും നിക്ഷേപിക്കണമെന്നും അച്ഛൻ നിർദ്ദേശിച്ചിരുന്നതായി മീനാക്ഷി വെളിപ്പെടുത്തി.