'എന്റെ പേരിൽ സമൂഹമാധ്യമത്തിൽ വ്യാജ അക്കൗണ്ട്, ഒരുപാട് പേർ അതിൽ പേഴ്സണൽ മെസ്സേജ് അയക്കുന്നു'; വീഡിയോയുമായി സംയുക്ത വർമ്മ; ഞങ്ങൾ ആകെ തെറ്റിദ്ധരിച്ചെന്ന് ആരാധകർ
കൊച്ചി: തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾക്കെതിരെ വീഡിയോയുമായെത്തിയിരിക്കുകയാണ് മലയാളികളുടെ ഇഷ്ടനായികയായ സംയുക്ത വർമ്മ. ഫേസ്‌ബുക്കിൽ ബിജുമേനോന്റെ അക്കൗണ്ടിലും ഇൻസ്റ്റഗ്രാമിൽ സ്വന്തം അക്കൗണ്ടിലൂമാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വ്യാജ അക്കൗണ്ടിൽ താനാണെന്ന് വിചാരിച്ച് നിരവധി പേർ മെസ്സേജ് അയക്കുന്നുണ്ടെന്നും എന്നാൽ ഈ അക്കൗണ്ട് തന്റെ അറിവോടെ തുടങ്ങിയതല്ലെന്നും താരം വ്യക്തമാക്കുന്നു.
തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളെക്കുറിച്ചാണ് സംയുക്ത വർമ്മ ഇപ്പോൾ ആരാധകർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. "നമസ്കാരം, ഞാൻ സംയുക്ത വർമ്മ. ഒരു പ്രധാനപ്പെട്ട വിവരം പറയാനാണ് ഞാൻ ഈ വീഡിയോയെടുക്കുന്നത്. സംയുക്ത വർമ്മ എന്ന പേരിൽ ബ്ലൂ ടിക്കോടുകൂടിയുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ട് മാത്രമാണ് ഞാൻ ഹാൻഡിൽ ചെയ്യുന്നത്. അല്ലാതെയുള്ള ഒരു സോഷ്യൽ മീഡിയ പേജിലും ഞാൻ ആക്ടീവല്ല. സംയുക്ത വർമ്മ എന്ന പേരിൽ ഫേസ്ബുക്കിൽ ആരംഭിച്ചിട്ടുള്ള ഒരു അക്കൗണ്ടും എന്റെ അനുവാദത്തോട് കൂടിയോ സമ്മതത്തോടുകൂടിയോ അറിവോടുകൂടിയോ തുടങ്ങിയതല്ല. ഒരുപാട് പേർ ഞാനാണെന്ന് തെറ്റിദ്ധരിച്ച് അതിൽ പേഴ്സണൽ മെസ്സേജ് അയക്കുന്നുണ്ട്. ഫോളോ ചെയ്യുന്നുണ്ട്. ഇന്നത്തെ കാലഘട്ടം ഒരുപാട് തട്ടിപ്പുകൾ ഉള്ളതാണ്. ശ്രദ്ധിച്ചിരിക്കണം. താങ്ക്യൂ." ഇതായിരുന്നു സംയുക്തയുടെ വാക്കുകൾ.
ഈ വീഡിയോയ്ക്ക് താഴെ ആരാധകരുടെ രസകരമായ പ്രതികരണങ്ങളും നിറയുന്നുണ്ട്. "കുറച്ചു മയത്തിൽ പറഞ്ഞാൻ പോരെ.. ഞങ്ങൾ ആകെ തെറ്റിദ്ധരിച്ചു", "കടുപ്പം കുറച്ച് ഒരു ചായ അത്ര മതിയായിരുന്നു. പേടിച്ചുപോയി", "Fake account Personal msg വരുന്ന കാര്യം എങ്ങനെ അറിയുന്നു" എന്നിങ്ങനെ പോകുന്നു കമന്റുകൾ. മലയാളികളുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്ന 'മഴ', 'തെങ്കാശിപ്പട്ടണം', 'മധുരനൊമ്പരക്കാറ്റ്' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടനായികയായി മാറിയ നടിയാണ് സംയുക്ത വർമ്മ. വിവാഹശേഷം അഭിനയത്തിൽ നിന്ന് പൂർണ്ണമായും ഇടവേളയെടുത്തെങ്കിലും, ഇപ്പോഴും മലയാളികൾക്ക് സംയുക്തയോടുള്ള സ്നേഹത്തിന് യാതൊരു കുറവുമില്ല.
