പ്രേക്ഷകര്‍ സിനിമകള്‍ കാണണം; എന്നാല്‍ നടന്മാരെ വാഴ്ത്തി പാടരുത്; നിങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ജയിക്കാനുള്ള വഴികള്‍ തേടൂ; എന്റെ ആരാധകര്‍ ജീവിതത്തില്‍ വിജയിച്ചാല്‍ ഞാന്‍ വളരെ സന്തോഷിക്കും; അജിത് കുമാര്‍
പ്രേക്ഷകര്‍ സിനിമകള്‍ കാണണമെന്നും എന്നാല്‍ നടന്മാരെ വാഴ്ത്തി പാടരുതെന്നും നടന്‍ അജിത് കുമാര്‍. 'അജിത് വാഴ്ക' അല്ലെങ്കില്‍ 'വിജയ് വാഴ്ക' എന്ന് പറയരുതെന്നും അത് നിങ്ങള്‍ക്ക് ഒരു ഉപകാരവും ഉണ്ടാക്കില്ലെന്നും നടന്‍ പറഞ്ഞു. 24 എച്ച് ദുബായ് 2025 എന്‍ഡ്യൂറന്‍സ് റേസിങ്ങിന് ശേഷം ദേശീയ മാധ്യമങ്ങളോട് സംസാരിക്കവെയാണ് നടന്റെ പ്രതികരണം.
'ആരാധകരോട് എന്റെ അഭ്യര്‍ത്ഥന, സിനിമകള്‍ കാണുക, പക്ഷേ 'അജിത് വാഴ്ക' അല്ലെങ്കില്‍ 'വിജയ് വാഴ്ക' എന്ന് പറയരുത്. അത് നിങ്ങളെ സഹായിക്കില്ല. നിങ്ങള്‍ എപ്പോഴാണ് നിങ്ങളുടെ ജീവിതം നയിക്കാന്‍ പോകുന്നത്? എന്റെ ആരാധകര്‍ ജീവിതത്തില്‍ വിജയിച്ചാല്‍ ഞാന്‍ വളരെ സന്തോഷിക്കും. എന്റെ സഹ നടന്മാരും ഇത് തന്നെയാണ് ആഗ്രഹിക്കുന്നത്,' അജിത് പറഞ്ഞു.
നമ്മള്‍ വിജയിച്ച് നില്‍ക്കുകയാണെങ്കിലും അതീവ ജാഗ്രത പുലര്‍ത്തണം, വിജയം എപ്പോഴും ഉണ്ടാകില്ല. വിജയവും പരാജയവും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സ്പോര്‍ട്സ് നിങ്ങളെ പഠിപ്പിക്കുമെന്നും അജിത് പറഞ്ഞു. ജീവിതം ആസ്വദിക്കാന്‍ ഉള്ളതാണെന്നും ഓരോ ദിവസവും നന്നാക്കാന്‍ വേണ്ടി പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, അജിത്ത് കുമാറിന്റെ റേസിംഗ് ടീം 24 എച്ച് ദുബായ് 2025 എന്‍ഡ്യൂറന്‍സ് റേസില്‍ മൂന്നാം സ്ഥാനം നേടിയിരുന്നു. 991 വിഭാഗത്തിലാണ് അജിത് കുമാര്‍ റേസിംഗ് ഡ്രൈവറായ ബൈ ബാസ് കോറ്റന്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയതെന്നാണ് വിവരം. അജിത്ത് കുമാര്‍ റേസിംഗ് എന്ന പേരിലുള്ള കാര്‍റേസിംഗ് ടീമിന്റെ ഉടമകൂടിയാണ് നടന്‍ അജിത്ത്.
ഇന്ത്യന്‍ നടന്മാരില്‍ അന്താരാഷ്ട്ര റേസിങ് മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള ഏകവ്യക്തി കൂടിയാണ് ഇദ്ദേഹം. 2010ലെ എംആര്‍എഫ് റേസിങ് സീരീസില്‍ പങ്കെടുത്ത അജിത് പിന്നീട് ചെന്നൈ, മുംബൈ, ഡല്‍ഹി എന്നിങ്ങനെ ഇന്ത്യയില്‍ നടന്ന നിരവധി റേസിങ് സര്‍ക്യൂട്ടുകള്‍ പിന്നിട്ട് ജര്‍മനിയിലും മലേഷ്യയിലും നടന്ന റേസിങ്ങുകളിലും ഫോര്‍മുല 2 ചാമ്പ്യന്‍ഷിപ്പിലും ഉള്‍പ്പെടെ പങ്കെടുത്തിട്ടുണ്ട്.