'ആഹാഹാ പെടയ്ക്കണ മാക്രി..'; ഒരു വിഡ്ഢിയുമായി ഒരിക്കലും തർക്കിക്കരുത്, അവർ നിങ്ങളെ അവരുടെ നിലവാരത്തിലേക്ക് വലിച്ചിടും; പരിഹസിച്ച് അഖിൽ മാരാർ
കൊച്ചി: ബിഗ് ബോസ് സീസൺ 7 വിജയി അനുമോൾക്ക് പിആർ പിന്തുണയുണ്ടെന്ന ആരോപണവുമായി വീണ്ടും രംഗത്തെത്തിയ ശൈത്യ സന്തോഷിന് മറുപടിയുമായി ബിഗ് ബോസ് സീസൺ 5 മത്സരാർത്ഥിയും സംവിധായകനുമായ അഖിൽ മാരാർ. സോഷ്യൽ മീഡിയയിലൂടെയായിരുന്നു മാരാരുടെ പ്രതികരണം.
കഴിഞ്ഞ ഞായറാഴ്ചയാണ് ബിഗ് ബോസ് സീസൺ 7ന് തിരശ്ശീല വീണത്. ഇതിന് പിന്നാലെയാണ്, അനുമോളുടെ വിജയം പിആർ പിന്തുണയോടെയാണ് മത്സരിച്ചതെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന കമന്റുകൾക്ക് ശൈത്യ പിന്തുണ നൽകിയത്.
കൂടാതെ, റീ-എൻട്രിയിലൂടെ വന്നവർ വിജയിയെ പ്രൊമോട്ട് ചെയ്യുകയാണെന്ന് സൂചിപ്പിച്ച് അഖിൽ മാരാർ നടത്തിയ പരാമർശങ്ങളെ ശൈത്യ പരിഹസിച്ചിരുന്നു. 'മാരാർ കൊട്ടിയാൽ മാക്രി കരയും, പക്ഷേ അഡ്വക്കേറ്റ് ശൈത്യ കരയില്ല. മാരാരുടെ തട്ട് താണേ ഇരിക്കൂവെന്ന് കേട്ടിട്ടുണ്ട്, പക്ഷേ തൊപ്പിയുടെ മുന്നിൽ മാരാരുടെ തട്ട് എത്രത്തോളം താണെന്ന് എല്ലാവർക്കും കാണാം. ഉത്തരം മുട്ടുമ്പോൾ റഷ്യൻ വിപ്ലവം എടുത്ത് ഇടേണ്ട കാര്യമില്ല', എന്നായിരുന്നു ശൈത്യയുടെ വാക്കുകൾ.
ഇതിനോട് പ്രതികരിച്ചുകൊണ്ട്, ശൈത്യയുടെ പേരെടുത്തു പറയാതെയാണ് അഖിൽ മാരാർ മറുപടി നൽകിയത്. 'ഒരു വിഡ്ഢിയുമായി ഒരിക്കലും തർക്കിക്കരുത്, അവർ നിങ്ങളെ അവരുടെ നിലവാരത്തിലേക്ക് വലിച്ചിടും' എന്ന് അദ്ദേഹം കുറിച്ചു. കൂടാതെ, ഒരു പാറക്കല്ലിന് മുകളിൽ വാളുമായി നിൽക്കുന്ന തവളയുടെ ചിത്രം പങ്കുവെച്ച് 'ഞാൻ പേടിച്ചു. ആരാണ് ഈ മാക്രിയെ തുറന്നുവിട്ടത്?' എന്നും, മീൻ പിടിക്കുന്നതിൻ്റെ വീഡിയോ പങ്കുവെച്ച് 'ആഹാഹാ പെടയ്ക്കണ മാക്രി' എന്നും മാരാർ കുറിച്ചു.