'മോൻ സിനിമയിൽ വരും കേട്ടോ'യെന്ന് പറഞ്ഞ് നെറ്റിയിൽ ചുംബിച്ച് അനുഗ്രഹിച്ചു; 23കാരന് ലഭിച്ച ഏറ്റവും വലിയ പ്രതീക്ഷ; മോഹൻലാലിന്റെ അമ്മയെ ഇന്റർവ്യൂ ചെയ്ത ഓർമ്മകൾ പങ്കുവെച്ച് അനൂപ് മേനോന്‍
കൊച്ചി: മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെ വിയോഗത്തിൽ ഹൃദയസ്പർശിയായ ഓർമ്മക്കുറിപ്പുമായി നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ. വർഷങ്ങൾക്കുമുമ്പ് കൈരളി ടിവിക്കു വേണ്ടി ശാന്തകുമാരിയെ അഭിമുഖം ചെയ്തതും അന്നുണ്ടായ അനുഭവങ്ങളും അനൂപ് മേനോൻ പങ്കുവെച്ചു. മോഹൻലാലിനെ നേരിൽ കാണുന്നതിനുമുമ്പാണ് താൻ അദ്ദേഹത്തിന്റെ അമ്മയെ അഭിമുഖം ചെയ്തതെന്നും അദ്ദേഹം അനുസ്മരിച്ചു.
അഭിമുഖത്തിനായി ശാന്തകുമാരിയുടെ വീട്ടിലെത്തുമ്പോൾ തനിക്ക് 23 വയസായിരുന്നുവെന്ന് അനൂപ് മേനോൻ ഓർമ്മിക്കുന്നു. സൂപ്പർതാരത്തിന്റെ അമ്മയെ കാണുന്നതിന്റെ പരിഭ്രമത്തിലായിരുന്ന തന്നെ ഊഷ്മളമായ ചിരിയോടും കനിവുള്ള കണ്ണുകളോടും കൂടി അവർ വരവേറ്റു. ഒരു വീട്ടിലെ അംഗത്തെപ്പോലെയാണ് അവർ തന്നോട് സംസാരിച്ചതെന്നും, താനൊരു അവതാരകനായി ആദ്യമായി ചോദ്യങ്ങൾ ചോദിക്കാതെ പോയ അഭിമുഖമായിരുന്നു അതെന്നും അനൂപ് മേനോൻ കുറിച്ചു.
അനൂപ് മേനോന്റെ കുറിപ്പിന്റെ പൂർണ രൂപം:
"അമ്മ... ആ പേര് അന്വർത്ഥമാക്കിയ വ്യക്തിയായിരുന്നു അവർ. കണ്ടുമുട്ടുന്നവരെയെല്ലാം 'മക്കളേ' എന്ന ആ സ്നേഹവിളിയിലൂടെ അവർ വരവേറ്റു. കൈരളി ടിവിയിൽ അവതാരാകനായിരുന്ന കാലത്താണ് ലാലേട്ടന്റെ അമ്മയെ ഇന്റർവ്യൂ ചെയ്യാൻ ഞാൻ ആദ്യമായി ആ വീട്ടിൽ ചെല്ലുന്നത്. അന്ന് എനിക്ക് 23 വയസ്സ്. ലാലേട്ടനെ എനിക്ക് നേരിട്ട് പരിചയമില്ല. ഒരു സൂപ്പർതാരത്തിന്റെ വീട്ടിലേക്ക് അദ്ദേഹത്തിന്റെ അമ്മയെ കാണാൻ പോകുന്നതിന്റെ പരിഭ്രമത്തിലായിരുന്നു ഞാൻ. പേടിച്ച് വയറ്റിൽ തീ പിടിക്കുന്ന അവസ്ഥ.
പക്ഷേ, ആ വീട്ടിലേക്ക് ചെന്നുകയറിയപ്പോൾ ഏറ്റവും ഊഷ്മളമായ ചിരിയോടെയും ദയാവായ്പുള്ള കണ്ണുകളോടെയും അവർ എന്നെ സ്വീകരിച്ചു. ആ നിമിഷം മുതൽ ഞാൻ ആ വീട്ടിലെ ഒരാളാണെന്ന് എനിക്ക് തോന്നിത്തുടങ്ങി. എന്റെ കരിയറിൽ ആദ്യമായിട്ടായിരിക്കണം, ഒരു അവതാരാകൻ ചോദ്യങ്ങൾ ചോദിക്കുന്നതിന് പകരം അവർ എന്നോട് വിശേഷങ്ങൾ ചോദിച്ചുകൊണ്ടിരുന്നു. ഇടയ്ക്ക് തന്റെ 'ലാലു'വിനെക്കുറിച്ചുള്ള കഥകൾ ഒരു അടുത്ത ബന്ധുവിനോടന്നപോലെ അവർ പറഞ്ഞുതന്നു.
ഞങ്ങൾക്ക് ഉച്ചഭക്ഷണം നൽകി, ചായ കുടിക്കാതെ വിടില്ലെന്ന് വാശിപിടിച്ചു. യാത്ര പറഞ്ഞിറങ്ങുമ്പോൾ എന്റെ നെറ്റിയിൽ ചുംബിച്ചുകൊണ്ട് അവർ അനുഗ്രഹിച്ചു: 'മോൻ സിനിമയിൽ വരും കേട്ടോ'. അന്നൊരു ദിവസത്തെ ജോലിക്ക് 200 രൂപ മാത്രം പ്രതിഫലം ലഭിക്കുന്ന, നിസ്സഹായനായ ആ 23-കാരന് ലഭിച്ച ഏറ്റവും വലിയ പ്രതീക്ഷയായിരുന്നു ആ വാക്കുകൾ.
വർഷങ്ങൾക്ക് ശേഷം ലാലേട്ടനെ നേരിട്ട് കണ്ടപ്പോൾ, അമ്മ പകർന്നുനൽകിയ അതേ സ്നേഹം അദ്ദേഹത്തിലും ഞാൻ കണ്ടു. 'കനൽ' എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ അമ്മയുടെ അസുഖത്തെക്കുറിച്ച് പറയുമ്പോൾ ലാലേട്ടന്റെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഒരു മകൻ അമ്മയെ ഇത്രയധികം സ്നേഹിക്കുന്നതും പരിചരിക്കുന്നതും ഞാൻ വേറെ എവിടെയും കണ്ടിട്ടില്ല. ലാലേട്ടാ, അത് നിങ്ങളുടെ മനസ്സിന്റെ നന്മ മാത്രമല്ല, ആ അമ്മ അത്രമേൽ സ്നേഹനിധിയായതുകൊണ്ട് കൂടിയാണ്. ആ സ്നേഹം അവർക്ക് മാത്രം അവകാശപ്പെട്ടതായിരുന്നു. അമ്മേ, ഞങ്ങൾ നിങ്ങളെ ഒരുപാട് മിസ്സ് ചെയ്യും."
