'അനി മികച്ച സംഗീതമാണ് ഒരുക്കുന്നത്; 10 അല്ല 10,000 സംഗീത സംവിധായകരില്‍ നിന്നും വേറിട്ട് നില്‍ക്കുന്നു; എന്നാല്‍ സംഗീതം ചെയ്യുമ്പോള്‍ ഇക്കാര്യം കൂടി ചെയ്യണം; അനിരുദ്ധിന് ഉപദേശവുമായി എആര്‍ റഹ്‌മാന്‍

Update: 2025-01-08 08:24 GMT

തെന്നിന്ത്യയില്‍ ഒട്ടേറെ ആരാധകരുള്ള യുവ സം?ഗീത സംവിധായകരില്‍ ഒരാളാണ് അനിരുദ്ധ് രവിചന്ദര്‍. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി ഹിറ്റുകളാണ് അനിരുദ്ധ് സിനിമാ മേഖലയ്ക്ക് സമ്മാനിച്ചത്. ഇപ്പോഴിതാ അനിരുദ്ധിനെക്കുറിച്ച് എആര്‍ റഹ്‌മാന്‍ പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. നിരവധി സംഗീത സംവിധായകര്‍ നമ്മുക്കുണ്ട്. അവര്‍ക്കിടയില്‍ വ്യത്യസ്തമായ സംഗീതത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടാന്‍ അനിരുദ്ധിന് സാധിച്ചിട്ടുണ്ടെന്നും എആര്‍ റഹ്‌മാന്‍ പറഞ്ഞു.

ചെന്നൈയില്‍ വച്ച് നടന്ന 'കാതലിക്ക നേരമില്ലൈ' എന്ന സിനിമയുടെ ട്രെയ്ലര്‍ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'അനി മികച്ച സംഗീതമാണ് ഒരുക്കുന്നത്. അദ്ദേഹം വലിയ സിനിമകളില്‍ പ്രവര്‍ത്തിക്കുകയും ഹിറ്റുകള്‍ നല്‍കുകയും ചെയ്യുന്നു. 10 അല്ല 10,000 സംഗീത സംവിധായകരുണ്ട് ഇവിടെ. എന്നാല്‍ അദ്ദേഹം വേറിട്ട് നില്‍ക്കുന്നു. അത് അദ്ദേഹത്തിന്റെ കഴിവ് കൊണ്ടാണ്. എന്നാല്‍ എന്റെ അഭ്യര്‍ഥന എന്തെന്നാല്‍ ക്ലാസിക്കല്‍ സംഗീതം പഠിച്ച് പാട്ടുകള്‍ ചെയ്യണം. രാഗം അടിസ്ഥാനമാക്കി കുറേ പാട്ടുകള്‍ ചെയ്യണം.


അതിലൂടെ നിങ്ങളുടെ സംഗീതത്തെ സമ്പന്നമാക്കുക മാത്രമല്ല, അടുത്ത തലമുറയെ പ്രചോദിപ്പിക്കുകയും പഠിപ്പിക്കുകയുമാണ് ചെയ്യുന്നത്'.- എ ആര്‍ റഹ്‌മാന്‍ പറഞ്ഞു. അതേസമയം പൊതുപരിപാടികളിലുള്‍പ്പെടെ എആര്‍ റഹ്‌മാനോടുള്ള തന്റെ ആരാധന അനിരുദ്ധും പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്.

ശങ്കര്‍ സംവിധാനം ചെയ്ത ഐ എന്ന ചിത്രത്തിലെ റഹ്‌മാന്‍ സംഗീതം നല്‍കിയ 'മെര്‍സലായിട്ടെന്‍' എന്ന ഗാനം ആലപിച്ചതും അനിരുദ്ധായിരുന്നു. പൊങ്കല്‍ റിലീസായി ഈ മാസം 14 നാണ് കാതലിക്ക നേരമില്ലൈ തിയറ്ററുകളിലെത്തുന്നത്. ജയം രവി നായകനാകുന്ന സിനിമയില്‍ നിത്യ മേനന്‍ ആണ് നായിക.

Tags:    

Similar News