കുങ്കുമപ്പൂവിൽ പ്രതിഫലം 4500 രൂപ, വിമാന ടിക്കറ്റിന് ഒരു ലക്ഷം; ദുബായിൽ നിന്നും വന്ന് അഭിനയിച്ചത് സ്വന്തം കാശ് മുടക്കി; പണത്തിന് വേണ്ടിയല്ല ആ സീരിയൽ ചെയ്തത്; തുറന്നുപറഞ്ഞ് ആശ ശരത്ത് ആശ ശരത്ത്

Update: 2026-02-10 05:27 GMT

കൊച്ചി: സിനിമയിൽ സജീവമാകുന്നതിന് മുൻപ് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി ആശ ശരത്തിനെ മാറ്റിയത് 'കുങ്കുമപ്പൂവ്' എന്ന സീരിയലിലെ പ്രൊഫസർ ജയന്തി എന്ന കഥാപാത്രമായിരുന്നു. ഇപ്പോഴിതാ ആ സീരിയലിന്റെ ഓർമ്മകളും അന്ന് തനിക്ക് ലഭിച്ചിരുന്ന പ്രതിഫലത്തെ കുറിച്ചും മനസ്സ് തുറക്കുകയാണ് താരം. സീരിയലിൽ അഭിനയിച്ചിരുന്ന കാലത്ത് തനിക്ക് ലഭിച്ചിരുന്നത് വെറും 4500 രൂപ മാത്രമായിരുന്നുവെന്ന് ആശ വെളിപ്പെടുത്തി.

"കുങ്കുമപ്പൂവിൽ അഭിനയിക്കുമ്പോൾ ഒരു ദിവസത്തേക്ക് 4500 രൂപയായിരുന്നു പ്രതിഫലം. സീരിയൽ അവസാനിക്കാറായപ്പോഴേക്കും അത് 5500 രൂപയായി. അന്ന് ഞാൻ ദുബായിലായിരുന്നതിനാൽ ഷൂട്ടിംഗിനായി വന്നുപോകാനുള്ള വിമാന ടിക്കറ്റ് നിരക്ക് അവർക്ക് താങ്ങാൻ കഴിയുമായിരുന്നില്ല," താരം പറഞ്ഞു. ഒരു തവണ വന്നുപോകാൻ ഏകദേശം ഒരു ലക്ഷം രൂപയോളം ടിക്കറ്റ് നിരക്ക് വരുമായിരുന്നു. നാല് വർഷത്തോളം സ്വന്തം കയ്യിൽ നിന്നാണ് ടിക്കറ്റ് തുക ചെലവാക്കിയതെന്നും താരം കൂട്ടിച്ചേർത്തു.

"ഞാൻ പണത്തിന് വേണ്ടിയല്ല ആ സീരിയൽ ചെയ്തത്. കോസ്റ്റ്യൂമും ആഭരണങ്ങളും എല്ലാം സ്വന്തമായി എടുക്കുമായിരുന്നു. അത്രത്തോളം ആ കഥാപാത്രത്തോട് എനിക്ക് ആത്മബന്ധമുണ്ടായിരുന്നു. ആ തീരുമാനം തെറ്റായിരുന്നില്ലെന്ന് കാലം തെളിയിച്ചു; ജയന്തി എന്ന കഥാപാത്രം ഒരിക്കലും പ്രതീക്ഷിക്കാത്ത ഉയരങ്ങളിലേക്കാണ് എന്നെ എത്തിച്ചത്," ആശ ശരത്ത് പറഞ്ഞു. 'ഒറിജിനൽസി'ന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

അതേസമയം, ആശ ശരത്ത് പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രം 'ആശകൾ ആയിരം' തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുകയാണ്. ജയറാമും മകൻ കാളിദാസ് ജയറാമും 23 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 'ഒരു വടക്കൻ സെൽഫി'ക്ക് ശേഷം ജി. പ്രജിത്ത് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്നാണ്.

ഷറഫുദ്ദീന്‍, ഇഷാനി കൃഷ്ണ, രമേശ് പിഷാരടി, കുഞ്ചൻ എന്നിവരടങ്ങുന്ന വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും കൃഷ്ണമൂർത്തിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Tags:    

Similar News