'ബൾട്ടിയുടെ പോസ്റ്ററുകൾ വലിച്ചു കീറുന്നു, മുകളിൽ മറ്റൊരു ചിത്രത്തിന്റെ പോസ്റ്റർ ഒട്ടിക്കുന്നു'; ഷെയ്ൻ നിഗത്തിന്‍റെ വളർച്ചയെ തടയാനുള്ള ശ്രമമാണെന്ന് സംശയിക്കുന്നതായി സന്തോഷ് ടി. കുരുവിള

Update: 2025-10-03 10:36 GMT

കൊച്ചി: ഷെയ്ൻ നിഗം നായകനായ ഏറ്റവും പുതിയ ചിത്രം 'ബൾട്ടി'യുടെ പോസ്റ്ററുകൾ കേരളത്തിലുടനീളം വ്യാപകമായി നശിപ്പിക്കപ്പെടുന്നതിനെതിരെ ചിത്രത്തിന്‍റെ നിർമ്മാതാവ് സന്തോഷ് ടി. കുരുവിള. ഇത് കടുത്ത അസഹിഷ്ണുതയുടെ ഭാഗമാണെന്നും, ആരാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചിത്രത്തിന്‍റെ പ്രചരണ സാമഗ്രികൾ ബോധപൂർവ്വം നശിപ്പിക്കുകയും മറ്റൊരു സിനിമയുടെ പോസ്റ്ററുകൾ ഇതിന് മുകളിൽ ഒട്ടിച്ചു മറയ്ക്കുകയും ചെയ്യുന്നത് ഹീനമായ പ്രവർത്തിയാണെന്ന് സന്തോഷ് ടി. കുരുവിള കുറ്റപ്പെടുത്തി. ഷെയ്ൻ നിഗം നായകനായ 'ബൾട്ടി' മികച്ച അഭിപ്രായം നേടുന്ന സാഹചര്യത്തിലാണ് ഇത്തരം നീക്കങ്ങളെന്നും, ഇത് ഒരു നടനെന്ന നിലയിൽ ഷെയ്ൻ നിഗത്തിന്‍റെ വളർച്ചയെ തടയാനുള്ള ശ്രമമാണോ എന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.

സന്തോഷ് ടി കുരുവിളയുടെ കുറിപ്പിന്റെ പൂർണ രൂപ:

ഇത് കടുത്ത അസഹിഷ്ണുതയാണ് !

എന്തിനാണ് വളരെ ആസൂത്രിതമായി ഷെയ്ൻ നിഗം എന്ന നടന്‍റെ പോസ്റ്ററുകൾ വലിച്ചു കീറുന്നത് എന്ന് മനസ്സിലാവുന്നില്ല?

തിയറ്ററുകളിൽ വിജയകരമായ് പ്രദർശിപ്പിക്കുന്ന ഒരു മലയാള സിനിമയുടെ മുകളിലേക്ക് എന്തിനാണ് ഒരു മറ്റൊരു ചിത്രത്തിന്‍റെ പോസ്റ്ററുകൾ അറിഞ്ഞു കൊണ്ടുതന്നെ ഒട്ടിച്ചു മറയ്ക്കുന്നത്?

ഈ പ്രവർത്തി അങ്ങയറ്റം ഹീനമായ ഒന്നാണ്. ഷെയിൻ നിഗം ചിത്രങ്ങളായ ബൾട്ടി, ഹാൽ എന്നീ സിനിമകളുടെ പ്രൊമോഷണൽ മറ്റീരിയൽ വലിച്ചു കീറണമെന്നും ഒട്ടിച്ചു മറയ്ക്കണമെന്നതും ആരുടെ താൽപര്യമാണ്? ഷെയ്ൻ നിഗം എന്ന നടന്‍റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാണ് ബൾട്ടി, പ്രേക്ഷകർ നല്ല അഭിപ്രായങ്ങൾ ഉറക്കെ പറയുമ്പോൾ ആരാണ് അസ്വസ്ഥരാവുന്നത്?

ആരാണ് മുൻ നിരയിലേക്ക് എത്തുന്ന ഈ ചെറുപ്പക്കാരനെ അപ്രസക്തനാക്കാൻ ശ്രമിക്കുന്നത്?

ഇവിടെ ചേർത്തിരിക്കുന്ന ഫോട്ടോകൾ എനിക്ക് ലഭിച്ച ഏതാനും ചിലത് മാത്രമാണ്. കേരളത്തിലങ്ങോളം ഇങ്ങോളം ഈ പരിപാടി തുടങ്ങിയിട്ട് പത്ത് ദിവസത്തോളമായ്. എന്താണിവരുടെ ഉദ്ദേശം?

ഞാൻ തന്നെ നിർമിച്ച എന്‍റെ മുൻകാല ചിത്രങ്ങളായ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കെട്ടിയോളാണെന്‍റെ മാലാഖ അതിനും മുമ്പ് മഹേഷിന്‍റെ പ്രതികാരത്തിനൊപ്പം ആക്ഷൻ ഹീറോ ബിജു, മായാനദി, ആട് 2 അവസാനമായി ന്നാ താൻ കേസ് കൊട്, തല്ലുമാല അപ്പോഴൊന്നും സംഭവിക്കാത്തതാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത് ഈ പോസ്റ്റർ കീറൽ പരിപാടി. അപ്പോൾ കാര്യങ്ങൾ വ്യക്തമാവുന്നുണ്ടല്ലോ ?

എന്താണ് ഷെയ്ൻ നിഗം എന്ന ഒരു മികച്ച യുവ നടൻ ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നത്? മലയാളത്തിലെ എന്‍റെ പ്രിയപ്പെട്ട സിനിമ സ്നേഹികളോട് ഒരു നിർമ്മാതാവ് എന്ന നിലയിൽ പിന്തുണ തേടുകയാണ്.

Full View

Tags:    

Similar News