ചെലവ് താങ്ങാന്‍ സാധിക്കില്ല! രണ്ട് വര്‍ഷത്തെ ഷൂട്ടിങ്, 80 കോടി ബജറ്റും; ബാഹുബലി സീരിസ് ഉപേക്ഷിച്ച് നെറ്റ്ഫ്‌ലിക്‌സ്
ചെലവ് താങ്ങാന്‍ സാധിക്കില്ല! രണ്ട് വര്‍ഷത്തെ ഷൂട്ടിങ്,
മുബൈ: ബാഹുബലി സീരിസ് നെറ്റ്ഫ്‌ലിക്‌സ് ഉപേക്ഷിച്ചുവെന്ന് വെളിപ്പെടുത്തി നടന്‍ ബിജയ് ആനന്ദ്. രണ്ട് വര്‍ഷത്തോളമെടുത്ത് നിര്‍മ്മിച്ച 80 കോടിയോളം മുടക്കിയ പരമ്പരയാണ് പ്രിവ്യൂ കണ്ട ശേഷം നെറ്റ്ഫ്‌ലിക്‌സ് ഉപേക്ഷിച്ചതെന്നാണ് ബിജയ് ആനന്ദ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. താന്‍ ഈ പരമ്പരയില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു എന്നാണ് നടന്‍ പറഞ്ഞത്.
2018 ല്‍ പ്രഖ്യാപിച്ച ഷോ രണ്ട് തവണ ചിത്രീകരിച്ചുവെന്നും വ്യത്യസ്ത ക്രിയേറ്റീവ് ടീമുകള്‍ അതിന് നേതൃത്വം നല്‍കിയെന്നും രണ്ട് അവസരങ്ങളിലും റിലീസിന് യോഗ്യമല്ലെന്ന് നെറ്റ്ഫ്‌ലിക്‌സ് പറഞ്ഞതിനെ തുടര്‍ന്ന് പരമ്പര ഉപേക്ഷിച്ചുവെന്നാണ് നടന്‍ പറയുന്നത്. ബാഹുബലി: ബിഫോര്‍ ദ് ബിഗിനിങ് എന്ന് പേരിട്ടിരിക്കുന്ന ഷോയില്‍ മൃണാള്‍ താക്കൂര്‍ അഭിനയിക്കും എന്ന് പറഞ്ഞിരുന്നെങ്കിലും ഇവര്‍ക്ക് പകരം വാമിക ഗബ്ബി അഭിനയിച്ചിരുന്നു.
''ഇതൊരു സാധാരണ നെറ്റ്ഫ്‌ലിക്‌സ് ഷോയാണെന്നാണ് ഞാന്‍ കരുതിയത്. അതിനാല്‍ ഞാന്‍ ആദ്യം നിരസിച്ചു. സിനിമകള്‍ ചെയ്യാനായിരുന്നു എനിക്ക് ആഗ്രഹം. എന്നാല്‍ എന്നോട് തീരുമാനം പുനരാലോചിക്കാന്‍ കരണ്‍ കുന്ദ്ര പറഞ്ഞു. അങ്ങനെ ആ ഓഫര്‍ തെരഞ്ഞെടുത്തു. ഹൈദരാബാദില്‍ രണ്ട് വര്‍ഷം ഷൂട്ട് ചെയ്തു. രണ്ട് വര്‍ഷത്തിന് ശേഷം, നെറ്റ്ഫ്‌ലിക്‌സ് ഷോ കണ്ടപ്പോള്‍. അവര്‍ ഷോ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു.
അത് ഒരിക്കലും പുറത്തിറങ്ങിയില്ല. അത് ഇറങ്ങിയിരുന്നെങ്കില്‍ ബാഹുബലിയിലെ മൂന്നാമത്തെ പ്രൊഡക്ഷനാകുമായിരുന്നു അത്. വളരെ വലിയ ഒരു ഷോ ആയിരുന്നു അത്. അവര്‍ 80 കോടി രൂപ ഇതിനായി ചെലവഴിച്ചുവെന്നാണ് വിരം. അതില്‍ പ്രധാന വേഷം എനിക്കായിരുന്നു'. എന്തുകൊണ്ടാണ് ഷോ റദ്ദാക്കിയതെന്ന് എന്ന ചോദ്യത്തിനും ബിജയ് ആനന്ദ് മറുപടി പറഞ്ഞു.
''നെറ്റ്ഫ്‌ലിക്‌സ് കരുതിയ പോലെയായിരുന്നില്ല അവസാനം ഷോ വന്നത്. നെറ്റ്ഫ്‌ലിക്‌സിന് അവരുടെതായ ചില രീതികള്‍ ഉണ്ടായിരുന്നു. ഈ സീരിസ് ചെയ്തു കൊണ്ടിരുന്ന സമയത്താണ് പ്രഭാസിന്റെ സാഹോയിലേക്ക് എന്നെ വിളിക്കുന്നത്. ലണ്ടന്‍, തുര്‍ക്കി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. പ്രഭാസിനൊപ്പമുള്ള കോമ്പിനേഷന്‍ രംഗങ്ങളും എനിക്കുണ്ടായിരുന്നു. പക്ഷേ അതെനിക്ക് ഉപേക്ഷിക്കേണ്ടി വന്നു.'- ബിജയ് ആനന്ദ് പറഞ്ഞു.