'പ്ലാച്ചിയുള്ളതുകൊണ്ടാണ് ഞാൻ ബിഗ് ബോസ് ജയിച്ചത്, അതിൽ കൂടോത്രമുണ്ട്, കൊണ്ടുപോയി കേസ് കൊടുക്ക്'; പാവയെകുറിച്ചുള്ള ട്രോളുകൾക്ക് മറുപടിയുമായി ബിഗ് ബോസ് താരം അനുമോൾ
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 7 വിജയി അനുമോളുടെ പ്ലാച്ചി എന്ന പേരിലുള്ള പാവയെ ചുറ്റിപ്പറ്റിയുള്ള വിമർശനങ്ങൾക്കും ട്രോളുകൾക്കും മറുപടിയുമായി താരം. താൻ വിജയിച്ചത് പ്ലാച്ചിയിലെ കൂടോത്രം കൊണ്ടാണെന്ന് പരിഹാസരൂപേണ സമ്മതിച്ച അനുമോൾ, ഇതിനെതിരെ നിയമനടപടി സ്വീകരിക്കാൻ വിമർശകരെ വെല്ലുവിളിക്കുകയും ചെയ്തു. "പ്ലാച്ചിയുള്ളതുകൊണ്ടാണ് ഞാൻ ബിഗ് ബോസ് ജയിച്ചത് എന്ന് പറയുന്നവരോട്, അതിൽ കൂടോത്രമുള്ളതുകൊണ്ടാണ് ഞാൻ വിജയിച്ചത്. സത്യമാണ്, കൊണ്ടുപോയി കേസ് കൊടുക്ക്. എല്ലായിടത്തും പ്ലാച്ചിയെ കൊണ്ടുപോയാൽ ശരിയാവില്ല," അനുമോൾ പറഞ്ഞു.
ബിഗ് ബോസ് മലയാളം സീസൺ 7-ൽ മത്സരാർത്ഥികളെപ്പോലെ തന്നെ ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു 'പ്ലാച്ചി'. അനുമോളുടെ സന്തതസഹചാരിയായിരുന്ന ഈ പാവയെച്ചൊല്ലി നിരവധി വിമർശനങ്ങളും ട്രോളുകളും ഉയർന്നിരുന്നു. പ്ലാച്ചിയിൽ കൂടോത്രമുണ്ടെന്നായിരുന്നു പ്രധാന ആരോപണങ്ങളിലൊന്ന്. ഈ വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അനുമോൾ. മുൻ ബിഗ് ബോസ് താരം അഭിഷേക് ശ്രീകുമാറും അനുമോൾക്കൊപ്പം ഉണ്ടായിരുന്നു. അഭിഷേക് തന്റെ അടുത്ത സുഹൃത്താണെന്നും, ബിഗ് ബോസിലേക്ക് പോകുന്നതിന് മുൻപ് അദ്ദേഹം ഒരുപാട് പ്രോത്സാഹനം നൽകിയിരുന്നതായും അനുമോൾ വെളിപ്പെടുത്തി.
നെഗറ്റീവ് കമന്റുകളോടുള്ള തന്റെ നിലപാടും അനുമോൾ വ്യക്തമാക്കി. "ഒരു പണിയുമില്ലാതെ ഇരുന്ന് കമന്റ് ചെയ്യുന്ന കുറേ ഫേക്ക് പ്രൊഫൈലുകൾ ഞാൻ കണ്ടിട്ടുണ്ട്. എത്ര കഷ്ടപ്പെട്ടാണ് ഇവിടെവരെ എത്തിയതെന്ന് എനിക്കറിയാം. എന്തൊക്കെ അടിച്ചിറക്കിയാലും ഒന്നും നടക്കില്ല. നെഗറ്റീവ് കമന്റുകൾ എന്നെ ബാധിക്കില്ല, ഞാൻ അതൊന്നും മൈൻഡ് ചെയ്യില്ല," അവർ കൂട്ടിച്ചേർത്തു.
ബിഗ് ബോസിലെ അവസാനത്തെ ആഴ്ച ഏറെ പ്രയാസകരമായിരുന്നെന്നും, ആ സമയമാവുമ്പോഴേക്കും തനിച്ചായിപ്പോകുമെന്നും അനുമോൾ പറഞ്ഞു. റീഎൻട്രിയിൽ വന്ന മത്സരാർത്ഥികളോട് തനിക്ക് നന്ദിയുണ്ടെന്നും, ദൈവം പറഞ്ഞുവിട്ടവരാണവരെ എന്നും അവർ വിശേഷിപ്പിച്ചു. ആരോടും ദേഷ്യമോ വെറുപ്പോ ഇല്ലെന്നും, അവരെയൊന്നും താൻ കാണുന്നില്ലെന്നും അനുമോൾ വ്യക്തമാക്കി.