താൻ വളർത്തുന്ന നായകളുമായി പുറത്തിറങ്ങിയതും കൺമുന്നിൽ തീ ആളിക്കത്തുന്ന കാഴ്ച; രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം; ഇതിന് കാരണം അവർ തന്നെയെന്ന് നടിയുടെ പ്രതികരണം
മുംബൈ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പടക്കം പൊട്ടിച്ചതിനെത്തുടർന്ന് ഒരു വീടിന് തീപിടിച്ച സംഭവത്തിൽ, നിരുത്തരവാദപരമായി പ്രചാരണ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നവർക്കെതിരെ രൂക്ഷവിമർശനവുമായി നടി ഡെയ്‌സി ഷാ രംഗത്തെത്തി. മുംബൈയിലെ ബാന്ദ്ര ഈസ്റ്റ് പ്രദേശത്താണ് ചൊവ്വാഴ്ച രാത്രിയോടെ ഈ അപകടമുണ്ടായത്.
തന്റെ നായകളുമായി നടക്കാനിറങ്ങിയപ്പോൾ താമസസ്ഥലത്തിന് സമീപം തീ ആളിക്കത്തുന്നത് നേരിൽ കണ്ടതായി ഡെയ്‌സി ഷാ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു. സംഭവത്തിന് കാരണക്കാരായ പ്രചാരകർ അപകടം നടന്നയുടൻ ഓടി രക്ഷപ്പെട്ടുവെന്നും, ഇതിന്റെ പ്രത്യാഘാതം പ്രദേശവാസികൾക്ക് നേരിടേണ്ടി വരുമെന്നും അവർ ചൂണ്ടിക്കാട്ടി. വീടുകൾ തോറും കയറി പ്രചാരണം നടത്തുന്നതിൽ നിന്ന് രാഷ്ട്രീയ പാർട്ടികളെ വിലക്കിയ തന്റെ ബിൽഡിങ് കമ്മിറ്റിയുടെ തീരുമാനത്തെ നടി അഭിനന്ദിക്കുകയും ചെയ്തു.
"ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുമായി എനിക്ക് യാതൊരു ബന്ധവുമില്ല. എന്നാൽ, തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നവർക്ക് സാമാന്യബുദ്ധിയുണ്ടെന്ന് ഉറപ്പാക്കണം. വീടുകൾക്ക് സമീപം പടക്കം പൊട്ടിക്കുകയല്ല വേണ്ടത്. പൗരബോധമില്ലാതെ ആളുകൾ പെരുമാറുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളാണിത്," ഡെയ്‌സി ഷാ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. പൊതുജന സുരക്ഷയെ അവഗണിച്ച് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടത്തുന്നതിലെ അപകടങ്ങളെയും പൗരബോധമില്ലായ്മയെയും ഈ സംഭവം ഓർമ്മിപ്പിക്കുന്നു.