'ഓൺലൈൻ വീഡിയോ ഗെയിമിംഗിനിടെ മകളോട് നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടു'; കുട്ടികൾക്ക് സൈബർ സുരക്ഷാ പരിശീലനം നൽകണം; മകൾക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി അക്ഷയ് കുമാർ

Update: 2025-10-03 12:48 GMT

മുംബൈ: രാജ്യത്ത് വർധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവാന്മാരാകണമെന്നും കുട്ടികൾക്ക് സൈബർ സുരക്ഷാ പരിശീലനം നൽകേണ്ടത് അത്യാവശ്യമാണെന്നും ബോളിവുഡ് നടൻ അക്ഷയ് കുമാർ. തൻ്റെ മകൾക്ക് ഓൺലൈൻ ഗെയിമിനിടെയുണ്ടായ ദുരനുഭവം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വീഡിയോ ഗെയിം കളിക്കുന്നതിനിടെ കളിക്കിടയിലെ പങ്കാളിയായ അപരിചിതനായ ഒരാൾ തൻ്റെ മകളോട്, 'താങ്കൾ ആണാണോ അതോ പെണ്ണാണോ' എന്ന് ചോദിക്കുകയും, 'പെണ്ണാണ്' എന്ന് മറുപടി ലഭിച്ചപ്പോൾ നഗ്നചിത്രങ്ങൾ അയച്ചുതരാൻ ആവശ്യപ്പെടുകയുമായിരുന്നുവെന്ന് അക്ഷയ് കുമാർ വെളിപ്പെടുത്തി. ഉടൻ തന്നെ മകൾ ഗെയിം നിർത്തി വിവരമറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങൾ സൈബർ കുറ്റകൃത്യങ്ങളുടെ ഭാഗമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

സൈബർ ലോകത്ത് കുട്ടികൾ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ച് അവബോധം നൽകുന്നതിനായി സ്കൂൾ തലങ്ങളിൽ ഇടപെടൽ അനിവാര്യമാണെന്ന് അക്ഷയ് കുമാർ അഭിപ്രായപ്പെട്ടു. മഹാരാഷ്ട്ര മുഖ്യമന്ത്രിയോട്, ഏഴ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി ആഴ്ചയിൽ ഒരു സൈബർ സുരക്ഷാ ക്ലാസ് നിർബന്ധമാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു. 

Tags:    

Similar News