പൊങ്കാലയിട്ടത് വിശ്വാസത്തോടെ, സൈബർ ആക്രമണം ഫ്രസ്‌ട്രേഷൻ കൊണ്ട്; വിമർശകർക്ക് റെനീഷയുടെ ചുട്ട മറുപടി; പ്രതിസന്ധികളിൽ തളരുമ്പോൾ ചേർത്തുപിടിക്കുന്ന വെളിച്ചമാണ് ദൈവമെന്നും താരം
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയിട്ടതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ നേരിടുന്ന സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി നടി റെനീഷ റഹ്മാൻ. റംസാൻ മാസത്തിൽ പൊങ്കാലയിട്ടത് ശരിയായില്ലെന്നും ശ്രദ്ധ കിട്ടാൻ വേണ്ടിയാണെന്നും പറയുന്നവർക്ക് തന്റെ നിലപാട് വ്യക്തമാക്കുകയാണ് താരം. നോമ്പ് എടുക്കുന്ന വ്യക്തിയാണ് താനെന്നും ഷൂട്ടിങ് സെറ്റിൽ പോലും അത് മുടക്കാറില്ലെന്നും റെനീഷ പറഞ്ഞു. പൊങ്കാലയുടെ തലേദിവസം പോലും താൻ നോമ്പ് എടുത്തിരുന്നു. എന്നാൽ പൊങ്കാലയുടെ അന്ന് നോമ്പ് എടുത്തിട്ടില്ലായിരുന്നു.
പലരും തെറ്റിദ്ധരിച്ചതുപോലെ നോമ്പ് എടുത്തുകൊണ്ടല്ല താൻ പൊങ്കാലയിട്ടതെന്നും റെനീഷ വ്യക്തമാക്കി. "പൊങ്കാലയുടെ തലേദിവസം ഒരുനേരം മാത്രമേ ഭക്ഷണം കഴിക്കാവൂ എന്ന ചിട്ടയുണ്ട്. നോമ്പുണ്ടായിരുന്നതിനാൽ അന്ന് നോമ്പ് തുറന്ന സമയത്ത് മാത്രമേ ഞാൻ ഭക്ഷണം കഴിച്ചിരുന്നുള്ളൂ. അത് ഒരു അനുഗ്രഹമായി കാണുന്നു. പാളയം പള്ളിയുടെ മുന്നിലിരുന്ന് പൊങ്കാലയിട്ടതിനെ 'ദിസ് ഈസ് കേരള സ്റ്റോറി' എന്ന് പുകഴ്ത്തുമ്പോഴും, ചിലർ നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നത് ഫ്രസ്ട്രേഷൻ കാരണമാണെന്ന് കരുതുന്നു." - താരം പറഞ്ഞു.
ഷൂട്ടിങ് സെറ്റിലുള്ളവർ ആറ്റുകാലമ്മയെക്കുറിച്ച് പറയുന്നത് കേട്ടുള്ള വിശ്വാസത്തിലാണ് പൊങ്കാലയിടാൻ തീരുമാനിച്ചതെന്ന് റെനീഷ പറയുന്നു. പ്രൊഡക്ഷൻ കൺട്രോളർ പൊങ്കാല കിറ്റിനെക്കുറിച്ച് ചോദിച്ചപ്പോൾ മനസ്സിൽ തോന്നിയ ആഗ്രഹം അപ്പോഴേ ഉറപ്പിച്ചു. എല്ലാ ദൈവങ്ങളും ഒന്നാണെന്നാണ് തന്റെ വിശ്വാസം. പ്രതിസന്ധികളിൽ തളരുമ്പോൾ ചേർത്തുപിടിക്കുന്ന വെളിച്ചമാണ് തനിക്ക് ദൈവമെന്നും റെനീഷ കൂട്ടിച്ചേർത്തു.