ഏത് വസ്ത്രം ധരിച്ചാലും അധിക്ഷേപ കമന്റുകൾ; പതിവായി ബലാത്സംഗ ഭീഷണി: സൈബർ ആക്രമണങ്ങൾക്കെതിരെ നടി അയേഷ ഖാൻ

Update: 2026-03-04 13:04 GMT

മുംബൈ: സിനിമാ മേഖലയിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ് നടി അയേഷ ഖാൻ. പതിവായി ഓൺലൈനിൽ ബലാത്സംഗ ഭീഷണികൾ നേരിടേണ്ടി വരുന്നുണ്ടെന്നും, മുൻപ് ബോഡി ഷെയ്മിംഗിന് ഇരയായിട്ടുണ്ടെന്നും 'വി ദ് വുമൺ' എന്ന പരിപാടിയിൽ സംസാരിക്കവെ അവർ വെളിപ്പെടുത്തി. ഈ അനുഭവങ്ങൾ തന്നെ മാനസികമായി വലിയ തോതിൽ ബാധിച്ചതായും അയേഷ പറഞ്ഞു. ഇൻസ്റ്റാഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ തനിക്ക് ദിവസേന ബലാത്സംഗ ഭീഷണികൾ ലഭിക്കുന്നുണ്ടെന്ന് അയേഷ വ്യക്തമാക്കി.

ഏത് വസ്ത്രം ധരിച്ചാലും ലൈംഗിക അധിക്ഷേപ കമന്റുകളാണ് വരുന്നത്. ഇത് തനിക്ക് വലിയ ഭയമുണ്ടാക്കുന്നതായും, ഒരു പോസ്റ്റ് ചെയ്യുന്നതിന് മുൻപോ വസ്ത്രം തിരഞ്ഞെടുക്കുന്നതിന് മുൻപോ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഇത്തരം ഭീഷണികൾ വെറും വാക്കുകളല്ലെന്നും, യഥാർത്ഥ വ്യക്തികളാണ് ഇവ ടൈപ്പ് ചെയ്യുന്നതെന്ന യാഥാർത്ഥ്യം തന്നെ ഭയപ്പെടുത്തുന്നുവെന്നും അയേഷ പറഞ്ഞു. ഓൺലൈൻ പീഡനങ്ങൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട അവർ, ഇത്തരം ഭീഷണികൾ സാധാരണവൽക്കരിക്കുന്നത് സ്ത്രീകൾക്ക് സുരക്ഷിതമല്ലാത്ത അന്തരീക്ഷം സൃഷ്ടിക്കുമെന്നും ഓർമ്മിപ്പിച്ചു.

പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു പ്രധാന ഗാനരംഗത്തിൽ നിന്ന് തടി കൂടുതലാണ് എന്ന കാരണം പറഞ്ഞ് തന്നെ ഒഴിവാക്കിയ അനുഭവം അയേഷ പങ്കുവെച്ചു. ടി-സീരിസിന്റെ ഒരു വലിയ ഗാനത്തിൽ അഭിനയിക്കാൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നുവെങ്കിലും, ചിത്രീകരണത്തിന് തൊട്ടുമുമ്പ് തന്നെ മാറ്റി. ഈ സംഭവം തന്റെ ആത്മവിശ്വാസത്തെ വലിയ തോതിൽ ബാധിച്ചു. സിനിമാ വ്യവസായത്തിന്റെ ഇടുങ്ങിയ സൗന്ദര്യ സങ്കല്പങ്ങളോട് പൊരുത്തപ്പെടാനുള്ള സമ്മർദ്ദം വർഷങ്ങളോളം തന്നെ വേട്ടയാടിയെന്നും അയേഷ വെളിപ്പെടുത്തി.

പ്രശസ്തിയോ സ്വയം സംരക്ഷിക്കാനുള്ള ശക്തിയോ ഇല്ലാത്ത ഒരാളായിരുന്നെങ്കിൽ തന്റെ അവസ്ഥ എന്താകുമായിരുന്നു എന്ന് പലപ്പോഴും ചിന്തിക്കാറുണ്ടെന്ന് അവർ പറഞ്ഞു. ചില ദിവസങ്ങളിൽ ഇത്തരം കമന്റുകൾ പഴയ മുറിവുകൾ ഓർമ്മിപ്പിക്കുകയും സമൂഹമാധ്യമങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ പ്രേരിപ്പിക്കുകയും ചെയ്യാറുണ്ട്. എങ്കിലും, തന്റെ നിലപാടുകളിൽ ഉറച്ചുനിന്ന് മുന്നോട്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്നും അയേഷ ഖാൻ വ്യക്തമാക്കി. 

Tags:    

Similar News