രൺവീറിന്റെ കൈപിടിച്ച് 'ഹിജാബ്' ധരിച്ച് മസ്ജിദ് വരാന്തയിലൂടെ നടത്തം; ആ പരസ്യമൊന്ന് വൈറലായതും നടിയുടെ ഉറക്കം പോയി; ദീപിക പദുക്കോണിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം

Update: 2025-10-08 11:35 GMT

അബുദാബി: അബുദാബി ടൂറിസം വകുപ്പിന്റെ പുതിയ പരസ്യത്തിൽ ഹിജാബ് ധരിച്ചെത്തിയതിന് ബോളിവുഡ് താരം ദീപിക പദുകോണിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ രൂക്ഷമായ സൈബർ ആക്രമണം നടക്കുന്നു. ഭർത്താവ് രൺവീർ സിംഗിനൊപ്പമാണ് ദീപിക ഈ പരസ്യത്തിൽ അഭിനയിച്ചിരിക്കുന്നത്. എന്നാൽ, താരത്തിന് പിന്തുണയുമായി നിരവധി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

പരസ്യത്തിൽ ദീപിക ഹിജാബ് ധരിച്ചതിനെ വിമർശിച്ചവർക്കെതിരെയും ആരാധകർ ശക്തമായി പ്രതികരിക്കുന്നുണ്ട്. "മറ്റൊരു രാജ്യത്തിന്റെ സംസ്കാരത്തെ ബഹുമാനത്തോടെ നോക്കിക്കാണുന്ന ദീപികയ്ക്ക് അഭിനന്ദനങ്ങൾ," എന്ന് പലരും സോഷ്യൽ മീഡിയയിൽ കുറിച്ചു. ഒരു പള്ളി സന്ദർശനവുമായി ബന്ധപ്പെട്ട് അനുയോജ്യമായ വസ്ത്രം ധരിച്ചതിനെ ഇതിനോട് ഉപമിച്ചും ആരാധകർ പ്രതികരിക്കുന്നു. ഇന്ത്യയിൽ ക്ഷേത്ര ദർശനം നടത്തുമ്പോഴും ദീപിക ഇത്തരം വസ്ത്രധാരണരീതികൾ പിന്തുണാറാറുണ്ടെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. ഇത് വെറും തൊഴിൽ മാത്രമാണെന്നും അതിനെ അങ്ങനെ തന്നെ കാണണമെന്നും വിമർശകർക്കുള്ള മറുപടിയായി ആരാധകർ പറയുന്നു.

ഇതിനിടെ, ദീപിക പദുകോണിനെ 'കൽക്കി 2898 എഡി' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ നിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വാർത്തകൾ വീണ്ടും ചർച്ചയായി. ചിത്രത്തിന്റെ നിർമ്മാതാക്കളായ വൈജയന്തി മൂവീസ് ആണ് ഔദ്യോഗികമായി ഈ വിവരം പുറത്തുവിട്ടത്. ഷാറൂഖ് ഖാൻ നായകനാകുന്ന 'കിംഗ്' എന്ന പുതിയ ചിത്രത്തിനുവേണ്ടി ദീപിക 'കൽക്കി'യിൽ നിന്ന് സ്വയം പിന്മാറിയതാണെന്നും റിപ്പോർട്ടുകളുണ്ട്.

'പഠാൻ' സംവിധായകൻ സിദ്ധാർഥ് ആനന്ദ് വീണ്ടും ഷാറൂഖ് ഖാനുമായി ഒന്നിക്കുന്ന ചിത്രമെന്ന നിലയിൽ 'കിംഗ്' സിനിമാപ്രേമികൾക്കിടയിൽ വലിയ ഹൈപ്പ് സൃഷ്ടിക്കുന്നുണ്ട്. തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം 'പഠാൻ' എന്ന ചിത്രത്തിലൂടെ വൻ ബോക്സ് ഓഫീസ് വിജയത്തിലേക്ക് തിരിച്ചെത്തിയ ഷാറൂഖ് ഖാന് 'കിംഗ്' വ്യക്തിപരമായും പ്രാധാന്യമർഹിക്കുന്ന ചിത്രമാണ്.

മകൾ സുഹാന ഖാന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റമാണ് ഈ ചിത്രം. ഷാറൂഖ് ഖാനും മകളും ഒരുമിച്ചെത്തുന്നു എന്നത് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. 2026 ഒക്ടോബറിലോ ഡിസംബറിലോ തിയേറ്ററുകളിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രത്തിൽ വൻ താരനിരയും അണിനിരക്കുമെന്നാണ് സൂചന. ദീപിക പദുകോൺ, അഭിഷേക് ബച്ചൻ, അനില്‍ കപൂര്‍, റാണി മുഖര്‍ജി, ജാക്കി ഷ്രോഫ്, അര്‍ഷാദ് വര്‍സി, അഭയ് വര്‍മ്മ തുടങ്ങിയവരുടെ പേരുകളാണ് ചിത്രവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. 

Tags:    

Similar News