'ആ ചോദ്യത്തിൽ അവരുടെ ഉദ്ദേശം മനസ്സിലായി'; ഇസ്രായേലിലെ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ചു; വെളുപ്പെടുത്തലുമായി സംവിധായകൻ ബ്ലെസി

Update: 2025-10-28 14:53 GMT

കോഴിക്കോട്: ഇസ്രായേലിൽ നടക്കുന്ന ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ചതായി പ്രമുഖ സംവിധായകൻ ബ്ലെസി അറിയിച്ചു. ഇസ്രായേൽ എംബസി വഴിയാണ് ഡിസംബറിൽ നടക്കുന്ന 'വെലൽ' ഫിലിം ഫെസ്റ്റിവലിലേക്കുള്ള ക്ഷണം അദ്ദേഹത്തിന് ലഭിച്ചത്. ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ബ്ലെസി ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയിൽ നിന്ന് ഏകദേശം പത്തോളം പേർക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് ബ്ലെസി സൂചിപ്പിച്ചു. എന്നാൽ, നിലനിൽക്കുന്ന സംഘർഷം കണക്കിലെടുത്ത്, അവിടെ നടക്കുന്ന രാഷ്ട്രീയ ചർച്ചകളുടെ സ്വഭാവത്തെക്കുറിച്ച് തനിക്ക് വ്യക്തമായ ധാരണയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെയാണ് എംബസി അധികൃതരെ താൻ താൽപര്യക്കുറവ് അറിയിച്ചത്. പ്രതിനിധികൾക്കായി അയച്ച ബയോഡാറ്റ വിശദീകരണത്തിൽ ഫലസ്തീൻ, പാക്കിസ്താൻ, തുർക്കി, അൾജീരിയ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചിരുന്നോ എന്ന ചോദ്യം, അവരുടെ യഥാർത്ഥ ഉദ്ദേശ്യത്തെക്കുറിച്ചുള്ള സൂചന നൽകിയെന്നും ഇത് ക്ഷണം നിരസിക്കാൻ കാരണമായെന്നും ബ്ലെസി കൂട്ടിച്ചേർത്തു.

രാജ്യത്തെ കലാകാരന്മാർ പ്രതികരണത്തെ ഭയപ്പെടുന്നതായും ഇ.ഡിയുടെ വേട്ടയാടലുകൾ മൗനം പാലിക്കാൻ നിർബന്ധിതരാക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗസ്സയിലായാലും യുക്രൈനിലായാലും, ഇത്തരം സംഘർഷങ്ങളിൽ നിരപരാധികളായ സാധാരണക്കാരുടെ ജീവിതങ്ങളാണ് നഷ്ടപ്പെടുന്നതെന്ന തിരിച്ചറിവ് നഷ്ടപ്പെട്ടുപോവുന്നത് നിർഭാഗ്യകരമാണെന്നും ബ്ലെസി അഭിപ്രായപ്പെട്ടു.

Tags:    

Similar News