'ആ ചിത്രം കണ്ട് അസൂയ തോന്നി, രാത്രി ഉറക്കമേ വന്നില്ല'; മമ്മൂട്ടിയുടെ ബ്ലാക്ക് ആന്റ് വൈറ്റ് സിനിമയുടെ വിഷ്വലുകൾ ഏറെനാൾ മനസ്സിൽ തങ്ങിനിന്നുവെന്നും സംവിധായകൻ മാരി സെൽവരാജ്
ചെന്നൈ: മമ്മൂട്ടി നായകനായെത്തിയ 'ഭ്രമയുഗം' എന്ന സിനിമ കണ്ടപ്പോൾ തനിക്ക് അസൂയ തോന്നിയെന്നും, ചിത്രത്തിന്റെ നിർമ്മാണത്തെക്കുറിച്ച് ഓർത്ത് നാല് ദിവസം ഉറങ്ങാൻ കഴിഞ്ഞില്ലെന്നും സംവിധായകൻ മാരി സെൽവരാജ്. പൂർണ്ണമായും ബ്ലാക്ക് ആന്റ് വൈറ്റിൽ രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഈ ചിത്രം കേരളത്തിന് പുറത്തും വലിയ ചർച്ചയായി മാറിയിരുന്നു.
ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മാരി സെൽവരാജ് ഇക്കാര്യം വെളിപ്പെടുത്തിയത്. 'ഭ്രമയുഗം കണ്ട് ഭയങ്കരമായി അസൂയ തോന്നി. അസൂയയെന്നാൽ രാത്രി ഉറക്കമേ വന്നില്ല. ആ വിഷ്വലുകൾ താങ്ങാൻ സാധിച്ചില്ല. ഏറെനാൾ മനസ്സിൽ തങ്ങിനിന്നു. നമ്മൾ പാട്ടിലും മറ്റും ചെറിയ ഭാഗം ബ്ലാക്ക് ആന്റ് വൈറ്റിൽ കണ്ടിട്ടുണ്ട്, പക്ഷെ ഒരു സിനിമ മുഴുവനും ബ്ലാക്ക് ആന്റ് വൈറ്റിൽ സംവിധായകൻ എടുക്കുകയും എഡിറ്റ് ചെയ്യുകയും ചെയ്യുന്നത് എന്തൊരു അനുഭവമായിരിക്കും,' അദ്ദേഹം പറഞ്ഞു.
'ഭ്രമയുഗം' മമ്മൂട്ടിയുടെ വില്ലൻ വേഷത്തിലെ അഭിനയത്തിന് വലിയ കയ്യടി നേടിയിരുന്നു. സിദ്ധാർത്ഥ് ഭരതനും അർജുൻ അശോകനും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. അതേസമയം, 'പരിയേറും പെരുമാൾ', 'കർണ്ണൻ', 'മാമന്നൻ', 'വാഴൈ' തുടങ്ങിയ സിനിമകളൊരുക്കിയ സംവിധായകനാണ് മാരി സെൽവരാജ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം 'ബൈസൺ' ഒക്ടോബർ 17-ന് റിലീസ് ചെയ്യും. ധ്രുവ് വിക്രം നായകനാകുന്ന ചിത്രത്തിൽ അനുപമ പരമേശ്വരനാണ് നായിക.