'ഇന്ത്യയിൽ ഒരു ദിവസം മാത്രമേ ദീപാവലി ഉള്ളൂ, ഗസ്സയിൽ എല്ലാ ദിവസവും ദീപാവലിയാണ്'; വിവാദ പോസ്റ്റുമായി സംവിധായകൻ; രാംഗോപാൽ വർമ്മയിൽ നിന്നും ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ആരാധകർ

Update: 2025-10-21 13:38 GMT

ഹൈദരാബാദ്: വിവാദങ്ങൾക്ക് തിരികൊളുത്തി ബോളിവുഡ് സംവിധായകൻ രാംഗോപാൽ വർമ്മയുടെ പുതിയ പോസ്റ്റ്. ഒക്ടോബർ 20ന് രാജ്യം ദീപാവലി ആഘോഷിക്കുമ്പോൾ അദ്ദേഹം പങ്കുവെച്ച ഈ പരാമർശം സാമൂഹിക പ്രവർത്തകരുടെയും എഴുത്തുകാരുടെയും രൂക്ഷമായ വിമർശനത്തിനിടയാക്കി. 'ഇന്ത്യയിൽ ഒരു ദിവസം മാത്രമേ ദീപാവലി ഉള്ളൂ, ഗസ്സയിൽ എല്ലാ ദിവസവും ദീപാവലിയാണ്' എന്നായിരുന്നു ആർ.ജി.വിയുടെ ട്വീറ്റ്.

ദീപാവലിയെ ഗസ്സയിലെ സാഹചര്യങ്ങളുമായി താരതമ്യം ചെയ്തത് തീർത്തും യുക്തിരഹിതമാണെന്നും, കൊല്ലപ്പെട്ട കുട്ടികളടക്കമുള്ളവരോടുള്ള അവഹേളനമാണെന്നും നിരവധിപ്പേർ അഭിപ്രായപ്പെട്ടു. ഇത് ധാർമ്മികമായ തകർച്ചയുടെ സൂചനയാണെന്ന് മാധ്യമപ്രവർത്തക റാണ അയ്യൂബ് വിശേഷിപ്പിച്ചു. ദീപാവലി വെളിച്ചത്തെയും പ്രതീക്ഷയെയും കുറിക്കുന്നതാണെന്നും, ഗസ്സയാകട്ടെ വേദനയുടെയും അതിജീവനത്തിന്റെയും പ്രതീകമാണെന്നും ആക്ടിവിസ്റ്റ് രാഖി ത്രിപാഠി പ്രതികരിച്ചു.

രാംഗോപാൽ വർമ്മയിൽ നിന്ന് ഇത്തരമൊരു പ്രതികരണം ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് എഴുത്തുകാരനായ അശോക് കുമാർ പാണ്ഡെയും പറഞ്ഞു. യഥാർത്ഥത്തിൽ ഫാസിസ്റ്റ് വിരുദ്ധ നിലപാടുള്ള ഒരാളിൽ നിന്ന് ഇത് പ്രതീക്ഷിക്കുന്നില്ലെന്നും ആരാധകരും സിനിമാപ്രേമികളും ചൂണ്ടിക്കാട്ടി. എന്നാൽ, ഈ പോസ്റ്റ് പിൻവലിക്കാനോ ഇതിനെക്കുറിച്ച് വിശദീകരണം നൽകാനോ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല. ക്ഷമാപണവും നടത്തിയിട്ടില്ല. 

Tags:    

Similar News