'പുതിയ സിനിമകളുടെ എഴുത്ത് തുടങ്ങിയിരിക്കുകയാണ്, അഭിനയിക്കാൻ സമയമില്ല, ഇടവേളയെടുക്കുകയാണ്'; ഈ വര്‍ഷം ഇനി സിനിമകളിൽ അഭിനയിക്കില്ലെന്ന് ധ്യാൻ ശ്രീനിവാസൻ
കൊച്ചി: അഭിനയ രംഗത്തു നിന്ന് താൽക്കാലികമായി വിട്ടുനിൽക്കുകയാണെന്ന് ധ്യാൻ ശ്രീനിവാസൻ. സംവിധാനത്തിൽ പൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ഈ വർഷം റിലീസ് ചെയ്യുന്ന സിനിമകളെല്ലാം കഴിഞ്ഞ വർഷം പൂർത്തിയാക്കിയ ചിത്രങ്ങളാണെന്നും, ഇനി പുതിയ സിനിമകളുടെ തിരക്കഥാരചനയിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
'ഈ വർഷം ഇനി സിനിമകളൊന്നും ചെയ്യില്ല. സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നത്. പുതിയ സിനിമകളുടെ എഴുത്ത് തുടങ്ങി മൂന്ന്-നാല് മാസമായി. ഇതിൽ 'തിര 2' ഉൾപ്പെടുന്നു. കൂടാതെ രണ്ട് മറ്റ് കഥകളും എഴുതുന്നുണ്ട്. അതുകൊണ്ട് പഴയതുപോലെ അഭിനയിക്കാനില്ല. ഒരു ഇടവേളയെടുത്തിരിക്കുകയാണ്,' ധ്യാൻ പറഞ്ഞു.
‘തിര 2’ൽ താൻ അഭിനയിക്കാൻ സാധ്യതയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. 2013-ൽ പുറത്തിറങ്ങിയ 'തിര' ഒരു കാലത്തിന് മുമ്പുള്ള സിനിമയായിരുന്നുവെന്നും, അന്ന് പ്രേക്ഷകർക്ക് അത് ഉൾക്കൊള്ളാൻ സാധിച്ചില്ലെന്നും ധ്യാൻ കൂട്ടിച്ചേർത്തു. എന്നാൽ, ഇന്ന് 'തിര 2'വിന് കൂടുതൽ പ്രാധാന്യം ലഭിക്കുമെന്നും, വലിയ ക്യാൻവാസിൽ ഒരുക്കുന്ന ചിത്രത്തിന് അതിന്റേതായ സമയം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
'മലയാളത്തിലെ വലിയ ബഡ്ജറ്റ് സിനിമകളുടെ അത്രയും മുതൽമുടക്കുള്ള ചിത്രമായിരിക്കും 'തിര 2'. തിരക്കഥ ഇപ്പോഴും കൈപ്പിടിയിലൊതുങ്ങാത്ത വിധത്തിലാണ് പോകുന്നത്,' ധ്യാൻ വ്യക്തമാക്കി. 'തിര'യുടെ സംവിധാനത്തിൽ സംഭവിച്ച വിട്ടുവീഴ്ചകളില്ലാതെ, ട്രാഫിക്ക് ഉൾപ്പെടെയുള്ള സാമൂഹിക വിഷയങ്ങളെ ആഴത്തിൽ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.