'മഹിരാവണന്‍, ഇബ്ലീസ്, ലൂസിഫര്‍... അതേ ലൂസിഫര്‍..., ലൂസിഫറിലെ സത്യാന്വേഷി എമ്പുരാനിലും ഉണ്ടാകും; ഗോവര്‍ദ്ധന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്‌വിട്ട് അണിയറപ്രവര്‍ത്തകര്‍

Update: 2025-02-23 08:04 GMT

മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തുന്ന എമ്പുരാനിലെ ഒരു നിര്‍ണായക കഥാപാത്രത്തെ പരിചയപ്പെടുത്തിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകരിപ്പോള്‍. ലൂസിഫറില്‍ ഗോവര്‍ധനായി എത്തിയ ഇന്ദ്രജിത്തിന്റെ എമ്പുരാനിലെ ക്യാരക്ടര്‍ പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകരിപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. എമ്പുരാനിലും സത്യാന്വേഷകനായാണ് ഇന്ദ്രജിത്ത് തുടരുന്നത്.

സ്റ്റീഫന്‍ ആരാണെന്നും അയാളുടെ ഭൂതകാലം എന്താണെന്നറിയാനുമുള്ള യാത്രയിലെ കണ്ടെത്തലുകളുമായി ഗോവര്‍ധനന്‍ എമ്പുരാനില്‍ തുടരുമെന്ന് ഇന്ദ്രജിത്ത് പറയുന്നു. 'മഹിരാവണന്‍, ഇബ്ലീസ്, ലൂസിഫര്‍... അതേ ലൂസിഫര്‍. ലൂസിഫറിലെ എമ്പുരാനിലെ സത്യാന്വേഷകിയായ ഗോവര്‍ധന്‍. ആര്‍ക്കുമറിയാത്ത കാര്യങ്ങള്‍ ഇന്റര്‍നെറ്റിലും ഡാര്‍ക്ക് വെബിലുമൊക്കെ കടന്ന് കണ്ടെത്തി ആ രഹസ്യങ്ങളൊക്കെ ലോകത്തോട് വിളിച്ചു പറയുന്ന ഒരാളാണ് ലൂസിഫറിലെ ഗോവര്‍ധനെന്ന കഥാപാത്രം.

ആ കഥാപാത്രം തന്നെയാണ് എമ്പുരാനിലും തുടരുന്നത്. ഇതിലും അതേ രീതികള്‍ തന്നെയാണ് ഈ കഥാപാത്രത്തിനുള്ളത്. പക്ഷേ ഇങ്ങനെയുള്ള ആളുകള്‍ക്ക് ലോകം നമ്മുടെ വിരല്‍ത്തുമ്പിലാണെന്നൊരു തോന്നല്‍ പലപ്പോഴുമുണ്ടാകും. പക്ഷേ ഇതിനൊക്കെ അപ്പുറം നമ്മളറിയാത്ത ചില കാര്യങ്ങളും ഈ ലോകത്തുണ്ട്. നമ്മള്‍ എത്ര അന്വേഷിച്ചാലും മറഞ്ഞിരിക്കുന്ന ചില സത്യങ്ങള്‍ ഈ ലോകത്തുണ്ട് എന്ന തിരിച്ചറിവും എമ്പുരാനില്‍ ഗോവര്‍ധന് ഉണ്ടാകുന്നുണ്ട്.

രാജുവിനെ സംബന്ധിച്ചിടത്തോളം ഒരു പ്രൊജക്ടില്‍ നിന്ന് എന്താണ് വേണ്ടത് അല്ലെങ്കില്‍ ഒരു അഭിനേതാവില്‍ നിന്ന് എന്താണ് വേണ്ടത് എന്നതിനേക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു. തിരക്കഥയില്‍ മാത്രമല്ല ഓരോ ഷോട്ടിലുമുണ്ടായിരുന്നു. കമ്മ്യൂണിക്കേറ്റീവ് ആയിട്ടുള്ള ഒരു സംവിധായകനൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ കാര്യങ്ങള്‍ കുറച്ചു കൂടി എളുപ്പമാണ്. സംവിധായകന് വ്യക്തമായ ധാരണയുണ്ടെങ്കില്‍ അഭിനേതാവിന്റെ പകുതി കാര്യങ്ങളും ഓക്കെയാണ്.


Full View


പിന്നെ എനിക്ക് വളരെ കംഫര്‍ട്ടബിളാണ്. എന്റെ ജോലി എളുപ്പമായിരുന്നു. കാരണം രാജുവിന് അറിയാമായിരുന്നു എങ്ങനെ വേണമെന്നുള്ളത്. എമ്പുരാന്‍ കുറേക്കൂടി ബിഗ് സ്‌കെയിലിലുള്ള സിനിമയാണ്. സ്റ്റീഫന്‍ നെടുമ്പള്ളിയിലൂടെ പോയി ഖുറേഷി അബ്രാമിലാണ് ലൂസിഫര്‍ കൊണ്ടു നിര്‍ത്തിയിരിക്കുന്നത്. ഇനിയങ്ങോട്ട് പല കഥകളും എമ്പുരാനില്‍ വരും.

ആരാണ് ഇയാള്‍, ഇയാളുടെ കഴിഞ്ഞ കാലം എന്തായിരുന്നു, ഇപ്പോള്‍ അയാളെന്താണ്, ഭാവി എന്താകും അങ്ങനെയൊക്കെയുള്ള പല ചോദ്യങ്ങളും ഈ സിനിമയില്‍ നിലനില്‍ക്കുന്നുണ്ട്. അതിനൊക്കെയുള്ള ഉത്തരം ഒരു അളവ് വരെ ഈ സിനിമ നിങ്ങളുടെ മുന്‍പില്‍ എത്തിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്'.- ഇന്ദ്രജിത്ത് വിഡിയോയില്‍ പറഞ്ഞു. മാര്‍ച്ച് 27 ന് തിയറ്ററുകളില്‍ എമ്പുരാന്‍ എത്തും.


Tags:    

Similar News