'സമീപകാലത്തെ മികച്ച ചിത്രം, അഭിനേതാക്കളുടെ പ്രകടനവും ഗംഭീരമായി'; മകൻ അർജുൻ അശോകന്റെ 'തലവര'യെ വാനോളം പുകഴ്ത്തി ഹരിശ്രീ അശോകൻ
കൊച്ചി: അർജുൻ അശോകൻ നായകനായ പുതിയ ചിത്രം 'തലവര'യെ പ്രശംസിച്ച് പിതാവും നടനുമായ ഹരിശ്രീ അശോകൻ. മകനായതുകൊണ്ട് പറയുന്നതല്ല സമീപകാലത്ത് ഇത്രയും മികച്ച ഒരു സിനിമ ഇറങ്ങിയിട്ടില്ല എന്നായിരുന്നു ചിത്രം കണ്ട ശേഷമുള്ള ഹരിശ്രീ അശോകൻ പറഞ്ഞത്. സിനിമയുടെ സംവിധാനത്തെയും മറ്റ് അഭിനേതാക്കളുടെ പ്രകടനത്തെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.
ചിത്രം 'സൂപ്പർ, അടിപൊളി, ഗംഭീരം' ആണെന്ന് വിശേഷിപ്പിച്ച ഹരിശ്രീ അശോകൻ, ഒരു ഫ്രെയിം പോലും പ്രേക്ഷകനെ മുഷിപ്പിക്കുന്നില്ലെന്ന് കൂട്ടിച്ചേർത്തു. 'എല്ലാ അഭിനേതാക്കളും ഗംഭീരമായി അഭിനയിച്ചിട്ടുണ്ട്. മികച്ച സംവിധാനവും എഡിറ്റിംഗും തിരക്കഥയുമാണ് ചിത്രത്തിന്റേത്. യുവാക്കൾക്കും കുടുംബപ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്,' അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അഖിൽ അനിൽകുമാർ സംവിധാനം ചെയ്ത 'തലവര' തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിൽ 'പാണ്ട' എന്ന വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെയാണ് അർജുൻ അശോകൻ അവതരിപ്പിക്കുന്നത്. പാലക്കാടൻ സംസാരശൈലി പശ്ചാത്തലമാക്കിയ ചിത്രത്തിലെ അർജുന്റെ പ്രകടനം ഇതിനോടകം നിരൂപക ശ്രദ്ധ നേടിക്കഴിഞ്ഞു. രേവതി ശർമ്മയാണ് ചിത്രത്തിലെ നായിക.
സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണനും നിർമ്മാതാവ് ഷെബിൻ ബക്കറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഷെബിൻ ബെക്കർ പ്രൊഡക്ഷൻസിന്റെയും മൂവിംഗ് നരേറ്റീവ്‌സിന്റെയും ബാനറിലാണ് നിർമ്മാണം. അശോകൻ, ഷൈജു ശ്രീധർ, പ്രശാന്ത് മുരളി, അശ്വത് ലാൽ, അഭിറാം രാധാകൃഷ്ണൻ, ദേവദർശിനി എന്നിവരടങ്ങുന്ന വലിയ താരനിരയും ചിത്രത്തിലുണ്ട്.