ട്രംപ് തന്റെ സിനിമയില്‍ അഭിനയിച്ചത് 'ശാപം'; ആ രംഗം ഇപ്പോള്‍ കട്ട് ചെയ്ത് കളയാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്; ഖേദം പ്രകടിപ്പിച്ച് ഹോം എലോണ്‍ സംവിധായകന്‍

ഹോം എലോണ്‍ സംവിധായകന്‍

Update: 2025-04-16 15:07 GMT

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്റെ സിനിമയില്‍ അഭിനയിച്ചത് ശാപമാണെന്ന് പറഞ്ഞ് സംവിധായകന്‍ ക്രിസ് കൊളംബസ്. ക്രിസിന്റെ ഹോം എലോണ്‍ 2: ലോസ്റ്റ് ഇന്‍ ന്യൂയോര്‍ക്ക് എന്ന ചിത്രത്തിലാണ് അതിഥി വേഷത്തില്‍ ട്രംപ് എത്തിയത്. ട്രംപിന്റെ തന്റെ ചിത്രത്തില്‍ അഭിനയിപ്പിച്ചതില്‍ അതിയായി ദുഃഖിക്കുന്നുവെന്നും ചിത്രത്തിന്റെ ശാപം ട്രംപ് ആണെന്നുമാണ് സംവിധായകന്‍ പറഞ്ഞത്.

ഇന്റര്‍വ്യൂവിലായിരുന്നു ക്രിസിന്റെ പരാമര്‍ശം. 1997ല്‍ പുറത്തിറങ്ങിയ ഹോം എലോണ്‍ സീക്വലിലാണ് ഏഴ് സെക്കന്‍ഡുള്ള സീനില്‍ ട്രംപ് പ്രത്യക്ഷപ്പെടുന്നത്. കുട്ടിയുടെ കഥാപാത്രത്തിന് വഴി പറഞ്ഞു കൊടുക്കുന്നയാളായാണ് ട്രംപ് എത്തിയത്. ഈ രംഗം ഇപ്പോള്‍ കട്ട് ചെയ്ത് കളയാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ സാധിക്കില്ല, കാരണം ഇപ്പോള്‍ ഈ സീന്‍ കട്ട് ചെയ്താല്‍ എന്നെ രാജ്യത്തു നിന്ന് പുറത്താക്കും. ഇനി യുഎസില്‍ താമസിക്കാന്‍ സാധിക്കുമെന്ന് കരുതുന്നില്ല, മറ്റേതെങ്കിലും രാജ്യത്തേക്ക് മാറുന്നതാണ് നല്ലത്- ക്രിസ് പറഞ്ഞു.

ഇതിനു മുമ്പും സംവിധായകന്‍ ട്രംപിനെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. 2023ല്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ പകരത്തിനു പകരമായി നല്‍കിയ റോളാണ് ട്രംപിന്റേതെന്ന് ക്രിസ് വ്യക്തമാക്കിയിരുന്നു. പ്ലാസ ഹോട്ടലില്‍ ഷൂട്ട് ചെയ്യാന്‍ അനുമതിക്കു വേണ്ടിയാണ് ട്രംപിനെ അഭിനയിപ്പിക്കാമെന്ന് തീരുമാനിച്ചതെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്. ഷൂട്ടിങ് നടക്കുന്ന സമയത്ത് പ്ലാസ ഹോട്ടല്‍ ട്രംപിന്റെ ഉടമസ്ഥതയിലായിരുന്നു.

ഇതിനെതിരെ ട്രംപ് അന്ന് രംഗത്തെത്തിയിരുന്നു. അഭിനയിക്കണമെന്ന് തന്നോട് ആവശ്യപ്പെടുകയായിരുന്നുവെന്നും താന്‍ അഭിനയിച്ചതുകൊണ്ട് സിനിമ വിജയിച്ചെന്നുമാണ് ട്രംപ് വാദിച്ചത്. എന്നാല്‍ ട്രംപിനോട് അഭിനയിക്കണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും പ്ലാസ ഹോട്ടല്‍ ഷൂട്ടിങ്ങിന് അത്രത്തോളം ആവശ്യമായിരുന്നതിനാലാണ് ട്രംപിനെ അഭിനയിപ്പിക്കേണ്ടി വന്നതെന്നുമാണ് ക്രിസ് വ്യക്തമാക്കിയത്.

Tags:    

Similar News