ഞാൻ നിൽക്കുന്നത് തന്നെ അഡ്ജസ്റ്റ് ചെയ്താണ്; സത്യം പറഞ്ഞാൽ..അവർക്ക് എന്നെ ആവശ്യമില്ല; പിന്നെ പാഷന്റെ പുറത്ത് ചെയ്യുന്നുവെന്ന് മാത്രം..; എല്ലാം തുറന്നുപറഞ്ഞ് ഹണി റോസ്
മലയാള സിനിമാ രംഗത്ത് ഇരുപത് വർഷത്തോളമായി നിലനിൽക്കുന്ന തന്നെ ഒരു "കടിച്ചു തൂങ്ങിപ്പിടിച്ചു നിൽക്കുന്ന" നടിയായി വിശേഷിപ്പിച്ച് നടി ഹണി റോസ്. 'റേച്ചൽ' എന്ന പുതിയ ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചടങ്ങിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. സിനിമയിൽ തന്റേതായ ഇടം കണ്ടെത്താൻ സിനിമയെ സ്നേഹിക്കുന്ന ഒരു വിഭാഗം പ്രേക്ഷകരുടെ പിന്തുണയുണ്ടെന്നും എന്നാൽ സിനിമാ ഇൻഡസ്ട്രിക്ക് തന്നെ ആവശ്യമില്ലെന്നും ഹണി റോസ് തുറന്നു പറഞ്ഞു.
ഈയിടെ പുറത്തിറങ്ങിയ 'റേച്ചൽ' സിനിമയുടെ ട്രെയിലർ മികച്ച സ്വീകാര്യത നേടിയിരുന്നു. ചിത്രത്തിലെ ഹണി റോസിന്റെ വേഷപ്പകർച്ച ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചടങ്ങിൽ സംസാരിക്കവെ, സിനിമാ രംഗത്തേക്ക് താൻ കടന്നു വന്നതിനെക്കുറിച്ചും സംവിധായകൻ വിനയന്റെ പങ്കിനെക്കുറിച്ചും ഹണി റോസ് ഓർത്തെടുത്തു. "ഇതിലെങ്കിലും ഇവൾ രക്ഷപെടുമായിരിക്കും എന്നായിരിക്കും വിനയൻ സാറിന്റെ മനസ്സിലൂടെ പോകുന്നത് എന്നാണ് ഞാൻ കരുതുന്നത്," അവർ പറഞ്ഞു.
തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളിൽ ഏറ്റവും മികച്ചത് തിരഞ്ഞെടുത്ത് ചെയ്യാനാണ് താൻ ആഗ്രഹിക്കുന്നതെന്നും, അത് തന്റെ വലിയൊരു പാഷനാണെന്നും ഹണി റോസ് കൂട്ടിച്ചേർത്തു. 'റേച്ചൽ' സിനിമയിൽ ദൈവത്തിന്റെ കയ്യൊപ്പുണ്ടെന്ന് തോന്നുന്നതായും അവർ അഭിപ്രായപ്പെട്ടു.
മലയാള സിനിമാ ലോകത്ത് തന്റെ ഇരുപത് വർഷത്തെ യാത്രയെക്കുറിച്ച് ആത്മപരിശോധന നടത്തുന്നതിനിടയിലാണ് ഹണി റോസിന്റെ ഈ തുറന്നുപറച്ചിൽ. സിനിമയോടുള്ള അടങ്ങാത്ത ഇഷ്ടവും പ്രേക്ഷക പിന്തുണയുമാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്നും അവർ സൂചിപ്പിച്ചു.