'ലോകത്തിലെ ഏറ്റവും മനോഹരമായ കണ്ണുകൾ, ഓരോ വർഷം കഴിയും തോറും അവ കൂടുതൽ ചെറുപ്പമാകുന്നു'; 'എൻ്റെ ബെഞ്ചമിൻ ബട്ടൺ അമ്മ'യ്ക്ക് പിറന്നാൾ ആശംസകൾ; വൈറലായി ഹൃതിക് റോഷന്റെ കുറിപ്പ്
മുംബൈ: അമ്മ പിങ്കി റോഷൻ്റെ 71-ാം പിറന്നാൾ ദിനത്തിൽ ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് ബോളിവുഡ് താരം ഹൃതിക് റോഷൻ. പ്രായത്തെ വെല്ലുന്ന സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന അമ്മയെ 'എൻ്റെ ബെഞ്ചമിൻ ബട്ടൺ അമ്മ' എന്ന് വിശേഷിപ്പിച്ചാണ് ഹൃത്വിക് തൻ്റെ സ്നേഹം പ്രകടിപ്പിച്ചത്. കുടുംബബന്ധങ്ങൾക്ക് ഏറെ വില കൽപ്പിക്കുന്ന ഹൃത്വിക്, മാതാപിതാക്കളായ രാകേഷ് റോഷൻ്റെയും പിങ്കി റോഷൻ്റെയും ചിത്രം പങ്കുവെച്ചാണ് അമ്മയ്ക്ക് ആശംസകളറിയിച്ചത്.
ഒക്ടോബർ 22-ന് ഹൃത്വിക് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച അമ്മയുടെ ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചു. പുഞ്ചിരി തൂകുന്ന ചുണ്ടുകളും വികാരഭരിതമായ കണ്ണുകളുമായിരുന്നു ചിത്രത്തിൻ്റെ പ്രധാന ആകർഷണം. 'ലോകത്തിലെ ഏറ്റവും മനോഹരമായ കണ്ണുകൾക്ക് വേണ്ടി. പ്രായമാകുന്തോറും ഈ കണ്ണുകൾ ഓരോ വർഷവും കൂടുതൽ ചെറുപ്പമാകുന്നത് കാണുന്നത് ഈ മകനെ സംബന്ധിച്ചിടത്തോളം വലിയ സന്തോഷമാണ്,' ഹൃത്വിക് കുറിച്ചു. 'എൻ്റെ ബെഞ്ചമിൻ ബട്ടൺ അമ്മയ്ക്ക് ജന്മദിനാശംസകൾ. ഞാൻ അമ്മയെ ഒരുപാട് സ്നേഹിക്കുന്നു,' എന്ന് കൂട്ടിച്ചേർത്തു.
71-ാം വയസ്സിലും ഫിറ്റ്നസ് നിലനിർത്തുന്നതിൽ പിങ്കി റോഷൻ എന്നും ശ്രദ്ധേയയാണ്. സ്ഥിരമായി ജിമ്മിൽ വ്യായാമം ചെയ്യുന്നതിൻ്റെയും കായികക്ഷമത നിലനിർത്തുന്നതിൻ്റെയും ചിത്രങ്ങൾ അവർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. 1971-ലാണ് രാകേഷ് റോഷനും പിങ്കി റോഷനും വിവാഹിതരായത്. ഹൃത്വിക് റോഷനും സുനൈന റോഷനുമാണ് ഇവരുടെ മക്കൾ.