'സഹോദരിയുടെ ചിത്രങ്ങൾക്കും വീഡിയോകൾക്കും താഴെ മോശം കമന്റുകൾ ഇടുന്നവരെ ഇടിക്കാൻ തോന്നും'; അങ്ങനെ ചെയ്‌താൽ പിന്നെ സംഭവിക്കുന്നത് മറ്റൊന്നാവുമെന്ന് കാളിദാസ് ജയറാം
കൊച്ചി: സഹോദരിക്കുറിച്ച് സോഷ്യൽ മീഡിയയിൽ വരുന്ന മോശം കമന്റുകളെ കുറിച്ച് നടൻ കാളിദാസ് ജയറാം. സഹോദരിയുടെ ചിത്രങ്ങൾക്കും വീഡിയോകൾക്കും താഴെ വരുന്ന അധിക്ഷേപകരമായ കമന്റുകൾ കാണുമ്പോൾ അവരെ ഇടിക്കണമെന്ന് തോന്നിയിട്ടുണ്ടെന്നും എന്നാൽ അത്തരം പ്രവൃത്തികൾക്ക് മുതിരാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രഞ്ജിനി ഹരിദാസിന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കാളിദാസ് ഇക്കാര്യം തുറന്നുപറഞ്ഞത്.
'ചക്കിയുടെ (മാളവിക) വിഡിയോകളും ഫോട്ടോകളും പോസ്റ്റ് ചെയ്തപ്പോൾ ഒരു ചേട്ടൻ എന്ന നിലയിൽ എനിക്ക് അവരെ ഇടിക്കണം എന്ന് തോന്നിയിട്ടുണ്ട്. എന്നാൽ അത് സാധ്യമല്ല. ഞാൻ അങ്ങനെ ചെയ്താലും 'കാളിദാസ് ഒരാളെ ഇടിച്ചു' എന്നായിരിക്കും അടുത്ത തമ്പ്‌നെയിൽ. ഈ കാര്യത്തിൽ നമ്മൾ നിസ്സഹായരാണ്,' കാളിദാസ് പറഞ്ഞു. സോഷ്യൽ മീഡിയയിൽ എന്തിനും പെട്ടെന്ന് റീച്ച് കിട്ടുമെന്നും നെഗറ്റീവ് പ്രചരണങ്ങൾക്ക് അതിനേക്കാൾ വേഗതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം കമന്റുകൾ പോസ്റ്റ് ചെയ്യരുതെന്ന് പറയാനുള്ള സാഹചര്യം പോലും നിലവിലില്ല. ചില കമന്റുകൾ വേദനിപ്പിക്കുമെങ്കിലും അവയെ അവഗണിക്കാനാണ് താൻ ശ്രമിക്കുന്നതെന്നും എന്നാൽ ചിലരെങ്കിലും ഇത്തരം പ്രതികരണങ്ങൾ കാരണം വേദനിച്ചിട്ടുണ്ടെന്നും കാളിദാസ് കൂട്ടിച്ചേർത്തു. സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പുതന്നെ നെഗറ്റീവ് റിവ്യൂസ് വരുന്നതിനെയും കാളിദാസ് വിമർശിച്ചു.
സിനിമ പൂർത്തിയാകുന്നതുവരെയെങ്കിലും കാത്തിരിക്കേണ്ടതാണെന്നും, റിവ്യൂ കണ്ട് പ്രേക്ഷകർ സിനിമ കാണാതെ പോകുന്നത് വേദനാജനകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജയറാമും മകൻ കാളിദാസ് ജയറാമും 22 വർഷങ്ങൾക്ക് ശേഷം ഒരുമിച്ചഭിനയിക്കുന്ന 'ആശകൾ ആയിരം' എന്ന ചിത്രത്തിന്റെ പൂജക്ക് മാളവികയെത്തിയപ്പോൾ ഉയർന്നുവന്ന ചില കമന്റുകളെക്കുറിച്ചും അഭിമുഖത്തിൽ പരാമർശമുണ്ടായി.