'ഇരയായ പെണ്‍കുട്ടിക്ക് ജാനകിയെന്ന് പേര് നല്‍കി; ആ പേരായിരുന്നു പ്രശ്‌നം;വി ജാനകിയും ജനകന്റെ മകളായ ജാനകിയും തമ്മില്‍ ആനയും ആടും തമ്മിലുള്ള വ്യത്യാസമുണ്ട്'; വിവാദങ്ങളില്‍ പ്രതികരിച്ച് പ്രവീണ്‍ നാരായണന്‍
വിവാദങ്ങളില്‍ പ്രതികരിച്ച് പ്രവീണ്‍ നാരായണന്‍
കൊച്ചി: ഏറെ വിവാദങ്ങള്‍ക്ക് ശേഷം 'ജെ.എസ്.കെ' എന്ന ചിത്രം ഈ മാസം 17-ന് റിലീസിനെത്തുന്നു. 'ജാനകി വി. V/S സ്റ്റേറ്റ് ഓഫ് കേരള' എന്ന പേരിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം ചിത്രത്തില്‍ മാറ്റങ്ങള്‍ വരുത്തിയത്. സെന്‍സറിങ് നടപടികള്‍ പൂര്‍ത്തിയാക്കി U/A 16 സര്‍ട്ടിഫിക്കറ്റോടുകൂടിയാണ് ജെ.എസ്.കെ പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ ടൈറ്റിലില്‍ 'ജാനകി' എന്നത് 'ജാനകി വി.' എന്ന് മാറ്റാന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിരുന്നു. ഇതിനുപുറമെ, ഇടവേളയ്ക്ക് മുന്‍പുള്ള പതിനഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള സംഭാഷണത്തിലെ രണ്ടരമിനിറ്റ് നീളുന്ന ഭാഗത്ത് ഏഴിടത്ത് 'ജാനകി' എന്ന പേര് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. അതേ സമയം സിനിമയുടെ പേരുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയാണ് സംവിധായകന്‍ പ്രവീണ്‍ നാരായണന്‍.
'ഇരയായ പെണ്‍കുട്ടിക്ക് ജാനകിയെന്ന് പേര് നല്‍കി. ജാനകിയെ സീതാ ദേവിയുടെ പേരായി ബന്ധപ്പടുത്തിയാണ് ഈ വിവാദങ്ങളെല്ലാം തുടങ്ങിയത്. ആ പേരായിരുന്നു പ്രശ്‌നം. തൃശൂര്‍ പൂങ്കുന്നത്ത് വിദ്യാധരന്‍ പിള്ളയുടെ മകളായി ജനിച്ച ജാനകിയും ജനകന്റെ മകളായ ജാനകിയും തമ്മില്‍ ആനയും ആടും തമ്മിലുള്ള വ്യത്യാസം ഉണ്ടെന്ന് സെന്‍സര്‍ ബോര്‍ഡിനെ പറഞ്ഞ് മനസിലാക്കാനാണ് ഇത്രയും കാലതാമസം വന്നത്'.
'അവര്‍ നിര്‍ദേശിച്ച പ്രകാരം ജാനകിയെന്ന പേര് പരാമര്‍ശിക്കുന്ന കോടതി രംഗങ്ങളിലെ മ്യൂട്ട് ഒഴിവാക്കി കിട്ടാന്‍ കേസുമായി വീണ്ടും മുന്നോട്ട് പോയാല്‍ സിനിമയുടെ റിലീസ് അനിശ്ചിതമായി നീളും. അതൊഴിവാക്കാനാണ് ആ നിര്‍ദേശം ഞങ്ങള്‍ സ്വീകരിച്ചത്. വലിയ നഷ്ടമാണ് അല്ലെങ്കില്‍ സംഭവിക്കുക', പ്രവീണ്‍ പറയുന്നു. ഈ വിവാദങ്ങള്‍ പ്രമോഷന്‍ തന്ത്രമാണെന്ന വാര്‍ത്തകളോടും സംവിധായകന്‍ പ്രതികരിച്ചു.
'അങ്ങനൊരു തന്ത്രം എളുപ്പമുള്ള കാര്യമാണോ ? കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ നായകനാക്കി ഒരു സിനിമ ചെയ്തിട്ട്, കേന്ദ്ര മന്ത്രിസഭയുടെ കീഴിലുള്ള സെന്‍സര്‍ ബോര്‍ഡിനെക്കൊണ്ട് ഈ സിനിമയ്ക്ക് സെന്‍സറിങ്ങ് നിഷേധിക്കുക.. എന്തെല്ലാം പുകില് ഇവിടെ ഉണ്ടാകും. രാഷ്ട്രീയ പ്രസ്ഥാനം തന്നെ ബാധിക്കപ്പെടില്ലേ.എനിക്ക് മാത്രമല്ല ഈ പ്രശ്‌നം കാരണം പെട്ടിയിലിരിക്കുന്ന വേറെയും സിനിമകളുണ്ട്. എനിക്ക് അറിയാന്‍ സാധിച്ചത് എമ്പുരാന് ശേഷം പേരിന്റെ പ്രശ്‌നം കാരണം റിലീസ് തടസപ്പെട്ട അഞ്ചാമത്തെയോ ആറാമത്തെയോ സിനിമയാണ് ജെഎസ്‌കെ.സുരേഷേട്ടന്‍ ഈ വിവാദങ്ങളോട് പ്രതികരിക്കാഞ്ഞതും വാര്‍ത്തയായി. അദ്ദേഹം പ്രതികരിച്ചിരുന്നെങ്കില്‍ എന്തായേനെ? ഈ സിനിമയൊന്നും ഒരു വിഷയമാകില്ലായിരുന്നു, സുരേഷ് ഗോപി എന്ത് പറഞ്ഞു എന്നതിലെ ഓരോ അക്ഷരങ്ങളും വലിച്ചു കീറി അത് മാത്രം ചര്‍ച്ചയായി മാറിയേനെ. പ്രൊഡക്ഷന്റെ ഭാഗത്തു നിന്നും സുരേഷേട്ടന്റെ ഭാഗത്തു നിന്നും ഒന്നിച്ചെടുത്ത യുക്തിപൂര്‍വമായ തീരുമാനമാണ് ഇതില്‍ പ്രതികരിക്കേണ്ട എന്നത്', പ്രവീണ്‍ പറയുന്നു.