'ഈ കരുണയില്ലായ്മ കണ്ടില്ലെന്ന് വെച്ചാൽ ഇത് ഒരിക്കൽ നിങ്ങളുടെ നേർക്ക് വരും'; ഗസ്സയിൽ നടക്കുന്നത് വംശഹത്യ; ലോകത്തിലെ എല്ലാ കുട്ടികളെയും ഓർത്ത് ഭയപ്പെടുകയാണെന്ന് ഓസ്കർ ജേതാവ് ജെന്നിഫർ ലോറൻസ്

Update: 2025-09-27 13:24 GMT

സാൻ സെബാസ്റ്റ്യൻ: ഗസ്സയിൽ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്നത് വംശഹത്യയാണെന്ന് പ്രമുഖ ഹോളിവുഡ് നടിയും ഓസ്കർ ജേതാവുമായ ജെന്നിഫർ ലോറൻസ്. സ്പെയിനിലെ സാൻ സെബാസ്റ്റ്യൻ ചലച്ചിത്രമേളയിൽ 'ഡൈ, മൈ ലവ്' എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് ലോറൻസ് കടുത്ത നിലപാടുമായി രംഗത്തെത്തിയത്.

തനിക്ക് ഭയമുണ്ടെന്നും ഗസ്സയിൽ നടക്കുന്ന കാര്യങ്ങൾ അംഗീകരിക്കാനാവില്ലെന്നും ലോറൻസ് പറഞ്ഞു. 'എന്റെ കുട്ടികളെയും ലോകത്തിലെ എല്ലാ കുട്ടികളെയും ഓർത്ത് ഞാൻ ഭയക്കുകയാണ്,' അവർ കൂട്ടിച്ചേർത്തു. ഫെസ്റ്റിവൽ മോഡറേറ്റർ തടയാൻ ശ്രമിച്ചിട്ടും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു നടി.

ഇസ്രായേലിന്റെ കൂട്ടക്കൊലയിൽ മൗനം പാലിക്കുന്ന അമേരിക്കയുടെ രാഷ്ട്രീയ നിലപാടിനെയും അവർ വിമർശിച്ചു. രാഷ്ട്രീയക്കാർ കള്ളന്മാരാണെന്നും അവർക്ക് കരുണയില്ലെന്നും ലോറൻസ് കുറ്റപ്പെടുത്തി. ലോകത്തിന്റെ ഒരു ഭാഗത്ത് നടക്കുന്ന കാര്യങ്ങൾ അവഗണിച്ചാൽ അത് നിങ്ങളുടെ നേർക്കും വരാൻ അധികം കാലം വേണ്ടെന്ന് അവർ മുന്നറിയിപ്പ് നൽകി. ഈ സങ്കീർണ്ണ സാഹചര്യം പരിഹരിക്കാൻ എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നുവെന്നും, ഒന്നും ചെയ്യാൻ കഴിയാത്തത് ഹൃദയത്തെ വേദനിപ്പിക്കുന്നുവെന്നും നടി കൂട്ടിച്ചേർത്തു.

ഗസ്സയിലെ വംശഹത്യക്കെതിരെ പ്രതിഷേധിച്ച് ഇസ്രായേലി ചലച്ചിത്ര സ്ഥാപനങ്ങളെ ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിക്കുന്ന പ്രതിജ്ഞയിൽ അടുത്തിടെ നൂറുകണക്കിന് അഭിനേതാക്കളും സംവിധായകരും ഒപ്പുവെച്ചിരുന്നു. മാർക്ക് റുഫല്ലോ, എമ്മ സ്റ്റോൺ, ജോക്വിൻ ഫീനിക്സ് തുടങ്ങിയവർ ഇതിൽ പങ്കാളികളായിരുന്നു. എന്നാൽ ജെന്നിഫർ ലോറൻസ് ഈ പ്രതിജ്ഞയിൽ ഒപ്പുവെച്ചിരുന്നില്ല. "ആരാണ് ഉത്തരവാദികളെന്ന് ഉറപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ" എന്നായിരുന്നു പ്രതിജ്ഞയെക്കുറിച്ച് അവരുടെ പ്രതികരണം.

Tags:    

Similar News