ആ കഥാപാത്രം പാതി മലയാളിയും പാതി തമിഴുമാണ്; എനിക്ക് അത്തരം സിനിമകൾ ഭയങ്കര ഇഷ്ടമാണ്..; പരംസുന്ദരി ട്രോളുകളോട് പ്രതികരിച്ച് ജാന്‍വി കപൂര്‍
മുംബൈ: സിദ്ധാർഥ് മൽഹോത്രയ്‌ക്കൊപ്പം പ്രധാന വേഷത്തിലെത്തുന്ന 'പരംസുന്ദരി' എന്ന ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ചുള്ള വിമർശനങ്ങൾക്ക് പ്രതികരിച്ച് നടി ജാൻവി കപൂർ. ചിത്രത്തിൽ താൻ അവതരിപ്പിക്കുന്ന കഥാപാത്രം പാതി മലയാളിയും പാതി തമിഴുമാണെന്നും, താൻ മലയാളം ചിത്രങ്ങളുടെ വലിയ ആരാധികയാണെന്നും ജാൻവി പറഞ്ഞു.
"ഒടുവിൽ എനിക്ക് എന്റെ വേരുകളിലേക്ക് പോകാനുള്ള അവസരം ലഭിച്ചിരിക്കുന്നു. ഞാനോ എന്റെ അമ്മയോ മലയാളിയല്ല. എന്നാൽ, എന്റെ കഥാപാത്രം പാതി മലയാളിയും പാതി തമിഴുമാണ്. ആ ഭൂപ്രകൃതിയോടും സംസ്കാരത്തോടും എനിക്ക് വലിയ താല്പര്യമുണ്ടായിരുന്നു. ഞാൻ മലയാളം ചിത്രങ്ങളുടെ ആരാധികയാണ്. ഇതിന്റെ ഭാഗമാകാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്," ജാൻവി ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.
'പരംസുന്ദരി'യുടെ പ്രചാരണ സാമഗ്രികൾ പുറത്തിറങ്ങിയതിന് പിന്നാലെ വ്യാപകമായ വിമർശനങ്ങൾ ഉയർന്നിരുന്നു. ട്രെയിലറിലെ മലയാളം സംഭാഷണങ്ങൾക്കെതിരെയായിരുന്നു ആദ്യ വിമർശനം. പിന്നീട് പുറത്തിറങ്ങിയ ഗാനത്തിലെ വരികളും ട്രോളുകൾക്ക് ഇടയാക്കി. ഈ സാഹചര്യത്തിലാണ് ജാൻവിയുടെ വിശദീകരണം.