ഞങ്ങൾ അനുഭവിച്ചത് എന്താണെന്ന് ആർക്കും മനസ്സിലാകില്ല; ഞാനും എൻ്റെ സഹോദരിയും ഞങ്ങളുടെ തകർച്ച മറ്റുള്ളവരെ കാണിച്ചിട്ടില്ല; മനസ്സ് തുറന്ന് നടി ജാൻവി
തന്റെ അമ്മ ശ്രീദേവിയുടെ മരണശേഷം താനും കുടുംബവും എന്തെല്ലാം വെല്ലുവിളികളാണ് നേരിട്ടതെന്ന് തുറന്നുപറഞ്ഞ് നടി ജാൻവി കപൂർ. തങ്ങൾ വേട്ടയാടപ്പെട്ടുവെന്ന് അവർ പറഞ്ഞു. ആദ്യ ചിത്രമായ ധഡക്-ന്റെ പ്രചാരണത്തിനിടെ ചിരിച്ചപ്പോൾ തന്നെ ആളുകൾ വിമർശിച്ചു. അമ്മയുടെ മരണം ചിലർക്ക് മീം ഉണ്ടാക്കാനുള്ളവിഷയംപോലും ആയെന്നും ജാൻവി പറഞ്ഞു. വോഗ് ഇന്ത്യയോട് സംസാരിക്കുകയായിരുന്നു അവർ.
അമ്മയുടെ പെട്ടെന്നുള്ള മരണത്തിന് തൊട്ടുപിന്നാലെയാണ് കപൂർ തൻ്റെ ആദ്യ ചിത്രമായ 'ധഡക്'ൻ്റെ പ്രചാരണ പരിപാടികളിൽ പങ്കെടുത്തത്. പ്രചാരണത്തിനിടെ ചിരിച്ചപ്പോൾ അമ്മ മരിച്ചതിൽ തനിക്ക് ഒരു കുഴപ്പവുമില്ലെന്ന് ചിലർ വിമർശിച്ചു. മിണ്ടാതിരുന്നപ്പോൾ, ഞാൻ വികാരരഹിതയാണെന്ന് അവർ കരുതി. ഇത് ഒരു മീം ആയി മാറുമെന്നത് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. സ്വന്തം അമ്മയെ നഷ്ടപ്പെടുന്നത് രാജ്യത്തെ പകുതി പേർക്ക് ഒരു വിനോദമാകുന്നതിനെക്കുറിച്ച് ഓർത്തുനോക്കൂ എന്നും ജാൻവി പറഞ്ഞു.
ശ്രീദേവി മരിക്കുമ്പോൾ സഹോദരി ഖുഷിക്കൊപ്പം ദുബായിലായിരുന്നു ജാൻവി. തങ്ങൾ അനുഭവിച്ച വേദന പൂർണമായി പ്രകടിപ്പിക്കാൻപോലും സാധിച്ചില്ലെന്നും താരം ഓർമിച്ചു. "ഞങ്ങൾ അനുഭവിച്ചത് എന്താണെന്ന് ആർക്കും മനസ്സിലാകുമെന്ന് ഞാൻ കരുതുന്നില്ല.
ഞാനും എൻ്റെ സഹോദരിയും ഞങ്ങളുടെ തകർച്ച മറ്റുള്ളവരെ കാണിച്ചിട്ടില്ല. അതുകൊണ്ടുതന്നെ, ഞങ്ങളെ ചെളിവാരിയെറിയാമെന്നും ഞങ്ങൾ യഥാർത്ഥ മനുഷ്യരല്ലെന്നും ആളുകൾക്ക് തോന്നി. അത് സഹാനുഭൂതിയും സഹതാപവും പൂർണ്ണമായും ഇല്ലാതാക്കി."ജാൻവി വ്യക്തമാക്കി.