'വാപ്പിച്ചിയുടെ ആശംസകൾ കേൾക്കാൻ പറ്റാത്ത ആദ്യത്തെ പിറന്നാൾ'; പോയത് ഞങ്ങളെ സുരക്ഷിതരാക്കിയ ശേഷം; ആ വസ്ത്രങ്ങൾ അണിയുമ്പോൾ അദ്ദേഹത്തെ കെട്ടിപ്പിച്ച ഫീൽ ആണ്; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ
തിരുവനന്തപുരം: പതിനെട്ടാം പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് കലാഭവൻ നവാസിന്റെ മകൻ റിഹാൻ നവാസ്. ഇത്തവണത്തെ പിറന്നാൾ, അച്ഛന്റെ ഓർമ്മകളോടൊപ്പമാണെന്നും അദ്ദേഹത്തിന്റെ ആശംസകൾ കേൾക്കാൻ സാധിച്ചില്ലെന്നും റിഹാൻ കുറിച്ചു. ഒക്ടോബർ 8-ന് തന്റെ പിറന്നാൾ ആഘോഷിക്കുമ്പോൾ, 18 വയസ്സെത്തുന്നത് ഏതൊരു കുട്ടിയുടെയും സ്വപ്നമാണെങ്കിലും അത് കാണാൻ തന്റെ അച്ഛനില്ല എന്ന വേദന റിഹാൻ പങ്കുവെച്ചു. പിതാവിന്റെ വസ്ത്രങ്ങൾ ധരിച്ച് പുറത്തിറങ്ങുമ്പോൾ, അദ്ദേഹത്തിന്റെ സാമീപ്യവും ധൈര്യവും അനുഭവപ്പെടുന്നതായി റിഹാൻ കുറിക്കുന്നു. മുൻ വർഷങ്ങളിലെ പിറന്നാൾ ഓർമ്മകളും, അച്ഛൻ നൽകിയ കേക്കിന്റെ ചിത്രങ്ങളും പങ്കുവെച്ചാണ് മകൻ തന്റെ ദുഃഖം അറിയിച്ചത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
𝐎𝐜𝐭𝐨𝐛𝐞𝐫 8, ഇന്നന്റെ പിറന്നാളാണ്
ഏതൊരു കുട്ടിയുടേയും ആഗ്രഹമായിരിക്കും 18 വയസ്സാകുക എന്നത്. പക്ഷെ എനിക്ക് 18 വയസ്സായത് കാണാൻ വാപ്പിച്ചി ഇല്ല
വാപ്പിച്ചിയുടെ ആശംസകൾ കേൾക്കാൻ പറ്റാത്ത ആദ്യത്തെ പിറന്നാൾ.
വാപ്പിച്ചിയുടെ വസ്ത്രങ്ങൾ അണിയാൻ എനിക്കും റിദുവിനും വലിയ ഇഷ്ടമാണ്.
എപ്പോൾ ചോദിച്ചാലും വാപ്പിച്ചി സന്തോഷത്തോടെ എടുത്തു തരും എന്നിട്ട് ഏതാ വേണ്ടതെന്നു ചോദിക്കും?
ഞങ്ങൾ അത് ധരിക്കുമ്പോൾ നിറഞ്ഞ ചിരിയോടെ നോക്കി നിൽക്കും
ഇപ്പോൾ ഞാനും റിദുവും ആ വസ്ത്രങ്ങൾ അനിഞ്ഞാണ് പുറത്തിറങ്ങുന്നത്. എന്നാൽ ഇപ്പോൾ അത് അണിയുമ്പോൾ വാപ്പിച്ചി ഞങ്ങളെ കെട്ടിപ്പിടിച്ച ഫീൽ ആണ്, വല്ലാത്ത ധൈര്യവും തോന്നും.
വാപ്പിച്ചി 50 വയസ്സു പുറത്തിയാക്കിയില്ല(രേഖകളിൽ ജനനതിയതി തെറ്റാണ്, 𝐀𝐮𝐠𝐮𝐬𝐭-10-1974 ലാണ് യഥാർത്ഥ ജനനതിയതി).
പക്ഷെ ഞങ്ങൾക്ക് 24 വയസ്സാണ് വാപ്പയെ കണ്ടാൽ തോന്നാറുള്ളു അത്ര 𝐘𝐨𝐮𝐧𝐠 ആയ മനസ്സാണ് വാപ്പിച്ചിയുടേത്. ഞങ്ങളെ 𝐬𝐚𝐟𝐞 ആക്കിയിട്ടാണ് വാപ്പിച്ചി പോയത്.
സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ താമസിക്കുകയായിരുന്ന നവാസിനെ ഓഗസ്റ്റ് ഒന്നിനാണ് അബോധാവസ്ഥയിൽ കണ്ടെത്തുന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.