മോളെ..കളിക്കുമ്പോൾ ആളും തരവും നോക്കി കളിക്കണം കേട്ടോ..; കൂടുതൽ അങ്ങ്..ഓവർ സ്മാർട്ട് ആവല്ലേ; നല്ല പിതാവിന് ജനിച്ച ഒരാളും ഇങ്ങനെ പറയില്ല; അവർ സംസ്കാരം ഇല്ലാത്ത സ്ത്രീയെന്ന് വിളിച്ച സ്നേഹയ്‌ക്കെതിരെ വീണ്ടും രണ്ടുംകല്പിച്ച് സത്യഭാമ
പ്രമുഖ നർത്തകിയും അഭിനേത്രിയുമായ കലാമണ്ഡലം സത്യഭാമ വീണ്ടും വിവാദത്തിൽ. നടി സ്നേഹ ശ്രീകുമാറിനെതിരെ വ്യക്തിപരമായ അധിക്ഷേപവും ശരീരത്തെക്കുറിച്ചുള്ള പരാമർശങ്ങളും നടത്തി സത്യഭാമ രംഗത്തെത്തി. ആർഎൽവി രാമകൃഷ്ണനെതിരായ സത്യഭാമയുടെ വിവാദ പരാമർശങ്ങളിൽ സ്നേഹ ശ്രീകുമാർ പ്രതികരിച്ചതിന് പിന്നാലെയാണ് പുതിയ സംഭവവികാസങ്ങൾ.
"നല്ല കുടുംബത്തിൽ നല്ലൊരു പിതാവിനുണ്ടായ ഒരാളും എന്നെ മോശം പറയില്ല. ഓവർ സ്മാർട്ട് കളിക്കുമ്പോൾ ആളും തരവും നോക്കി കളിക്കണം. എന്നെ പറഞ്ഞതിനുള്ള മറുപടി മാത്രമേ ഞാൻ കൊടുത്തിട്ടുള്ളൂ," എന്നാണ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെ സത്യഭാമ സ്നേഹയെ ലക്ഷ്യമിട്ട് പറഞ്ഞത്. നേരത്തെ ആർഎൽവി രാമകൃഷ്ണനെതിരെ സത്യഭാമ നടത്തിയ പരാമർശങ്ങളെ സ്നേഹ ശ്രീകുമാർ വിമർശിക്കുകയും രാമകൃഷ്ണന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
സത്യഭാമയുടെ മുൻ പരാമർശങ്ങളെ ശക്തമായി അപലപിച്ച സ്നേഹ ശ്രീകുമാർ, സത്യഭാമയുടെ അടുത്ത് പഠിച്ച വിദ്യാർത്ഥികൾ എത്രത്തോളം മാനസിക പീഡനം സഹിച്ചിരിക്കാമെന്ന് വീഡിയോയിൽ ചോദിച്ചിരുന്നു. രാമകൃഷ്ണനെതിരെ സംസാരിച്ചത് വൈറലാകാൻ വേണ്ടിയായിരുന്നെന്നും സംസ്കാരമില്ലാത്ത സ്ത്രീക്ക് മാത്രമേ ഇങ്ങനെയൊക്കെ സംസാരിക്കാൻ സാധിക്കൂ എന്നും സ്നേഹ ആരോപിച്ചു. സത്യഭാമ സാംസ്കാരിക കേരളത്തിന് തന്നെ അപമാനമാണെന്നും അവരുടെ പേര് പറയാൻ പോലും തനിക്ക് ഇഷ്ടമില്ലെന്നും സ്നേഹ കൂട്ടിച്ചേർത്തു.