കലയേക്കാള്‍ വലുതല്ല കലാകാരന്‍; 'ഉലകനായകന്‍' എന്ന് ഇനി വിളിക്കരുത്; ഒരുപാട് ആലോചിച്ചെടുത്ത തീരുമാനമാണ്; ഫാന്‍സിന് മുന്നില്‍ അഭ്യര്‍ത്ഥനയുമായി കമല്‍ഹാസന്‍

ഉലകനായകനെന്ന വിശേഷണം ഒഴിവാക്കി പേര് മാത്രമേ വിളിക്കാവൂവെന്ന് കമല്‍ഹാസന്‍

Update: 2024-11-11 06:41 GMT


ചെന്നൈ: തന്നെ ഇനി ഉലകനായകനെന്ന് വിളിക്കരുതെന്ന് ആരാധകരോട് അഭ്യര്‍ത്ഥനയുമായി നടന്‍ കമല്‍ഹാസന്‍. വ്യക്തിയെക്കാളും വലുതാണ് കലയെന്നും ഇനി മുതല്‍ ഉലകനായകനെന്ന വിശേഷണം ഒഴിവാക്കി തന്നെ പേര് മാത്രമേ വിളിക്കാവൂവെന്നുമാണ് കമല്‍ഹാസന്റെ അഭ്യര്‍ത്ഥന.

ഇന്ത്യന്‍ സിനിമാ രംഗത്തെ ബഹുമുഖ പ്രതിഭയായ കമല്‍ഹാസന്‍ നടനായും ഗായകനായും നിര്‍മാതാവായുമെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച സൂപ്പര്‍താരമാണ്. ഉലകനായകന്‍ എന്നാണ് ആരാധകര്‍ സ്‌നേഹത്തോടെയും ആരാധനയോടെയും വിശേഷിപ്പിക്കുന്നത്. കമല്‍ഹാസന്‍ നായകനായ ദശാവതാരം എന്ന ചിത്രത്തില്‍ ഉലകനായകനേ എന്ന ഒരു ഗാനംപോലുമുണ്ടായിരുന്നു. ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് കമല്‍ഹാസന്‍ ഇപ്പോള്‍ അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്.

ഒന്നുകില്‍ കമല്‍ഹാസന്‍ എന്ന് വിളിക്കാം, അതല്ലെങ്കില്‍ കമല്‍, അതുമല്ലെങ്കില്‍ കെ എച്ച് എന്ന് ഉപയോഗിക്കാം. ഉലകനായകനെന്ന് വിശേഷിപ്പിക്കരുത്. സിനിമയെന്ന കലയേക്കള്‍ വലുതല്ല കലാകാരനെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സിനിമയെ കുറിച്ച് പഠിക്കാനും അറിയാനും വളരാനും ആഗ്രഹിക്കുന്ന ഒരു വിദ്യാര്‍ത്ഥി മാത്രമാണ് താനെന്നും കമല്‍ പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കി.

തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് അദ്ദേഹത്തിന്റെ ഈ അഭ്യര്‍ത്ഥന. ആരാധകരും മാധ്യമങ്ങളും സിനിമാമേഖലയിലെ സുഹൃത്തുക്കള്‍, പാര്‍ട്ടി അംഗങ്ങള്‍ തുടങ്ങി ആരും ഇനി തന്നെ ഉലകനായകന്‍ എന്ന് വിളിക്കേണ്ടതില്ലെന്നും കമല്‍ ഹാസന്‍ എന്നോ കമല്‍ എന്നോ കെ.എച്ച് എന്നോ അഭിസംബോധന ചെയ്താല്‍ മതിയെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി.

'എന്നോടുള്ള സ്നേഹം കൊണ്ടാണ് നിങ്ങള്‍ എന്നെ 'ഉലകനായകന്‍' എന്നതുള്‍പ്പെടെയുള്ള പ്രിയപ്പെട്ട പല പേരുകളും വിളിച്ചത്. സഹ കലാകാരന്മാരും ആരാധകരും നല്‍കുകയും സ്വീകരിക്കുകയും ചെയ്യുന്ന അത്തരം അഭിനന്ദന വാക്കുകളില്‍ ഞാന്‍ സന്തുഷ്ടനാണ്. നിങ്ങളുടെ സ്‌നേഹത്തിന് ഞാന്‍ എന്നേക്കും നന്ദിയുള്ളവനാണ്.

ഏതൊരു വ്യക്തിയേക്കാളും വലുതാണ് സിനിമ എന്ന കല. കൂടുതല്‍ പഠിക്കാനും കലയില്‍ വളരാനും ആഗ്രഹിക്കുന്ന ഒരു വിദ്യാര്‍ത്ഥിയാണ് ഞാന്‍. മറ്റ് കലകളെപ്പോലെ സിനിമയും എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. എല്ലാവര്‍ക്കും വേണ്ടി. കഴിവുള്ള കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും നല്ല പ്രേക്ഷകരുടെയും കൂട്ടായ്മയായാണ് സിനിമ രൂപപ്പെടുന്നത്.

കലാകാരന്‍ കലയേക്കാള്‍ വലുതല്ലെന്നാണ് എന്റെ അഗാധമായ വിശ്വാസം. എന്റെ അപൂര്‍ണതകളെക്കുറിച്ചും മെച്ചപ്പെടുത്താനുള്ള എന്റെ കടമയെക്കുറിച്ചും നിരന്തരം ബോധവാനായി നിലകൊള്ളാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ഏറെ ആലോചിച്ച ശേഷം ഒരു തീരുമാനം എടുക്കേണ്ടി വന്നത്. മേല്‍പ്പറഞ്ഞ ശീര്‍ഷകങ്ങളും വിശേഷണങ്ങളും മാന്യമായി നിരസിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാകുന്നു.

വര്‍ഷങ്ങളായി നിങ്ങളുടെ ദയക്ക് വീണ്ടും നന്ദി. ഈ തീരുമാനം വിനയത്തിന്റെയും എന്റെ വേരുകളിലും ലക്ഷ്യത്തിലും വിശ്വസ്തത പുലര്‍ത്താനുള്ള ആഗ്രഹത്തില്‍ നിന്നാണ് വരുന്നതെന്ന് ദയവായി അറിയുക.' കമല്‍ഹാസന്റെ വാക്കുകള്‍.

തമിഴിലെ തന്നെ മറ്റൊരു സൂപ്പര്‍താരമായ അജിത് ആണ് ഇതിനുമുന്‍പ് തനിക്ക് മറ്റുവിശേഷണങ്ങള്‍ വേണ്ടെന്നും തല എന്ന് വിളിക്കുന്നതില്‍നിന്ന് ആരാധകര്‍ പിന്‍മാറണമെന്നും അഭ്യര്‍ത്ഥിച്ചത്. 2021-ലായിരുന്നു ഇത്. അജിത് എന്നോ, അജിത് കുമാറെന്നോ, എ.കെ എന്നോ വിളിച്ചാല്‍ മതിയെന്നും അജിത് പറഞ്ഞിരുന്നു

Tags:    

Similar News