'കുഞ്ഞിനെ മറ്റുള്ളവരുടെ തംബ്നെയിലിലിട്ട് വാർത്തയാക്കണ്ട'; ആ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കിയതിന് കാരണമുണ്ട്; സൈബർ അറ്റാക്കുകൾക്ക് ചുട്ടമറുപടിയുമായി ഗ്ലാമി ഗംഗയും വിഷ്ണുവും
തിരുവനന്തപുരം: തങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട് സൈബറിടങ്ങളിൽ പ്രചരിച്ച അഭ്യൂഹങ്ങൾക്കും ആരോപണങ്ങൾക്കും മറുപടിയുമായി യൂട്യൂബർ ഗ്ലാമി ഗംഗയും പ്രതിശ്രുത വരൻ വിഷ്ണുവും രംഗത്ത്. വിഷ്ണുവിന്റെ ആദ്യ വിവാഹത്തെയും മകളെയും കുറിച്ചുള്ള ചർച്ചകൾക്ക് പുതിയ വീഡിയോയിലൂടെയാണ് ഇരുവരും വ്യക്തത നൽകിയത്. താൻ മുമ്പ് വിവാഹിതനായിരുന്നെന്നും, എന്നാൽ ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയാത്തതിനെ തുടർന്ന് വേർപിരിയുകയായിരുന്നെന്നും വിഷ്ണു വെളിപ്പെടുത്തി.
"ആ പുള്ളിക്കാരി വേറൊരാളെ കല്യാണം കഴിച്ച് ജീവിക്കുകയാണ്. ഞങ്ങളുടെ മോളുടെ കാര്യത്തിൽ കൃത്യമായ തീരുമാനമെടുത്തിട്ടുണ്ട്," വിഷ്ണു പറഞ്ഞു. മകളുടെ ചിത്രം ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്തത് സംബന്ധിച്ചും അദ്ദേഹം വിശദീകരണം നൽകി. "കുഞ്ഞിന്റെ ഫോട്ടോ മറ്റുള്ളവരുടെ തംബ്നെയിലുകളിൽ വരാതിരിക്കാൻ വേണ്ടിയാണ് മാറ്റിയത്. കുഞ്ഞിനെ പൊതുമധ്യത്തിൽ കൊണ്ടുവരാൻ താൽപ്പര്യമില്ല," ഗംഗയുടെ നിർദ്ദേശപ്രകാരമാണ് ചിത്രം മാറ്റിയതെന്നും വിഷ്ണു കൂട്ടിച്ചേർത്തു.
വിഷ്ണുവിന് ഒരു മകളുള്ളത് തനിക്ക് ഒരു വിഷയമല്ലെന്ന് ഗംഗ വ്യക്തമാക്കി. "അപ്പുവിന് ഒരു മകളുള്ളത് എനിക്ക് വിഷയമല്ല. ഭാവിയിൽ അവൾ വന്നാൽ ഞാൻ ചേർത്തുപിടിക്കും. എനിക്കില്ലാത്ത പ്രശ്നങ്ങൾ അക്കാര്യത്തിൽ വേറെ ആർക്കും വേണ്ട," ഗംഗ പറഞ്ഞു. വിഷ്ണുവിനെ തന്റെ അമ്മയ്ക്കും വീട്ടുകാർക്കും വലിയ കാര്യമാണെന്നും, അവന്റെ കഴിഞ്ഞകാലം തനിക്കറിയാമെന്നും ഗംഗ കൂട്ടിച്ചേർത്തു.
തിരുവനന്തപുരം സ്വദേശിയാണ് ഗംഗ. 'ഗ്ലാമി ഗംഗ' എന്ന യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകർക്ക് സുപരിചിതയായത്. ബ്യൂട്ടി വ്ലോഗുകൾക്ക് പുറമെ, വ്യക്തിജീവിതത്തിലെ പ്രധാന നിമിഷങ്ങളും സന്തോഷങ്ങളും ദുഃഖങ്ങളുമെല്ലാം അവർ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെയാണ് ഗംഗ സ്വന്തമായി വീട് വെച്ചതും, അടുത്ത സുഹൃത്തായ വിഷ്ണുവിനെ വിവാഹം കഴിക്കാൻ പോകുന്നുവെന്ന് അറിയിച്ചതും.