'ആക്ഷൻ ഹീറോ ബിജു 2' തുടങ്ങിയതാണ്, ഞാൻ ഒരുപാട് ആഗ്രഹിച്ച സിനിമയാണത്'; ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം വൈകുന്നതിന്റെ കാരണം വെളിപ്പെടുത്തി എബ്രിഡ് ഷൈൻ
കൊച്ചി: 'ആക്ഷൻ ഹീറോ ബിജു 2' ന്റെ നിർമ്മാണം നിലച്ചതിന് പിന്നിൽ സാങ്കേതിക പ്രശ്നങ്ങളാണെന്ന് വെളിപ്പെടുത്തി സംവിധായകൻ എബ്രിഡ് ഷൈൻ. ഒരു ഷെഡ്യൂൾ പൂർത്തിയാക്കിയതിന് ശേഷം ചിത്രം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്നും, താൻ ഏറെ ആഗ്രഹിക്കുന്ന ഈ ചിത്രം ഭാവിയിൽ യാഥാർത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും എബ്രിഡ് ഷൈൻ അറിയിച്ചു.
"ഞങ്ങൾ 'ആക്ഷൻ ഹീറോ ബിജു 2' തുടങ്ങിയതാണ്. പക്ഷേ ചില സാങ്കേതിക പ്രശ്നങ്ങൾ ആ സിനിമയ്ക്ക് സംഭവിച്ചു. ആ ചിത്രം ഇപ്പോൾ മുന്നോട്ട് പോകുന്നില്ല. ഞാൻ ഒരുപാട് ആഗ്രഹിച്ച സിനിമയാണത്. എപ്പോഴെങ്കിലും ഇത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു," എബ്രിഡ് ഷൈൻ പറഞ്ഞു. നിവിൻ പോളിയും പി എസ് ഷംനാസും ചേർന്നായിരുന്നു ചിത്രത്തിന്റെ രണ്ടാം ഭാഗം നിർമ്മിക്കാൻ നിശ്ചയിച്ചിരുന്നത്. 2016 ഫെബ്രുവരി നാലിന് തിയറ്ററുകളിലെത്തിയ 'ആക്ഷൻ ഹീറോ ബിജു' ബോക്സ് ഓഫീസിൽ വലിയ വിജയമായിരുന്നു.
പൊലീസ് ഉദ്യോഗസ്ഥനായി നിവിൻ പോളി എത്തിയ ഈ ചിത്രം, ഒരു പോലീസ് സ്റ്റേഷനിലെ സാധാരണവും അസാധാരണവുമായ സംഭവങ്ങളെ യാഥാർത്ഥ്യബോധത്തോടെ അവതരിപ്പിച്ച് പ്രേക്ഷക പ്രശംസ നേടി. ചിത്രത്തിന്റെ വലിയ വിജയത്തെത്തുടർന്നാണ് രണ്ടാം ഭാഗവും പ്രഖ്യാപിച്ചത്.അതേസമയം, നിവിൻ പോളിയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം 'സർവ്വം മായ'യാണ്. ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചതിന് ശേഷവും ഈ ചിത്രം തിയറ്ററുകളിൽ നിന്ന് 150 കോടി രൂപ നേടിയിട്ടുണ്ട്.