'സൂര്യപ്രകാശം കണ്ടിട്ട് ദിവസങ്ങളായി, കയ്യില്‍ പൂപ്പല്‍, ദുര്‍ഗന്ധമുള്ള വസ്ത്രം'; ജയിലിൽ ജീവിക്കാന്‍ കഴിയില്ലെന്നും വിഷം നൽകണമെന്നും കോടതിയോട് ആവശ്യപ്പെട്ട് കന്നഡ സൂപ്പർ താരം ദര്‍ശന്‍
ബംഗളൂരു: ജയിലിലെ മോശം സാഹചര്യങ്ങൾ ചൂണ്ടിക്കാണിച്ച് കോടതിയോട് വിഷം ആവശ്യപ്പെട്ട് കന്നഡ സൂപ്പർ താരം ദർശൻ. രേണുകസ്വാമി വധക്കേസുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന താരമാണ് ആവശ്യം ഉന്നയിച്ചത്. കഴിഞ്ഞ വർഷം ജൂണിലാണ് ദർശൻ അറസ്റ്റിലായത്. ഡിസംബറിൽ ജാമ്യം ലഭിച്ചെങ്കിലും കഴിഞ്ഞ മാസം കോടതി ജാമ്യം റദ്ദാക്കിയിരുന്നു.
വീഡിയോ കോൺഫറൻസിംഗിലൂടെ കേസ് വാദം കേൾക്കുന്നതിനിടെയാണ് ദർശൻ കോടതിയിൽ വികാരഭരിതനായി സംസാരിച്ചത്. 'ഇവിടെ സൂര്യപ്രകാശം കണ്ടിട്ട് ദിവസങ്ങളായി. എൻ്റെ കൈകളിൽ പൂപ്പൽ ബാധിച്ചിരിക്കുന്നു. വസ്ത്രങ്ങളെല്ലാം ദുർഗന്ധം വമിക്കുന്നു. ഈ സാഹചര്യങ്ങളിൽ ജീവിക്കാൻ വയ്യ. ദയവായി എനിക്കൽപ്പം വിഷം തരൂ,' താരം കോടതിയിൽ അഭ്യർത്ഥിച്ചു. എന്നാൽ, ഇത്തരം അപേക്ഷകൾ അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമി എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലാണ് ദർശൻ അറസ്റ്റിലായത്. നടിയും ദർശൻ്റെ സുഹൃത്തുമായ പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പറയപ്പെടുന്നു. 33 വയസ്സുള്ള രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച ശേഷം മൃതദേഹം ഓടയിൽ ഉപേക്ഷിക്കുകയായിരുന്നു. അതേസമയം, കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിനായി കേസ് സെപ്റ്റംബർ 19 ലേക്ക് മാറ്റിയിട്ടുണ്ട്.