മലയാളം സംസാരിക്കുന്നത് ഏതു സംസ്ഥാനത്താണ്? ചോദ്യത്തിന് മുന്നില്‍ ഉത്തരം മുട്ടി നടി കിയാര അദ്വാനി; സൈബറിടത്തില്‍ രൂക്ഷ വിമര്‍ശനം

മലയാളം സംസാരിക്കുന്നത് ഏതു സംസ്ഥാനത്താണ്?

Update: 2024-10-20 14:07 GMT

മുംബൈ: ബോളിവുഡില്‍ ചുവടു വെച്ചതിന് ശേഷം തെന്നിന്ത്യന്‍ സിനിമ ലോകത്തും ശക്തമായ സാന്നിധ്യം അറിയിക്കാന്‍ ഒരുങ്ങുകയാണ് നടി കിയാര അദ്വാനി. രാം ചരണ്‍ ചിത്രം ഗെയിം ചെയ്ഞ്ചര്‍, കന്നഡയില്‍ നിന്ന് ടോക്‌സിക് എന്നീ ചിത്രങ്ങളാണ് നടിയുടേതായി റിലീസിന് ഒരുങ്ങുന്നത്. അതേസമയം നടിക്ക് തെന്നിന്ത്യയെ കുറിച്ച് വലിയ ധാരണയൊന്നും ഇല്ലെന്നാണ് സൂചനകള്‍. അത് വ്യക്തമാക്കുന്ന ഒരു സംഭവം സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

കിയാര അദ്വാനിയുടെ ഒരു അഭിമുഖം റെഡ്ഡിറ്റില്‍ വലിയ വിമര്‍ശനം ഉയര്‍ത്തുകയാണ്. റാണ അവതരിപ്പിക്കുന്ന ഷോയില്‍ കിയാരയും രാം ചരണും അതിഥികളായി എത്തിയിരുന്നു. സൗത്തിന്ത്യന്‍ സിനിമയെക്കുറിച്ച് ചോദിക്കുന്നതിനൊപ്പം സൗത്തിലെ സംസ്ഥാനങ്ങള്‍ ഏതാണെന്ന് നടിയോട് ചോദിച്ചു. തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളുടെ പേരുകള്‍ കിയാര പറഞ്ഞു.

തമിഴ് എവിടത്തെ ഭാഷയാണെന്നുള്ള റാണയുടെ ചോദ്യത്തിന് തമിഴ്‌നാട് എന്ന് നടി ഉത്തരം നല്‍കി. എന്നാല്‍ മലയാളത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഉത്തരം മുട്ടി. ഒടുവില്‍ രാം ചരണ്‍, കേരളത്തിലെ ഭാഷയാണ് മലയാളമെന്ന് കിയാരയോട് പറഞ്ഞു.

വിഡിയോ വൈറലായതിന് പിന്നാലെ രൂക്ഷ വിമര്‍ശനവും ട്രോളുകളുമാണ് നടിക്കെതിരെ ഉയരുന്നത്.ഇതൊക്കെ സ്‌കൂളില്‍ പഠിക്കുന്ന കാര്യങ്ങളാണെന്നും കിയാരയുടെ അറവില്ലായ്മയാണെന്നുമാണ് വിഡിയോക്ക് വരുന്ന കമന്റുകള്‍. എല്ലാ സിലബസിലും ചെറിയ ക്ലാസുകളില്‍ തന്നെ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ പേരും ഭാഷയും തലസ്ഥാനമൊക്കെ പഠിപ്പിക്കമെന്ന് മറ്റൊരാള്‍ കുറിച്ചു.

Tags:    

Similar News