കാഷായ വസ്ത്രം ധരിച്ച, രുദ്രാക്ഷമാലയും ചാര്‍ത്തി, ത്രിവേണി സംഗമത്തില്‍ സ്‌നാനം: മഹാകുംഭമേളയുടെ അപൂര്‍വനിമിഷത്തിനു സാക്ഷിയാകാന്‍ സാധിച്ചതില്‍ ചാരിതാര്‍ത്ഥ്യം: പ്രയാഗ് രാജിലെ കുംഭമേളയില്‍ കൃഷ്ണകുമാര്‍
പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ പങ്കെടുത്ത് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാര്‍. കുംഭമേളയിലെ അപൂര്‍വ്വ നിമിഷങ്ങള്‍ അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിട്ടുണ്ട്. മഹാകുംഭമേളയുടെ അപൂര്‍വനിമിഷത്തിനു സാക്ഷിയാകാന്‍ സാധിച്ചതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭംഗിയായി സുരക്ഷാ സംവിധാനവും സൗകര്യങ്ങളും ഒരുക്കിയ മോദി - യോഗി സര്‍ക്കാരിന് കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍ കുംഭമോളയില്‍ പങ്കെടുത്ത വിവരം അറിയിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണരൂപം:
നമസ്‌കാരം സഹോദരങ്ങളെ, ഒന്നരനൂറ്റാണ്ടിനിടെ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന മഹാകുംഭമേളയുടെ അപൂര്‍വനിമിഷത്തിനു സാക്ഷിയാകാന്‍ സാധിച്ചതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. 144 വര്‍ഷത്തിന് ശേഷമാണ് മഹാകുംഭ മേള പ്രയാഗ് രാജില്‍ സംഭവിക്കുന്നത്. പ്രയാഗ് രാജിലെ ത്രിവേണി സംഗമത്തിലാണ് മഹാ കുംഭ മേള ആഘോഷിക്കുന്നത്. മൂന്ന് പുണ്യനദികളായ ഗംഗ, യമുന, സരസ്വതി എന്നിവ കൂടിച്ചേരുന്ന സ്ഥലമാണ് ത്രിവേണി സംഗമം. ഇന്നലെ മകരസംക്രാന്തി ദിനത്തില്‍ സംഗമത്തിലെ രാജകീയ സ്‌നാനത്തില്‍ സ്‌നാനം ചെയ്തത് മൂന്നരക്കോടി ഭക്തജനങ്ങളാണ്.
ഈ വര്‍ഷം 40 കോടിയിലേറെ ഭക്തരാണ് മഹാകുംഭമേളയില്‍ പങ്കെടുക്കുന്നത് . ഇത്രയും ആളുകളെ ഉള്‍ക്കൊള്ളുന്നതിന് മനോഹരങ്ങളായ സൗകര്യങ്ങളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. കോടിക്കണക്കിനു സാധാരണ ജനങ്ങള്‍, വിദേശികള്‍, വിഐപികള്‍ ഉള്‍പ്പടെ ഇത്രയധികം ആളുകള്‍ പങ്കെടുക്കുന്ന മേളയില്‍ അപകടങ്ങളോ അനിഷ്ട സംഭവങ്ങളോ ഉണ്ടാകാതെ വളരെ ഉയര്‍ന്ന രീതിയിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇത്രയും ഭംഗിയായി സുരക്ഷാ സംവിധാനങ്ങളും മറ്റു സൗകര്യങ്ങളും ഒരുക്കിയ മോദി-യോഗി സര്‍ക്കാരുകള്‍ എന്തുകൊണ്ടും അഭിനന്ദനം അര്‍ഹിക്കുന്നു... അദ്ദേഹം കുറിച്ചു.