'ഈ രോഗാവസ്ഥയില്‍ ഉള്ള ആദ്യ മൂന്ന് വര്‍ഷം ഞാന്‍ മരിച്ചതിന് തുല്യമായിരുന്നു; കഴിഞ്ഞ ആറ് വര്‍മായി ബൈപോളാര്‍ ഡിസോര്‍ഡറിനോട് പോരാടുകയാണ്: ആ അവസ്ഥ നിസാരമല്ല'; തുറന്നുപറച്ചിലുമായി ഹണി സിങ്

Update: 2025-01-17 12:49 GMT

കഴിഞ്ഞ ആറ് വര്‍മായി ബൈപോളാര്‍ ഡിസോര്‍ഡറിനോട് പോരാടുകയാണ് താനെന്ന് ഗായകന്‍ യോ യോ ഹണി സിങ്. ആദ്യ മൂന്ന് വര്‍ഷങ്ങള്‍ താന്‍ മരിച്ചു എന്നാണ് വിചാരിച്ചിരുന്നത്, ശരിക്കും മരിച്ചു എന്നായിരുന്നു ധാരണ എന്നാണ് ഹണി സിങ് വെളിപ്പെടുത്തിയിരിക്കുന്നത്. നടി റിയ ചക്രബര്‍ത്തിയുമായി ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് ഹണി രോഗാവസ്ഥയെ കുറിച്ച് പറഞ്ഞത്.

''കഴിഞ്ഞ 6 വര്‍ഷമായി ബൈപ്പോളാര്‍ ഡിസോര്‍ഡറിനോട് പോരാടുകയാണ് ഞാന്‍. എന്റെ ചിന്തയിലും പെരുമാറ്റത്തിലുമെല്ലാം പലവിധ ക്രമക്കേടുകള്‍ ഉണ്ട്. അതൊക്കെ ഞാന്‍ ആഴത്തില്‍ ചിന്തിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു. ഞാന്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. അത് എനിക്ക് തന്നെയറിയാം.''

''ഈ രോഗാവസ്ഥയോടുള്ള എന്റെ പോരാട്ടത്തിലെ ആദ്യ മൂന്ന് വര്‍ഷം ഞാന്‍ മരിച്ചതിന് തുല്യമായിരുന്നു. ശരിക്കും ഞാന്‍ മരിച്ചു എന്നായിരുന്നു എന്റെ ധാരണ'' എന്നാണ് ഹണി സിങ് പറയുന്നത്. അതേസമയം, തന്റെ രോഗത്തെ അതിജീവിച്ച് സംഗീതലോകത്ത് സജീവമായി തുടരുകയാണ് ഹണി സിങ്.

'മില്യനയര്‍ ടൂര്‍' എന്ന പേരില്‍ പാട്ടുമായി ഇന്ത്യന്‍ പര്യടനത്തിന് ഒരുങ്ങുകയാണ് ഗായകന്‍. ഫെബ്രുവരി 22ന് മുംബൈയില്‍ മില്യനയര്‍ ടൂറിന് തുടക്കമാകും. ഇതിനിടെ ഹിപ്-ഹോപ്പ് താരത്തിന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള ഡോക്യു-ഫിലിമായ യോ യോ ഹണി സിംഗ്: ഫേമസ്, നെറ്റ്ഫ്ളിക്സ് ഡിസംബറില്‍ പുറത്തിറക്കിയിരുന്നു.

Similar News