രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷം രണ്ടാം വരവിനൊരുങ്ങി 'എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി'; ചിത്രം മാര്‍ച്ച് 14ന് വീണ്ടും തീയറ്ററില്‍ എത്തും

രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷം രണ്ടാം വരവിനൊരുങ്ങി 'എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി'

Update: 2025-03-10 15:15 GMT

ചെന്നൈ: രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സൂപ്പര്‍ഹിറ്റായി മാറിയ മെഗാ ഹിറ്റ് സിനിമ എം. കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി' രണ്ടാം വരവിന് ഒരുങ്ങുന്നു. രവി മോഹനെ നായകനാക്കി മോഹന്‍ രാജ (ജയം രാജ) സംവിധാനം ചെയ്ത ചിത്രം പല അഭിനേതാക്കള്‍ക്കും വഴിത്തിരിവായി മാറിയിരുന്നു.

അസിന്‍ തമിഴില്‍ നായികയായി അരങ്ങേറ്റം കുറിച്ച ചിത്രം, നദിയാ മൊയ്തു ഒരിടവേളക്ക് ശേഷം തിരിച്ചു വരവ് നടത്തിയ ചിത്രം എന്നിങ്ങനെ ഒട്ടേറെ സവിശേഷതകള്‍ ഈ സിനിമക്കുണ്ട്. എഡിറ്റര്‍ മോഹന്‍ നിര്‍മ്മിച്ച ചിത്രം മാര്‍ച്ച് 14 ന് പുനപ്രദര്‍ശനത്തിന് തയ്യാറെടുക്കുകയാണ്.

ബോക്‌സിങ്ങിന്റെ പശ്ചാത്തലത്തില്‍ ആക്ഷന്‍, പ്രണയം, നര്‍മ്മം, ദുരൂഹത, വൈകാരികത എന്നിവ കോര്‍ത്തിണക്കി കാണികളെ ആകര്‍ഷിക്കും വിധം മോഹന്‍ രാജ അണിയിച്ചൊരുക്കിയ ചിത്രത്തിന് അന്ന് വന്‍ സ്വീകരണമാണ് ലഭിച്ചത്. ഒരു തമിഴ് യുവാവും മലയാളി പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയത്തിന്റെ അകമ്പടിയോടെയായിരുന്നു ചിത്രത്തിന്റെ കഥാപ്രയാണം. ശ്രീകാന്ത് ദേവ സംഗീതം നല്‍കി ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ എല്ലാം തന്നെ സൂപ്പര്‍ ഹിറ്റുകളായിരുന്നു.

ആലപ്പുഴ, പൊള്ളാച്ചി, ചെന്നൈ, ഹൈദരാബാദ്, മലേഷ്യാ എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചിത്രത്തില്‍ പ്രകാശ് രാജ്, ഐശ്വര്യ, വിവേക്, വെണ്ണിറ ആടൈ മൂര്‍ത്തി, ടി.പി. മാധവന്‍, ജ്യോതി ലക്ഷ്മി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തില്‍ ചിത്രം റീ റിലീസ് ചെയ്യുന്നത്.

Tags:    

Similar News