ഷൂട്ടിംഗില്ലാത്ത ഇടവേളകളില്‍ സംഭവിക്കുന്ന സൗഹൃദസദസ്സുകളിലൊന്നില്‍ ഉണ്ടായ ഒരു കൊമ്പു കോര്‍ക്കലായിരുന്നു സംഭവം; ശേഷം ഇരുവരും സൗഹൃദത്തിലാകുകയും ചെയ്തു; ഈ വാര്‍ത്തയാണ് കേരളത്തെ ഞെട്ടിക്കുന്ന ഒരു സ്‌ഫോടകാത്മക വാര്‍ത്തയായി അഷറഫ് അവതരിപ്പിച്ചത്; ഇത് സബ്‌സ്‌ക്രൈബേഴ്‌സിനെ കൂട്ടാനുള്ള തറവേല മാത്രം ആലപ്പി അഷ്‌റഫിനെതിരെ പദ്മകുമാര്‍

Update: 2024-11-25 07:53 GMT

സംവിധായകന്‍ രഞ്ജിത്ത് അന്തരിച്ച നടന്‍ ഒടുവില്‍ ഉണ്ണികൃഷ്ണനെ മര്‍ദിച്ചു എന്ന ആലപ്പി അഷ്‌റഫിന്റെ വെളിപ്പെടുത്തല്‍ വലിയ വാര്‍ത്തയായിരുന്നു. ആറാംതമ്പുരാന്‍ സെറ്റില്‍ വച്ച് താന്‍ സാക്ഷിയായ ഒരു സംഭവത്തേക്കുറിച്ചാണ് തന്റെ യൂട്യൂബ് ചാനലിലൂടെ ആലപ്പി അഷ്‌റഫ് പറഞ്ഞത്. ഇപ്പോള്‍ ആലപ്പി അഷ്‌റഫിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ എം പദ്മകുമാര്‍. സബ്‌സ്‌ക്രൈബേഴ്‌സിനെ കൂട്ടാനുള്ള തറവേലയാണ് ഇത് എന്നാണ് പദ്മകുമാര്‍ വിമര്‍ശിച്ചത്. ഒരു കയ്യാങ്കളിയുടെ വക്കുവരെ എത്തിയ ചെറിയ സംഭവമായിരുന്നു അത് എന്നാണ് ആറാംതമ്പുരാന്‍ സിനിമയിലെ അസോസിയേറ്റ് ഡയറക്ടറായിരുന്ന പദ്മകുമാര്‍ പറയുന്നത്.

എം പദ്മകുമാറിന്റെ കുറിപ്പ്

ഞാന്‍ എം പത്മകുമാര്‍, ഒരു മലയാള ചലച്ചിത്ര സംവിധായകന്‍ എന്നറിയപ്പെടുന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ ഒരു പാടു പേരുടെ പിന്തുണയും ആശംസകളും അകമഴിഞ്ഞ സ്‌നേഹവും ഉണ്ട്. ബാലകൃഷ്ണനും ഹരിഹരന്‍ സാറും ശശിയേട്ടനും ഷാജിയേട്ടനും രഞ്ജിയും ഉള്‍പ്പെടെ. രഞ്ജി എന്നു ഞങ്ങള്‍ വിളിക്കുന്നത് രഞ്ജിത്തിനെയാണ്. മലയാള സിനിമയിലെ എന്റെ ഗുരുവും സുഹൃത്തും സഹോദരനും എല്ലാമാണ് രഞ്ജി. അത് ഏത് ദുരാരോപണങ്ങള്‍ക്ക് അദ്ദേഹം ഇരയായാലും അങ്ങനെ തന്നെയാണ്. പിന്നിട്ട കാലങ്ങളെ മറക്കാം, മായ്ച്ചു കളയാനാവില്ലല്ലോ.

രഞ്ജിത്ത് എന്ന സംവിധായകനുമേല്‍, എഴുത്തുകാരനു മേല്‍ ഉന്നയിക്കപ്പെട്ട കുറ്റച്ചാര്‍ത്തുകള്‍ കോടതികളുടെ പരിഗണനയിലാണ്. അതിന്റെ ശരിതെറ്റുകള്‍ കോടതിയും കാലവും തെളിയിക്കട്ടെ,നമുക്ക് കാത്തിരിക്കാം... പക്ഷെ ഇപ്പോള്‍ ഏറ്റവും ഒടുവില്‍ നികൃഷ്ടമായ മറ്റൊരു കുറ്റകൃത്യം കൂടെ ഇതാ രഞ്ജിത്തില്‍ ആരോപിക്കപ്പെട്ടിരിക്കുന്നു. അത് ഞാന്‍ ബഹുമാനിക്കുന്ന സംവിധായകന്‍ ശ്രീ ആലപ്പി അഷറഫില്‍ നിന്നാണ്. അദ്ദേഹത്തിന്റെ സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം അത് ലോകത്തെ അറിയിച്ചത്. 'ആറാം തമ്പുരാന്‍' എന്ന സിനിമയുടെ ലൊക്കേഷനില്‍ ഉണ്ടായിരുന്ന കുറച്ചു സമയത്ത് അദ്ദേഹം സാക്ഷിയായ ഞെട്ടിക്കുന്ന ഒരു സംഭവമാണ് വിഷയം. ഒടുവില്‍ ഉണ്ണികൃഷ്ണന്‍ എന്ന കലാകാരനെ തിരക്കഥാകൃത്തായ രഞ്ജിത്ത് മര്‍ദ്ദിക്കുന്നു; രോഗിയായ ഒടുവില്‍ താഴെ വീഴുന്നു, കരയുന്നു. നൂറ്റി ഇരുപതിലധികം വരുന്ന യൂനിറ്റ് മൊത്തം അത് കണ്ട് നിഷ്‌ക്രിയരായി നില്‍ക്കുന്നു,ഇദ്ദേഹം ഉള്‍പ്പെടെ... ഇതാണ് ശ്രീ ആലപ്പി അഷറഫിന്റെ സാക്ഷിമൊഴി. 1996 ല്‍ നടന്ന ഈ സംഭവത്തില്‍ പ്രതികരിക്കാന്‍ ശ്രീ അഷറഫിന് സ്വന്തം യൂട്യൂബ് ചാനല്‍ തുടങ്ങുന്ന 2024 വരെ കാത്തിരിക്കേണ്ടി വന്നു!

ശ്രീ അഷറഫ് കുറച്ചു സമയം ഉണ്ടായിരുന്ന 'ആറാം തമ്പുരാന്‍'എന്ന സിനിമയില്‍ മുഴുവന്‍ സമയം ഉണ്ടായിരുന്ന അസ്സോസിയേറ്റ് ഡയറക്ടറായിരുന്നു, ഞാന്‍. ശ്രീ അഷറഫ് പറഞ്ഞ പ്രസ്തുത സംഭവം, സിനിമകള്‍ ഇല്ലാതായി കഴിയുമ്പോള്‍ വാര്‍ത്തകളുടെ ലൈം ലൈറ്റില്‍ തുടരാന്‍ വേണ്ടി ചില സിനിമാ പ്രവര്‍ത്തകര്‍ നടത്തിപ്പോരുന്ന യൂട്യൂബ് ചാനലുകള്‍ക്ക് സബസ്‌ക്രൈബേഴ്‌സിനെ കൂട്ടിക്കിട്ടാനുള്ള ഏതാനും തറവേലകളില്‍ ഒന്നു മാത്രമാണ്. ആറാം തമ്പുരാന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ ഏറെ സ്‌നേഹത്തോടെയും സൗഹൃദത്തോടെയും പരസ്പര ബഹുമാനത്തോടെയും കഴിഞ്ഞു പോന്ന രണ്ടു പേരാണ് ഒടുവിലും രഞ്ജിത്തും. ഷൂട്ടിംഗില്ലാത്ത ഇടവേളകളില്‍ സംഭവിക്കുന്ന സൗഹൃദസദസ്സുകളിലൊന്നില്‍ ഉണ്ടായ ക്ഷണികമായ ഒരു കൊമ്പു കോര്‍ക്കലും ഒടുവിലിന്റെ വാക്കുകള്‍ സഭ്യതയുടെ അതിരു കടക്കുന്നു എന്നു തോന്നിയപ്പോള്‍ രഞ്ജിത്ത് അതു തിരുത്തിയതും അതു ചെറിയ ഒരു കയ്യാങ്കളിയുടെ വക്കുവരെ എത്തിയതും അല്പസമയത്തിനകം എല്ലാം മറക്കുകയും പരസ്പരം ക്ഷമിക്കുകയും ചെയ്ത ഒരു ചെറിയ സംഭവമാണ് സാംസ്‌കാരിക കേരളത്തെ ഞെട്ടിക്കുന്ന ഒരു സ്‌ഫോടകാത്മക വാര്‍ത്തയായി ശ്രീ അഷറഫ് അവതരിപ്പിക്കുന്നത്... അതും 28 വര്‍ഷങ്ങള്‍ക്കു ശേഷം! അന്ന് ആ സെറ്റില്‍ ഉണ്ടായിരുന്ന ലാലേട്ടനും നിര്‍മ്മാതാവ് സുരേഷ്‌കുമാറും സംവിധായകന്‍ ഷാജി കൈലാസും ഉള്‍പ്പെടെ ഈ അധമവൃത്തിക്കെതിരെ പ്രതികരിച്ചില്ല! എന്തിന് ശ്രീ അഷറഫ് പോലും!

അവസരങ്ങള്‍ക്കു വേണ്ടി മുട്ടുമടക്കാത്ത, തലകുനിക്കാത്ത കലാകാരന്‍മാരെ അഹങ്കാരികള്‍ എന്ന് സിനിമാലോകത്ത് വിശേഷിപ്പിക്കാറുണ്ട്. ആ വിശേഷണത്തെ സ്വന്തം തൊപ്പിയിലെ ഒരു തൂവലായി കൊണ്ടു നടക്കുന്നവരില്‍ ഒരാളായിട്ടാണ് രഞ്ജിത്തിനെ വ്യക്തിപരമായി ഞാന്‍ കണ്ടിട്ടുള്ളത്... തെറ്റുകള്‍ പറ്റാം,കുറവുകള്‍ കണ്ടെത്താം... വിമര്‍ശിക്കാം... പക്ഷെ അവാസ്തവങ്ങള്‍ പ്രചരിപ്പിച്ച് ആള്‍ക്കൂട്ടക്കയ്യടി വാങ്ങി ഇല്ലാതാക്കാം എന്നു വിചാരിക്കരുത്.ചാനലിന്റെ റേറ്റിംഗ് കൂട്ടാന്‍ കുറച്ചു കൂടി മ്ലേച്ഛമായ മറ്റു വഴികള്‍ നമുക്ക് കണ്ടെത്താവുന്നതേ ഉള്ളു

Tags:    

Similar News