മോഹൻലാലിന്റെ അമ്മയെ അവസാനമായി കാണാൻ മമ്മൂട്ടിയെത്തി; അന്ത്യോപചാരം അർപ്പിച്ച് ചലച്ചിത്ര രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ; സംസ്കാരം നാളെ തിരുവനന്തപുരത്ത്
കൊച്ചി: മോഹൻലാലിന്റെ വീട്ടിലെത്തി അമ്മയ്ക്ക് അന്ത്യോപചാരം അർപ്പിച്ച് മമ്മൂട്ടി. മമ്മൂട്ടി, രമേഷ് പിഷാരടി, നിർമാതാവ് ആന്റോ ജോസഫ്, ജോർജ്, ഹൈബി ഈഡൻ എംപി എന്നിവരാണ് എളമക്കരയിലെ വസതിയിലെത്തിയത്. അമ്മയുടെ നിര്യാണവാർത്ത അറിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ മമ്മൂട്ടി മോഹൻലാലിന്റെ വീട്ടിലെത്തിയിരുന്നു.
പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ശാന്തകുമാരി കൊച്ചി എളമക്കരയിലെ വസതിയിൽ വെച്ചാണ് അന്തരിച്ചത്. സംസ്കാര ചടങ്ങുകൾ ബുധനാഴ്ച നടക്കും. എളമക്കരയില്‍ വീടിനടുത്തുള്ള അമൃത ആശുപത്രിയിലാണ് ശാന്തകുമാരിയമ്മയുടെ ചികിത്സ നടത്തിയിരുന്നത്. മരണവിവരം അറിഞ്ഞ് സഹപ്രവര്‍ത്തകരും സിനിമാപ്രവര്‍ത്തകരും വീട്ടിലേക്ക് എത്തിച്ചേരുന്നുണ്ട്.
അമ്മയോടുള്ള മോഹൻലാലിന്റെ ആഴത്തിലുള്ള സ്നേഹം പലപ്പോഴും അദ്ദേഹത്തിന്റെ വാക്കുകളിലും പ്രവർത്തികളിലും പ്രകടമായിരുന്നു. ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചപ്പോൾ, അമ്മയോടൊപ്പം പുരസ്കാരം പങ്കുവെക്കാൻ കഴിഞ്ഞതിൽ താൻ സന്തോഷവാനാണെന്ന് മോഹൻലാൽ മുമ്പ് പറഞ്ഞിരുന്നു. അച്ഛന്റെയും അമ്മയുടെയും പേര് ചേർത്താണ് മോഹൻലാലിന്റെ ചാരിറ്റബിൾ ട്രസ്റ്റായ വിശ്വശാന്തി ഫൗണ്ടേഷന് പേര് നൽകിയിട്ടുള്ളത്. ലോകത്ത് എവിടെയാണെങ്കിലും അമ്മയുമായി സംസാരിക്കുമെന്ന് പണ്ടൊരു മാതൃദിനത്തിൽ മോഹൻലാൽ ബ്ലോഗിൽ കുറിച്ചിരുന്നു. ശാന്തകുമാരിയുടെ 89-ാം പിറന്നാൾ എളമക്കരയിലെ വീട്ടിൽ വെച്ച് വലിയ ആഘോഷമായി കൊണ്ടാടിയിരുന്നു.