ഒരു ദിവസം രാത്രി എനിക്കൊരു കോള്‍ വന്നു; പരിചയപ്പെടാന്‍ വിളിച്ചതാണ് എന്ന് മറുപടി; മാഡത്തിനെ കാണാൻ ദേവതയെ പോലെ ഉണ്ടെന്നും; വനിതാ തിയേറ്ററിന് മുന്നിലുണ്ടോ എന്നും ചോദിച്ചു; ആറാട്ടണ്ണനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി മായ വിശ്വനാഥ്; ഇവന് ഇത് തന്നെ പണിയെന്ന് കമന്റുകൾ!
കൊച്ചി: വിവാദങ്ങളിൽ എപ്പോഴും ഇടം പിടിക്കുന്ന വ്യക്തിയാണ് ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കി. സോഷ്യൽ മീഡിയയിൽ അടക്കം വൈറലാണ്. സന്തോഷ് വർക്കി എന്ന ആറാട്ടണ്ണൻ തങ്ങളെ ഫോണിൽ വിളിക്കാറുണ്ടെന്നും ശല്യം ചെയ്യാറുണ്ടെന്നും ചില നടിമാർ തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ, തനിക്കും അത്തരമൊരു മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടി മായ വിശ്വനാഥ്. മായയുടെ യൂട്യൂബ് ചാനലിൽ തന്നെ ശാന്തിവിളി ദിനേശുമായി നടത്തിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
സന്തോഷ് വര്‍ക്കി തന്നെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയിട്ടുണ്ടെന്നാണ് മായ വിശ്വനാഥ് വീഡിയോയിൽ വെളിപ്പെടുത്തി. മാഡത്തെ കണ്ടാല്‍ ദേവതയെ പോലെയുണ്ട്, വനിതാ തിയേറ്ററിന് മുന്നിലുണ്ടോ എന്നൊക്കെയാണ് തന്നെ വിളിച്ച് ചോദിച്ചു എന്നും മായ തുറന്നുപറഞ്ഞു.
മായ യുടെ വാക്കുകൾ...
''ഒരു ദിവസം രാത്രി എനിക്കൊരു കോള്‍ വന്നു. ട്രൂ കോളറില്‍ സന്തോഷ് വര്‍ക്കി എന്ന് കാണുന്നുണ്ട്. ആരുടെ ഫോണായാലും ഞാന്‍ എടുക്കും. കാരണം എനിക്കത് ഹാന്‍ഡില്‍ ചെയ്യാനറിയാം. ആരാണെന്ന് ചോദിച്ചപ്പോള്‍ ആറാട്ടണ്ണനാണെന്ന് പറഞ്ഞു. എനിക്ക് മനസിലായില്ല. എന്നെ എല്ലാവരും വിളിക്കുന്നത് ആറാട്ടണ്ണന്‍ എന്നാണെന്ന് അയാള്‍ പറഞ്ഞു. നിങ്ങള്‍ക്ക് അച്ഛനും അമ്മയും ഇട്ട പേരുണ്ടല്ലോ അത് എന്താണെന്ന് ഞാന്‍ ചോദിച്ചു. അത് സന്തോഷ് വര്‍ക്കിയെന്ന് പറഞ്ഞു. പരിചയപ്പെടാന്‍ വിളിച്ചതാണ്, മേഡം ഇപ്പോള്‍ വനിതാ തിയേറ്ററിന്റെ മുന്നിലുണ്ടോ എന്ന് ചോദിച്ചപ്പോള്‍ തിയേറ്ററിന് മുന്നില്‍ നില്‍ക്കുന്നതല്ല എന്റെ ജോലിയെന്ന് ഞാന്‍ പറഞ്ഞു.
മാഡത്തെ കണ്ടാല്‍ ദേവതയെ പോലെയുണ്ടെന്ന് അയാള്‍. തനിക്ക് ദേവതയെ കണ്ട് പരിചയമുണ്ടോ എന്ന് ഞാന്‍ ചോദിച്ചു. സോഷ്യല്‍ മീഡിയക്കാരായ രണ്ട് മൂന്ന് പേരെ വിളിച്ച് ഞാന്‍ ചോദിച്ചു. അയ്യോ മായ ചേച്ചീ ഫോണ്‍ എടുക്കല്ലേ, തലവേദനയാണെന്ന് അവര്‍ പറഞ്ഞു. അപ്പോഴാണ് മഞ്ജു വാര്യരെയും ഐശ്വര്യ ലക്ഷ്മിയെയും നിത്യ മേനോനെയും കല്യാണം കഴിക്കാന്‍ പിറകെ നടന്ന വ്യക്തി ഇതാണെന്ന് ഞാന്‍ അറിയുന്നത്', മായ വിശ്വനാഥ് വ്യക്തമാക്കി.
അതിനിടെ, സിനിമ നടിമാർക്കെതിരെ സമൂഹമാധ്യമത്തിലൂടെ അശ്ലീല പരാമർശം നടത്തിയെന്ന കേസിൽ യൂട്യൂബർ ‘ആറാട്ടണ്ണൻ’ എന്ന സന്തോഷ് വർക്കിക്ക് ഹൈക്കോടതിയുടെ ജാമ്യം. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഹൈക്കോടതിയുടെ അവധിക്കാല സിംഗിൾ ബെഞ്ച് ജാമ്യമനുവദിച്ചത്. പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. എന്നാൽ സന്തോഷ് വർക്കിയെ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യൽ അനിവാര്യമല്ലെന്നും സമാന കുറ്റകൃത്യം ആവർത്തിക്കരുതെന്നും കോടതി വ്യക്തമാക്കി.
കേസിൽ കഴിഞ്ഞ 11 ദിവസമായി ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ചലച്ചിത്ര നടിമാർക്കെതിരെ ഫേസ് ബുക്കിലൂടെ അശ്ലീല പരാമർശങ്ങൾ നടത്തിയതിനാണ് കേസ് എടുത്തത്. നിരവധി നടിമാർ സന്തോഷ് വര്‍ക്കിക്കെതിരെ പരാതി നൽകിയിരുന്നു. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട് എന്ന സിനിമയുടെ തീയേറ്റർ റെസ്പോൺസ് വീഡിയോ വെെറലായതോടെയാണ് ആറാട്ടണ്ണൻ എന്നപേരിൽ സന്തോഷ് വർക്കി പ്രമുഖനായത്.