'സൗന്ദര്യയോടൊപ്പം ആ വിമാനത്തിൽ ഞാനും ഉണ്ടാകേണ്ടതായിരുന്നു, പിന്നീട് സംഭവിച്ചത് കേട്ട് തകർന്നുപോയി'; വെളിപ്പെടുത്തലുമായി മീന

Update: 2025-09-18 07:55 GMT

ചെന്നൈ: മലയാളികളുടെ മനസ്സിൽ ഇപ്പോഴും മായാതെ നിൽക്കുന്ന മുഖമാണ് നടി സൗന്ദര്യയുടേത്. രണ്ട് സിനിമകളില്‍ മാത്രമാണ് താരം മലയാളത്തില്‍ അഭിനയിച്ചത്. സൗന്ദര്യയുടെ അപ്രതീക്ഷിതമായി മരണം ഏവരെയും ഞെട്ടിച്ചിരുന്നു. 21 വർഷങ്ങൾക്ക് മുൻപ് നടന്ന അപകടത്തിൽ സൗന്ദര്യ മരണപ്പെട്ട വിമാനത്തിൽ താനും ഉണ്ടാകേണ്ടതായിരുന്നു എന്ന വെളിപ്പെടുത്തലുമായി മീന രംഗത്തെത്തിയിരിക്കുകയാണ്. ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് മീന തന്റെ മനസ്സ് തുറന്നത്.

തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരു കാലത്ത് നിറഞ്ഞുനിന്ന താരങ്ങളായിരുന്നു സൗന്ദര്യയും മീനയും. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും മീന പറഞ്ഞു. 'ഞങ്ങൾക്കിടയിൽ ശക്തമായ ആരോഗ്യകരമായ മത്സരം ഉണ്ടായിരുന്നു. സൗന്ദര്യ കഴിവുള്ള നടിയും എൻ്റെ പ്രിയ സുഹൃത്തുമായിരുന്നു. അവളുടെ മരണവാർത്ത എന്നെ വല്ലാതെ ഉലച്ചു. ഇന്നും ആ ഞെട്ടലിൽ നിന്ന് ഞാൻ പൂർണ്ണമായി പുറത്തുവന്നിട്ടില്ല,' മീന പറഞ്ഞു.

2004 ഏപ്രിൽ 17-നാണ് സൗന്ദര്യ അന്തരിച്ചത്. ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം വിമാനത്തിൽ പോകുമ്പോഴാണ് അപകടം സംഭവിച്ചത്. ടേക്ക് ഓഫിന് തൊട്ടുപിന്നാലെ വിമാനം തകർന്നു വീഴുകയായിരുന്നു. അപകടത്തിൽ സൗന്ദര്യയും സഹോദരനടക്കം നാല് പേരും മരണപ്പെട്ടു. 'അപകടം നടന്ന ദിവസം സൗന്ദര്യയോടൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാൻ ഞാനും ക്ഷണിക്കപ്പെട്ടിരുന്നു. എന്നാൽ രാഷ്ട്രീയത്തിലും പ്രചാരണങ്ങളിലും താല്പര്യമില്ലാതിരുന്നതിനാൽ ഷൂട്ടുണ്ടെന്ന് പറഞ്ഞ് ഞാൻ ഒഴിവായി. പിന്നീട് സംഭവിച്ചത് കേട്ട് ഞാൻ തകർന്നുപോയി,' മീന കൂട്ടിച്ചേർത്തു.

ജക്കൂർ എയർഫീൽഡിൽനിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ തന്നെ സൗന്ദര്യ സഞ്ചരിച്ച വിമാനം തകർന്നുവീഴുകയായിരുന്നു. എതിരെയുള്ള കാർഷിക സർവകലാശാലയുടെ ഗാന്ധി കൃഷി വികാസ്കേന്ദ്രം കാമ്പസിലാണ് വിമാനം വീണത്. മലയാളിയായ പൈലറ്റ് ജോയ്‌ഫിലിപ്പ് (28), സൗന്ദര്യയുടെ സഹോദരൻ അമർനാഥ് ഷെട്ടി (34), പ്രാദേശിക ബിജെപി നേതാവ് രമേഷ്‌കാദം (30) എന്നിവരാണ് അന്നത്തെ അപകടത്തിൽ മരിച്ച മറ്റുള്ളവർ.

Tags:    

Similar News